Bro Daddy Movie: ‘ബ്രോ ഡാഡി’ സിനിമ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം; മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് യുവതി
Prithviraj's Bro Daddy Film: സംഭവത്തില്‍ പരാതി പറഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കി. എന്നാല്‍ പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പോലീസില്‍ കേസ് കൊടുത്തതിന് പിന്നാലെ ഹൈദരാബാദ് പോലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ എത്തിയിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി വെളിപ്പെടുത്തി. മന്‍സൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമാണെന്നും സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും യുവതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യുവതിയുടെ പ്രതികരണം.
സംഭവത്തില്‍ പരാതി പറഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കി. എന്നാല്‍ പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പോലീസില്‍ കേസ് കൊടുത്തതിന് പിന്നാലെ ഹൈദരാബാദ് പോലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ എത്തിയിരുന്നു. കൊല്ലം കടയ്ക്കലുള്ള വീട്ടില്‍ പോലീസെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
ഇയാള്‍ ഒളിവില്‍ കഴിഞ്ഞതിനുള്ള തെളിവുകള്‍ ലഭിച്ചു. ഇയാളുടെ ഫോണ്‍ ട്രാക്കിങ് രേഖകളടക്കം തെളിവായുണ്ട്. സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ എന്നിവരെ 2021ല്‍ തന്നെ പരാതി അറിയിച്ചതാണ്. ഇവരാരും ഒരുതരത്തിലും നടപടിയെടുക്കാനോ മറുപടി നല്‍കാനോ തയാറായില്ലെന്നും യുവതി ആരോപിച്ചു.
തന്റെ നാട്ടിലെ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ തനിക്കും കുഞ്ഞിനുമെതിരെ ദുഷ്പ്രചരണം നടത്തി. പോലീസില്‍ പരാതി നല്‍കിയതിന് ഇയാള്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തു. ജീവഭയമുണ്ട്, ഇപ്പോള്‍ ഒളിച്ചാണ് ജീവിക്കുന്നത്. ഹൈദരാബാദിലാണ് നിലവില്‍ കഴിയുന്നതെന്നും യുവതി പറഞ്ഞു. കുഞ്ഞിനെയും തന്നെയും മന്‍സൂര്‍ കൊല്ലുമോയെന്ന് ഭയമുണ്ട്. വിലാസം പോലും ആരോടും വെളിപ്പെടുത്താതെയാണ് ഇപ്പോള്‍
താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.
2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ വെച്ച് ബ്രോ ഡാഡിയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സംഭവം. വിവാഹ സീന്‍ അഭിനയിക്കുന്നതിനായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മലയാളി അസോസിയേഷനോട് ആളെ വേണമെന്ന് പറഞ്ഞത് പ്രകാരമാണ് അഭിനയിക്കാനെത്തിയത്. ഇനിയും സീന്‍ തരാമെന്ന് അസിസ്റ്റന്റ് ഡറക്ടര്‍ മന്‍സൂര്‍ റഷീദ് പറഞ്ഞത് അനുസരിച്ച് സിനിമാ സംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തന്റെ മുറിയിലെത്തിയ മന്‍സൂര്‍ നല്‍കിയ കോള കഴിച്ചതോടെ ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസിലായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
പിറ്റേന്ന് ബന്ധുക്കളെ വിവരമറിയിച്ചതിന് ശേഷമാണ് ഹോട്ടലില്‍ നിന്ന് പോയത്. എന്നാല്‍ അതുകഴിഞ്ഞ ദിവസം ഇയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി പണം ആവശ്യപ്പെട്ടു. ഇതോടെയാണ് ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് പല തവണ ചിത്രം കാണിച്ച് ഇയാള്‍ പണം വാങ്ങിയെന്നും യുവതി പറഞ്ഞു.
പ്രധാനതാരങ്ങള്‍ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിലൂടെ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും അവര്‍ പറയുന്നു.
Also Read: Ashiq abu Resignation: ഫെഫ്ക കമ്മറ്റി പിരിച്ചുവിടണം; അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു
അതേസമയം, മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പഴയകാല നടി സുപര്‍ണാ ആനന്ദ് രംഗത്തുവന്നു. മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലും ഇവര്‍ നടത്തി. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ്.
പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് സിനിമയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍, അത്തരം സമ്മര്‍ദങ്ങള്‍ക്ക് അന്ന് നിന്നുകൊടുത്തിട്ടില്ലെന്നും അതിനാലാണ് അന്ന് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപര്‍ണ ആനന്ദ് തുറന്നുപറഞ്ഞു. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും സുപര്‍ണ കൂട്ടിച്ചേര്‍ത്തു.