Bro Dady Movie: ‘ബ്രോ ഡാഡി’ സെറ്റിൽ വച്ച് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി.
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ (Bro Daddy) സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ കീഴടങ്ങിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പോലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഒളിവാലായിരുന്ന മൻസൂർ കീഴടങ്ങിയത്.
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. അയ്യപ്പനും കോശിയും, ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മൻസൂർ റഷീദ് പ്രവർത്തിച്ചിട്ടുള്ളത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് യുവതിയുടെ ആരോപണം. തുടർന്ന് യുവതി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷവും മൻസൂറിനെ പൃഥ്വിരാജിൻ്റെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പോലീസില്‍ കേസ് കൊടുത്തതിന് പിന്നാലെ ഹൈദരാബാദ് പോലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കൊല്ലം കടയ്ക്കലുള്ള വീട്ടില്‍ എത്തിയിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ചായിരുന്നു മൻസൂർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹ സീന്‍ അഭിനയിക്കുന്നതിനായി ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ മലയാളി അസോസിയേഷനോട് ആളെ ആവശ്യപ്പെട്ടതിൽ പ്രകാരമായിരുന്നു അഭിനയിക്കാൻ എത്തിയതെന്ന് യുവതി പറയുന്നു. ചിത്രത്തിൽ ഇനിയും അഭിനയിക്കാൻ അവസരം തരാമെന്ന് അസിസ്റ്റന്റ് ഡറക്ടര്‍ മന്‍സൂര്‍ റഷീദ് പറഞ്ഞത് അനുസരിച്ച് സിനിമാ സംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. ഇവിടേക്ക് എത്തിയ ഇയാൾ തനിക്ക് കോള നൽകിയെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും യുവതി പറയുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസിലായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഇവിടെ നിന്ന് പോയതിനു പിന്നാലെ പ്രതി തൻ്റെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി പണം ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയതെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് പല തവണ ചിത്രം കാണിച്ച് ഇയാള്‍ പണം വാങ്ങിയെന്നും യുവതി ആരോപിച്ചിരുന്നു.