Bougainvillea Movie: എൻ്റെ 12 വർഷ്തത്തെ സ്വപ്നം: ബോഗയ്ൻവില്ലയെ പറ്റി ലാജോ ജോസ്
Lajo Jose Bougainvillea Movie Writer: 2018-ൽ കോഫീ ഹൗസ് ഇറങ്ങിയപ്പോൾ മുതൽ സിനിമയിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. ചർച്ചകളിൽ ഒതുങ്ങിയതല്ലാതെ പലും നടന്നില്ല. തുടക്ക കാലം നന്നായി കഷ്ടപ്പെട്ടു
കോഫീ ഹൗസിൽ എസ്തർ ഓടിയതിനും ആയിരം ഇരട്ടി ഓടി തീർത്തിട്ടുണ്ട് വർഷങ്ങൾക്ക് മുൻപെ ലാജോ ജോസ്. നോവലാക്കാനായിരുന്നില്ല എഴുതി തുടങ്ങിയതെങ്കിലും നോവലായത് വിധി നിയോഗമാവാം. കോഫീ ഹൗസാണ് ലാജോയുടെ നട്ടെല്ലായി മാറിയ നോവലെങ്കിലും ഹൈഡ്രേഞ്ചിയയാണ് ലാജോയ്ക്ക് ത്രില്ലറിൻ്റെ സ്പേസ് ഒരുക്കുന്നത്. കുറഞ്ഞ കാലയളവിൽ ആറ് നോവലുകൾ പൂർത്തിയാക്കിയ ശേഷം തൻ്റെ സ്വപ്നത്തിൻ്റെ പടി വാതിൽക്കൽ എത്തി നിൽക്കുകയാണ് എഴുത്തുകാരൻ. ബോഗയ്ൻവില്ലയെന്ന അമൽ നീരദ് ചിത്രത്തിലേക്കെത്താൻ അദ്ദേഹം താണ്ടിയ അഗ്നിപരീക്ഷകൾ പലതായിരുന്നു. തൻ്റെ സ്വപ്നത്തിലേക്കുള്ള ചുവട് വെയ്പ്പിനെ പറ്റി സംസാരിക്കുകയാണ് ലാജോ ജോസ് ടീവി 9 മലയാളം ഡയലോഗ് ബോക്സിൽ.
മോഹം എന്നും സിനിമ
എനിക്ക് എന്നും സിനിമാമോഹമുണ്ടായിരുന്നു ,ആദ്യമായി എഴുതുന്നത് 2010-ലാണ്. അതിൽ രണ്ടെണ്ണം പകുതി വച്ച് ഉപേക്ഷിച്ചു, പൂർണ്ണമായും തിരക്കഥയെഴുതുന്നത് 2012-ലാണ്. തിരക്കഥാകൃത്താകാൻ വേണ്ടി, അന്ന് മുതലാണ് കൂടുതൽ പരിശ്രമങ്ങൾ ആരംഭിച്ചത്. തുടക്കം അത്ര എളുപ്പമായിരുന്നില്ല പുതിയൊരാൾ എന്ന നിലയിൽ ഒരു കഥ കേൾക്കാൻ പല സംവിധായകരും നിർമാതാക്കളും നടന്മാരും അപ്പോളൊക്കെ അങ്ങനെ സമ്മതിക്കുമായിരുന്നില്ല. അങ്ങനെ എൻ്റെ കഥകൾ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയാതെ മനസ്സിലെ കഥകൾ എല്ലാം നോവലാക്കി. അങ്ങനെയാണ് ഞാൻ തുടങ്ങുന്നത്.
കോഫീ ഹൗസ് സിനിമയായില്ല
2018-ൽ കോഫീ ഹൗസ് ഇറങ്ങിയപ്പോൾ മുതൽ സിനിമയിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. ബോഗെൻവില്ലക്ക് മുൻപ് ഓർഡിനറിയും അനാർക്കലിയും നിർമ്മിച്ച രാജീവ് ഗോവിന്ദൻ കോഫീ ഹൗസ് ഹിന്ദിയിൽ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും പിന്നീടത് നടക്കാതെ പോയി. ബോഗെൻവില്ലയുടെ തുടക്കം 2020-ൽ അമൽ എന്നെ വിളിച്ചതോട് കൂടിയാണ്.
ആ സംവിധായകൻ്റെ കളിയാക്കൽ കേട്ട്
ഞാൻ എന്നും ഒരു അമൽ നീരദ് ഫാനാണ്. 2012-ൽ ആദ്യമെഴുതിയ തിരക്കഥ പറയാൻ ആഗ്രഹം അമൽ സാറിൻ്റെ അടുത്തായിരുന്നു. എന്നാൽ അന്ന് അതിന് സാധിച്ചില്ല. കഥ പറയാൻ സാധിച്ചത് കോമഡി ചിത്രങ്ങൾ ചെയ്യുന്ന ഒരു സംവിധായകൻ്റെ അടുത്തായിരുന്നു. അദ്ദേഹം കഥ കേട്ട് എന്നെ കളിയാക്കി, ഇതെന്താ ആക്ഷൻ പടമാണോ എന്നൊക്ക ചോദിച്ചു. ഒടുവിൽ ആദ്യമായി ഞാൻ കഥ എഴുതിയത് ആർക്ക് വേണ്ടിയാണോ അദ്ദേഹത്തിൻ്റെ അടുത്ത് തന്നെ എത്തിപ്പെട്ടു, പലരും അതിനെ ഭാഗ്യമെന്നൊക്കെ പറയുമെങ്കിലും എനിക്കിതൊരു വിസ്മയമാണ്.
ഒൻപത് വർഷം കൊണ്ട് അനുഭവിച്ചത്
2012-ൽ ഒരു തിരക്കഥ എഴുതി, പിന്നെ 2015 വരെ മൂന്ന് തിരക്കഥകളെഴുതി അക്കാലത്ത് പല സംവിധായകരുടെയും അപ്പോയ്മെൻ്റിനായി ശ്രമിക്കുന്ന സമയമാണ്. ജോലിയുള്ളപ്പോൾ പലപ്പോഴും സമയം ഒരു വില്ലനാകും എല്ലായ്പ്പോഴും ലീവ് കിട്ടില്ല. 2015-ൽ മാക്സ് ലൈഫ് ഇൻഷുറൻസിൻ്റെ കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പരിശീലന ചുമതലയായിരുന്നു. ഇടയ്ക്ക് യാത്രയും അത്യാവശ്യമായി വന്നു. അങ്ങനെ ഒടുവിൽ ജോലി രാജിവെച്ചു. ഒരു വർഷത്തിൽ സിനിമയിൽ കയറി മലമറിക്കാം എന്നൊക്കെയായിരുന്നു പ്രതീക്ഷ, അവിടെ നിന്നും ഒൻപത് വർഷം വേണ്ടി വന്നു ഒരു സിനിമ ചെയ്യാൻ. അതിനിടയിൽ അനുഭവിക്കാവുന്നതെല്ലാം അനുഭവിച്ചു.
ബോഗയ്ൻവില്ലയെ പറ്റി
2020-ൽ അമൽ സാർ തന്നെയാണ് എന്നെ വിളിക്കുന്നതെന്ന് പറഞ്ഞല്ലോ. ബോഗയ്ൻവില്ല ഒരു അമൽ നീരദ് ചിത്രമാണ്. ഒരു സിനിമാ മോഹി അമൽ നീരദ് ചിത്രത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് അതെല്ലാം ഇതിൽ ഉണ്ടാവും. ഇപ്പോഴുള്ള വിവാദങ്ങളിലൊന്നും കാര്യമില്ല, അതൊക്കെ സ്വാർഥ താത്പര്യങ്ങൾ മാത്രമാണ്. ചിത്രത്തിനെ പറ്റി കൂടുതൽ പറയുന്നത് സ്പോയിലറാവും.
മറ്റൊരു ജോലിയുമില്ല
ഞാൻ എഴുത്തല്ലാതെ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല, ഭാര്യയുടെ സപ്പോർട്ട് മാത്രമാണുള്ളത്. സ്വപ്നങ്ങളുടെ പുറകെ പോകുന്നവർക്ക് ഒരു സാമ്പത്തിക സഹായം ചെയ്യാൻ ആരെങ്കിലും ഉണ്ടായിരിക്കണം. അത് ഭാര്യയാകാം അമ്മയാകാം കാമുകിയാകാം അങ്ങനെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ് ഒരാൾക്ക് സ്വപ്നങ്ങളിലേക്ക് എത്താനാകു. അതല്ലെങ്കിൽ സ്വപ്നങ്ങൾ തൃജിച്ച് ലക്ഷക്കണക്കിനാളുകളെ പോലെ ജീവിക്കേണ്ടി വരും. ഞാനും അതുപോലെ ഒരാളായിരുന്നു, അവിടെ നിന്ന് എൻ്റെ സ്വപ്നങ്ങൾ നേടാൻ എന്നെ സഹായിച്ചത് എൻ്റെ ഭാര്യയാണ്.
എഴുത്തും- സിനിമയും
ആയാസകരമായ ജോലി സിനിമക്കായി എഴുതുന്നതാണ്. നോവലിൽ നമ്മുക്ക് എങ്ങനെയും എഴുതാം. നിമിഷ നേരം കൊണ്ട് വിദേശത്തേക്ക് പോകാം, കഥാപാത്രങ്ങളെ സൃഷ്ടിക്കാം, നോവലിൽ കഥ പറയാൻ കഥാപാത്രങ്ങളുടെ മനസ്സ് നന്നായി ചിത്രീകരിക്കാം. എഴുത്തുകാരൻ്റെ മനസ്സും നമ്മുക്ക് നോവലിൽ കൊണ്ടു വരാം. എന്നാൽ സിനിമയിൽ എന്നാൽ അതിനൊക്കെ പരിമിതിയുണ്ട്.
വരുമാനം- റോയൽറ്റി
വരുമാനം റോയൽറ്റി മാത്രമാണ് . റോയൽറ്റി കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കില്ല. എന്നാൽ റോയൽറ്റി കുറവാണ് എന്നൊന്നും പറയുന്നില്ല. അതല്ലെങ്കിൽ നമ്മൾ എഴുതുന്ന പുസ്തകങ്ങൾ എല്ലാം ബെസ്റ്റ് സെല്ലേഴ്സ് ആയിരിക്കണം. വർഷത്തിൽ നിരവധി പുസ്തകങ്ങൾ എഴുതുന്ന ആളായിരിക്കണം. പിന്നെ ഞാൻ ത്രില്ലർ തിരഞ്ഞെടുത്തത് അത് എല്ലാവർക്കും മനസ്സിലാവുന്ന ഒന്നായത് കൊണ്ടാണ്. വ്യക്തിപരമായി ഞാനുമൊരു ത്രില്ലർ പ്രേമിയാണ്.
പ്രതീക്ഷയോടെ രണ്ട് വലിയ പ്രൊജക്ടുകൾ
ഇപ്പോൾ മറ്റ് നോവലുകളൊന്നും സിനിമയാക്കാൻ പ്ലാനില്ല, എന്നാൽ വലിയ രണ്ട് പ്രൊജക്ടുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്. രണ്ട് ഭാഷയിലടക്കം ചർച്ചകളിലുണ്ട്. എന്നാൽ താരങ്ങളുടെ ഡേറ്റ് കിട്ടാനുള്ള പ്രയാസമാണ് അതിലെ പ്രശ്നം. വിശദാംശങ്ങൾ പറയാറായിട്ടില്ല.