Bougainvillea : ‘സാരിയുടുത്താൽ പ്രായം തോന്നുമെന്ന് അങ്ങോട്ട് പറഞ്ഞ് വാങ്ങിയെടുത്ത റോളാണ്; നാടകം കരിയറിൽ സഹായിച്ചു’; നവീന വിഎം സംസാരിക്കുന്നു
Bougainvillea Actress Naveena VM Interview : അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ല സിനിമ റിലീസായപ്പോൾ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമായിരുന്നു വറീതിൻ്റെ ഭാര്യ. വളരെ കുറച്ച് സ്ക്രീൻ ടൈമാണ് ഉണ്ടായിരുന്നതെങ്കിലും അതുകൊണ്ട് സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിയ്ക്കാൻ ഈ അഭിനേത്രിക്കായി. കോഴിക്കോട് സ്വദേശിനിയായ നവീന വിഎം ആണ് ഈ വേഷത്തിൽ അഭിനയിച്ചത്.
ഒരു സിനിമയിൽ വളരെ കുറച്ച് സീനുകളിൽ അഭിനയിച്ച്, സിനിമയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിക്കുകയെന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. അങ്ങനെയൊരു ഭാഗ്യം വെറും അഞ്ച് സിനിമകളുടെ ഭാഗമായ കോഴിക്കോട് സ്വദേശിനി നവീന വിഎമ്മിന് ലഭിച്ചു. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകമായ സോവിയറ്റ് സ്റ്റേഷൻ കടവിൻ്റെ ഭാഗമായ നവീന ജീവിതത്തിൽ ഏറെ കാത്തിരുന്ന് കിട്ടിയ അവസരത്തിൻ്റെ സന്തോഷത്തിലാണ്. തൻ്റെ സിനിമാനുഭവങ്ങളെപ്പറ്റി ടിവി9 മലയാളം ഡയലോഗ് ബോക്സിൽ നവീന വിഎം സംസാരിക്കുന്നു.
ബോഗെയ്ൻവില്ലയ്ക്ക് ശേഷമുള്ള ജീവിതം
ഒരുപാട് അപ്രിസിയേഷൻസ് വരുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ സർക്കിൾ കഴിഞ്ഞുള്ള ആളുകൾ പോലും നമ്മുടെ പ്രൊഫൈൽ കണ്ട് വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. നമുക്ക് അപരിചിതരായ ആളുകൾ നമുക്ക് മെസേജ് അയക്കുന്നു. ആളുകൾ തിരിച്ചറിയുന്നു എന്നതാണ് ഇതിലെ കാര്യം. പക്ഷേ, ഇനിയും നല്ല അവസരങ്ങൾ ലഭിക്കണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഈ സിനിമയിൽ വളരെ കുറവാണ് സ്ക്രീൻ ടൈം. പക്ഷേ, കഥാപാത്രത്തിന് അതിൻ്റേതായ പ്രാധാന്യമുണ്ട്. അമൽ നീരദിൻ്റെ സിനിമ ആയതുകൊണ്ട് ആളുകൾ എല്ലാ ഫ്രെയിമുകളും ശ്രദ്ധിക്കും. എങ്കിലും ഇങ്ങനെ ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. തീയറ്ററിന് പുറത്തിറങ്ങിയപ്പോൾ എന്നോട് ഓൺലൈൻ മീഡിയകൾ ഈ കഥാപാത്രം ചെയ്തപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ സന്തോഷം തോന്നി. ഇവർ അത് ശ്രദ്ധിച്ചല്ലോ എന്ന്. നമ്മൾ ചെയ്തത് അവർക്ക് ഇഷ്ടമായല്ലോ എന്ന് തോന്നി.
സാരി ഉടുത്താൽ പ്രായം തോന്നും
ഈ കഥാപാത്രത്തിനായി അവർ ആളുകളെ തിരയുകയായിരുന്നു. ആ സമയത്ത് തിരുവനന്തപുരത്തുള്ള എൻ്റെ ഒരു സുഹൃത്താണ് സാം ജോർജ്. അദ്ദേഹത്തോട് സിനിമയുടെ അസോസിയേറ്റ് അജിത്തേട്ടൻ കുറച്ച് പ്രൊഫൈലുകൾ ചോദിച്ചു. അങ്ങനെ സാം ജോർജ് കുറച്ച് പ്രൊഫൈലുകൾ അയച്ചുകൊടുത്തു. അതിൽ ഞാനുണ്ടായിരുന്നു. എൻ്റെ ഫോട്ടോ കണ്ടപ്പോൾ അമൽ സാറിന് വർക്കായി. അങ്ങനെ ഞാൻ അദ്ദേഹത്തെ ഓഫീസിൽ പോയി കണ്ടു. കാര്യങ്ങൾ സംസാരിച്ചു. അപ്പോഴും അവർക്ക് ഒരു സംശയമുണ്ടായിരുന്നു. സ്ക്രീനിൽ എനിക്ക് ഏജ് തോന്നുമോ എന്ന്. എനിക്ക് ആ റോൾ കയ്യിൽ നിന്ന് പോകരുതെന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ പറഞ്ഞു, ‘സാരിയുടുത്താൽ പ്രായം തോന്നാറുണ്ട്’ എന്ന്. അങ്ങനെ ഇത് ഓക്കെയായി.
ഇന്ത്യയിൽ കട്ട് ചെയ്ത ഭാഗങ്ങൾ
കഥാപാത്രത്തിൻ്റെ കുറച്ച് ഭാഗങ്ങൾ ഇന്ത്യയിൽ കട്ട് ചെയ്തിരുന്നു. വിദേശത്തൊക്കെ ആ രംഗങ്ങളുണ്ട്. അത് എന്താണെന്ന് പറയുന്നില്ല. അത് കൂടി ഉണ്ടായിരുന്നെങ്കിൽ കഥാപാത്രം കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടേനെ.
മാധ്യമവിദ്യാർത്ഥിനി
സ്കൂൾ കാലം മുതലേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. ഇപ്പോഴും നാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. പ്രിൻ്റ് മീഡിയയെക്കാൾ വിഷ്വൽ മീഡിയ ആയിരുന്നു താത്പര്യം. വാർത്ത വായിക്കാനൊക്കെ ഇഷ്ടമായിരുന്നു. പിജി ഡിപ്ലോമ ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ കോഴ്സിനെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല. അഭിനയമാണ് പഠിപ്പിക്കുന്നത് എന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. അങ്ങനെ പോയി എൻട്രൻസ് എഴുതിയതാണ്. എൻട്രൻസിൽ കിട്ടി പഠിച്ചുതുടങ്ങി സീരിയസായതാണ്.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയെന്ന നൊസ്റ്റാൾജിക് ബിംബം
എൻ്റെ കാര്യത്തിൽ ഞാൻ നാട്ടിൽ തന്നെ പഠിച്ചൊരാളായിരുന്നു. 2017 വരെ നാട്ടിൽ പഠിച്ചു. പുറത്ത് പോയി പഠിക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. അങ്ങനെ പോണ്ടിയിൽ പോയപ്പോൾ സെൽഫ് എക്സ്പ്ലോറേഷനൊക്കെ നടന്നു. നമ്മുടെ കുറേ ചിന്തകൾ, പൊളിറ്റിക്സ് ഇതൊക്കെ ഷേപ്പ് ചെയ്തതിൽ ആ യൂണിവേഴ്സിറ്റി കാരണമായിട്ടുണ്ട്. ലോകത്തെ പലഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പഠിക്കുന്നതാണ്. നമ്മുടെ ചിന്തകൾ വിശാലമാവും. അങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയ യൂണിവേഴ്സിറ്റിയായതുകൊണ്ടാവാം.
സോവിയറ്റ് സ്റ്റേഷൻ കടവ് അഭിനയ ജീവിതത്തിൽ വഹിച്ച പങ്ക്
നാടകത്തിലൂടെ സിനിമയിലേക്ക് വന്നവരെപ്പറ്റി മുൻപ് ചില മുൻധാരണകളുണ്ടായിരുന്നു. അമിതാഭിനയം, നാടകീയത അങ്ങനെ ഒരു ധാരണയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ, നാടകവുമായി ബന്ധമുണ്ടെന്ന് കേൾക്കുമ്പോൾ നമ്മളെ നന്നായി പരിഗണിക്കും. കാസ്റ്റിങ് കോളുകളൊക്കെ ആ തരത്തിൽ വരുന്നുണ്ട്. ഓഡിഷനുകൾക്കൊക്കെ പോകുമ്പോൾ സോവിയറ്റ് സ്റ്റേഷൻ കടവിനെപ്പറ്റി പറഞ്ഞാൽ, അതേപ്പറ്റി അഭിനന്ദനങ്ങൾ കേൾക്കാറുണ്ട്. അതിലൊക്കെ വലിയ സന്തോഷം. തിരുവനന്തപുരത്തെ കനൽ സാംസ്കാരിക വേദിയ്ക്കൊപ്പമാണ് ഇപ്പോൾ നാടകങ്ങൾ ചെയ്യുന്നത്. കെആർ മീരയുടെ ഭഗവാൻ്റെ മരണം ആസ്പദമാക്കിയുള്ള നാടകം ചെയ്യുന്നുണ്ട്. കൊച്ചിയിൽ ജോക്കർ റീൽസ് എന്നൊരു സംഘത്തിനൊപ്പവും നാടകങ്ങൾ ചെയ്യുന്നുണ്ട്.
Also Read : Mammootty As Oommen Chandy: മമ്മൂട്ടി ശരിക്കും ഉമ്മൻ ചാണ്ടിയാകുമോ? ഫോട്ടോയ്ക്കു പിന്നിലെ സത്യം പുറത്ത്
കരിയറിലെ യാത്ര ബുദ്ധിമുട്ടാണ്, പക്ഷേ ആസ്വദിക്കുന്നു
നാടൊക്കെ വിട്ട് സിനിമയ്ക്കായി ശ്രമിക്കുകയാണ്. ഇതൊരു മൂന്ന് സ്റ്റേജായാണ് ഞാൻ മനസിലാക്കുന്നത്. തുടക്കത്തിൽ എന്തെങ്കിലുമൊക്കെ വർക്കിൻ്റെ ഭാഗമാവുക. പിന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെ ഭാഗമാവുക. അത് കഴിഞ്ഞാൽ മുന്നോട്ടുപോകണമെങ്കിൽ സിനിമകൾ കിട്ടിക്കൊണ്ടിരിക്കണം. അപ്പോ സ്ട്രഗ്ലിങ് അവസാനിക്കുന്നില്ല. അതിൻ്റെ രീതി മാറുന്നു എന്നേയുള്ളൂ. എന്നെ സംബന്ധിച്ച് പൂർണമായും സിനിമയാണ് ജീവിതം. പലപ്പോഴും മടുപ്പൊക്കെ തോന്നും. പക്ഷേ, മുന്നോട്ട് കൊണ്ടുപോകുന്നത് ഇതിനോടുള്ള ഇഷ്ടമാണ്. ഇതേ പറ്റൂ എന്ന തിരിച്ചറിവാണ്.
സിനിമയിലെ ചൂഷണം
സിനിമയിൽ ലൈംഗികപരമായ ചൂഷണങ്ങളുണ്ടായിട്ടില്ല. എന്നാൽ, മറ്റ് തരത്തിലുള്ള മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രാഥമികമായ കാര്യങ്ങൾ പോലും ലഭിക്കാതിരിക്കുക, പറഞ്ഞ തുക ലഭിക്കാതിരിക്കുക എന്നതൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്ക് ലൈംഗികമായ ചൂഷണങ്ങളുടെ അനുഭവമില്ല എന്ന് പറയുന്നതിനർത്ഥം അങ്ങനെയൊന്നില്ല എന്നല്ല. അവർക്ക് അനുഭവമുണ്ടായിട്ടുണ്ടാവാം. എനിക്ക് ഉണ്ടായിട്ടില്ല എന്നേയുള്ളൂ. ബോഗേയ്ൻ വില്ല വളരെ നല്ല ഒരു സെറ്റായിരുന്നു. എല്ലാവരെയും നന്നായി പരിഗണിക്കുന്ന സെറ്റായിരുന്നു.
അടുത്ത പ്രൊജക്ടുകൾ
ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത് ഒരു വെബ് സീരീസിലാണ്. അല്ലാതെ സിനിമകൾ വന്നിട്ടില്ല. ആരെങ്കിലുമൊക്കെ വിളിക്കുമെന്ന് കരുതുന്നു.
കുടുംബം
അച്ഛൻ മാഷായിരുന്നു, അമ്മ നേഴ്സായിരുന്നു. ചേച്ചി ഡോക്ടറാണ്. നാല് പേരാണ്. കോഴിക്കോടാണ് സ്വദേശം.