Stree 2: ബോളിവുഡ് ചിത്രം ‘സ്ത്രീ 2’ 1000 കോടി ക്ലബ്ബിലേക്ക്; കൽക്കിയെ മറികടക്കുമോ?
Stree 2 Breaks Box Office Records: ബോളിവുഡ് ചിത്രം 'സ്ത്രീ 2' ബോക്സ്ഓഫീസിൽ കുതിക്കുന്നു. ലക്ഷ്യം ആഗോളതലത്തിൽ 1000 കോടി കളക്ഷൻ.
അമർ കൗശിക്കിന്റെ സംവിധാനത്തിൽ ശ്രദ്ധ കപൂർ, രാജ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘സ്ത്രീ 2’ ബോക്സ്ഓഫീസിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോഴും ചിത്രം കളക്ഷൻ വാരിക്കൂട്ടുകയാണ്. ഇതോടകം തന്നെ ബോക്സ്ഓഫീസിലെ നിരവധി റെക്കോർഡുകൾ സിനിമ തകർത്ത് കഴിഞ്ഞു.
‘സ്ത്രീ 2’ ഇന്ത്യയിൽ നിന്ന് മാത്രം അഞ്ഞൂറ് കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി. ആഗോളതലത്തിൽ 787.8 കോടി രൂപ നേടിയെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 1000 കോടി കളക്ഷനാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതെ സമയം, ഈ വർഷം മെയിൽ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം കൽക്കി ആഗോളതലത്തിൽ 1000 കോടി രൂപയിലേറെ സ്വന്തമാക്കിയിരുന്നു. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കൽക്കി. 25 ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന് 1000 കോടി മറികടക്കാൻ സാധിച്ചു.
അതേസമയം, ‘സ്ത്രീ 2’-വിന് ബോളിവുഡിൽ ശക്തമായ എതിരാളികൾ ഇല്ലെന്നതാണ് ചിത്രത്തിന്റെ കുതിപ്പിനുള്ള മറ്റൊരു കാരണം. എന്നാൽ, കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് പിടിച്ച് നിൽക്കാൻ സാധിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ വിജയുടെ ‘ഗോട്ടും’ മലയാളത്തിൽ ഓണം റിലീസുകളായ ‘അജയന്റെ രണ്ടാം മോഷണം’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളും വിജയകരമായി മുന്നേറുകയാണ്.
2018-ൽ പുറത്തിറങ്ങിയ ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് അമർ കൗശിക് സംവിധാനം ചെയ്ത ‘സ്ത്രീ 2’. മഡോക്ക് ഫിലിംസിന്റെ സൂപ്പര്‍നാച്ചുറല്‍ യുണിവേഴ്സിലെ നാലാമത്തെ ചിത്രമാണിത്. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ചിത്രത്തിൽ രാജ്കുമാർ റാവുവിനെയും ശ്രദ്ധ കപൂറിനേയും കൂടാതെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി തുടങ്ങിയവരും അണിനിരക്കുന്നു. തമന്ന, അക്ഷയ് കുമാർ, വരുൺ ധവാൻ എന്നിവരുടെ കാമിയോ വേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടി.