Rishab Shetty: ‘ബോളിവുഡ് സിനിമകൾ ഇന്ത്യയെ മോശം രീതിയിൽ പ്രദർശിപ്പിക്കുന്നു’; റിഷഭ് ഷെട്ടി
Rishab Shetty On Bollywood Films: ബോളിവുഡ് സിനിമകളിൽ ഇന്ത്യയെ പ്രദർശിപ്പിക്കുന്ന രീതിയിൽ അതൃപ്തി അറിയിച്ച് നടൻ റിഷഭ് ഷെട്ടി. തുടർന്ന് താരത്തിനെതിരെ വിമർശനങ്ങളുടെ പെരുമഴയാണ് സമൂഹ മാധ്യമങ്ങളിൽ.
ദേശീയ അവാർഡ് ജേതാവായ റിഷഭ് ഷെട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വിഷയം ശ്രദ്ധ നേടുകയാണ്. ബോളിവുഡ് സിനിമകളിൽ ഇന്ത്യയെ പ്രദർശിപ്പിക്കുന്ന രീതിയിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് താരം. പ്രമോദ് ഷെട്ടിയെ നായകനാക്കി റിഷഭ് ഷെട്ടി നിർമ്മിക്കുന്ന ‘ലാഫിംഗ് ബുദ്ധ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ. ഇതിന്റെ ഭാഗമായി ‘മെട്രോ സാഗ’ എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പരാമർശം.
“ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ് സിനിമകൾ ആർട്ട് എന്ന പേരിൽ ഇന്ത്യയെ മോശം രീതിയിൽ ചിത്രീകരിക്കുന്നു. ഇവ ആഗോള ചലച്ചിത്ര മേളകളിലും മറ്റും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, എന്റെ അഭിമാനമായ, എന്റെ രാജ്യത്തെയും സംസ്ഥാനത്തെയും ഭാഷയെയും മികച്ച രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.” റിഷഭ് ഷെട്ടി പറഞ്ഞു.
RISHAB SHETTY: Indian films, especially Bollywood shows India in a Bad light, touted as art films, getting invited to global event, red carpets.
My nation, My state, My language-MY PRIDE, why not take it on a +ve note globally & that’s what I try to do.
— Christopher Kanagaraj (@Chrissuccess) August 20, 2024
ALSO READ: മമ്മൂട്ടി ഇതിഹാസം, തനിക്ക് ആ മഹാനടനൊപ്പം നിൽക്കാനുള്ള ശക്തിയില്ല: ഋഷഭ് ഷെട്ടി
ഈ പരാമർശത്തിന് പിന്നാലെ താരത്തിന് നിരവധി വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. താരം പറഞ്ഞ വിഷയത്തിലെ വിരോധാഭാസം പലരും ചൂണ്ടിക്കാട്ടി. ‘കാന്താര’ എന്ന താരത്തിന്റെ ചിത്രത്തിൽ തന്നെ കാട് കൈയ്യേറുന്നതും, ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നങ്ങൾ പോലെയുള്ള ഗൗരവമായ വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. ഇവ ഇന്ത്യയുടെ സാമൂഹിക യാഥാർഥ്യങ്ങളെ വെളിച്ചത്തിൽ കൊണ്ടുവന്നില്ലേയെന്ന് പലരും ചോദ്യങ്ങൾ ഉന്നയിച്ചു.
ഇതിനു പിന്നാലെ വിമർശനങ്ങളുമായി ബോളിവുഡ് ആരാധകരും രംഗത്ത് വന്നു. ‘കാന്താര’ എന്ന ചിത്രത്തിൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രം, അദ്ദേഹത്തിന്റെ പ്രണയിനി ലീലയെ അനുചിതമായ രീതിയിൽ സ്പർശിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ആരാധകർ താരത്തെ വിമർശിച്ചത്. സിനിമകളിലൂടെ ഇന്ത്യയെ ഈ രീതിയിൽ അവതരിപ്പിക്കാൻ ആണോ ഷെട്ടി ആഗ്രഹിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.
റിഷഭ് ഷെട്ടി അടുത്തിടെ ദേശീയ അവാർഡ് നേടിയിരുന്നു. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ‘കാന്താര’യിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു.