Saif Ali Khan: ബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റു
പ്രാഥമിക അന്വേഷണത്തിന് ശേഷം കേസിൻ്റെ വിശദാംശങ്ങൾ പോലീസ് ഉടൻ നൽകിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാന്ദ്രാ പോലീസിനാണ് അന്വേഷണ ചുമതല
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാൻ കുത്തേറ്റ് ആശുപത്രിയിൽ. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രാ വെസ്റ്റിലുള്ള താരത്തിൻ്റെ വീട്ടിൽ കടന്ന മോഷ്ടാവാണ് കുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാൻ്റെ ഭാര്യയും നടിയുമായ കരീന കപൂറും മക്കളും സുരക്ഷിതരാണെന്നാണ് വിവരം. ഇവർ താരത്തിനൊപ്പം ആശുപത്രിയിലുണ്ട്. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രാഥമിക അന്വേഷണത്തിന് ശേഷം കേസിൻ്റെ വിശദാംശങ്ങൾ പോലീസ് ഉടൻ നൽകിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീടിന് ചുറ്റും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. താരവും കുടുംബവും ഉറക്കത്തിലായിരുന്നു, ഇതിനിടയിൽ ശബ്ദം കേട്ട് ഉണരുകയും കള്ളൻമാർ ആക്രമിക്കുകയുമായിരുന്നെന്ന് വിവരമുണ്ട്. മുംബൈ പോലീസും ക്രൈംബ്രാഞ്ചുമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ആരോഗ്യ സ്ഥിതി
താരത്തിന് ശരീരത്തിൽ ആറിടത്താണ് മുറിവുകളുള്ളതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ രണ്ട് മുറിവുകൾ സാരമുള്ളതാണ്. താരത്തിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം.