Allu Arjun: ‘അല്ലു അർജുനെ മനപൂർവം നശിപ്പിക്കാൻ ശ്രമം’; നടനെ പിന്തുണച്ച് അനുരാഗ് താക്കൂർ എംപി
BJP MP Anurag Thakur Supports Allu Arjun: കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടന് പിന്തുണയുമായി എംപി രംഗത്തെത്തിയിരിക്കുന്നത്.
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പിന്തുണച്ച് ബിജെപി എംപി അനുരാഗ് താക്കൂര്‍. സംഭവത്തിൽ തെലങ്കാന പൊലീസ് അല്ലു അർജുനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടന് പിന്തുണയുമായി എംപി രംഗത്തെത്തിയിരിക്കുന്നത്.
ഈ സംഭവത്തിൽ ഇതിനോടകം തന്നെ കോണ്‍ഗ്രസ് സര്‍ക്കാറും ബിജെപി സർക്കാരും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് തെലുങ്ക് സിനിമ പ്രവർത്തകരുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഇതോട് അനുബന്ധിച്ചാണ് ഇപ്പോൾ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ലോക സിനിമാ ഭൂപടത്തിലേക്ക് ഇന്ത്യന്‍ സിനിമയെ കൊണ്ടെത്തിച്ചവരാണ് തെലുങ്ക് സിനിമയും നടന്‍മാരുമെന്നും, അത്രയും ഉന്നതിയില്‍ നില്‍ക്കുന്ന വ്യവസായത്തെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും അനുരാഗ് താക്കൂർ എംപി വ്യക്തമാക്കി.
“കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ എടുത്തു നോക്കിയാൽ തന്നെ അറിയാം, അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍. പുഷ്പ സിനിമയിലൂടെ അല്ലു അർജുൻ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. അതുപോലെ ലോക സിനിമയും രാജ്യവും അംഗീകരിച്ച നടനാണ് ചിരഞ്ജീവി. ‘ആര്‍ആര്‍ആര്‍’, ‘പുഷ്പ’, ‘ബാഹുബലി’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളെല്ലാം ഇന്ത്യന്‍ സിനിമയുടെ പേരിന് തിളക്കം കൂട്ടിയവയാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കണം. സിനിമകൊണ്ട് രാഷ്ട്രീയം കളിക്കരുത്” അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതേസമയം, പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ എട്ട് വയസുകാരൻ ശ്രീ തേജയുടെ കുടുംബത്തിന് നടൻ അല്ലു അർജുൻ്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കുട്ടി ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രയിലെ ഡോക്ടര്‍മാരുമായി അല്ലു അരവിന്ദ് കൂടിക്കാഴ്ച നടത്തി. കുട്ടി സുഖം പ്രാപിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു. നേരത്തെ, ശ്രീ തേജയുടെ കുടുംബത്തിന് നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു. കൂടാതെ, അല്ലു അർജുനും സംഭവത്തിൽ കുടുംബത്തിന് 25 ലക്ഷം രൂപ കൈമാറിയിരുന്നു.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2-വിന്റെ പ്രീമിയർ ഷോയ്ക്ക് അപ്രതീക്ഷിതമായി നടൻ അല്ലു അർജുൻ എത്തിയതിനെ തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ ശ്രീ തേജ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.