Empuraan Controversy: ‘എമ്പുരാൻ കേന്ദ്രസർക്കാരെ അപകീർത്തിപ്പെടുത്തുന്ന സിനിമ; മോഹൻലാലിന്റെ ലെഫ്. കേണൽ പദവി ഒഴിവാക്കണം’; ബിജെപി
കേന്ദ്രസർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ മോഹൻലാൽ അറിയാതെ ചെയ്തുവെന്ന് കരുതുന്നില്ലെന്നും രഘുനാഥ് പറഞ്ഞു.

തിരുവനന്തപുരം: എമ്പുരാൻ ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന സിനിമയെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ്. മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെ വാങ്ങണമെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിൻറെ ലെഫ് കേണൽ പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് രഘുനാഥ് കൂടി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ മോഹൻലാൽ അറിയാതെ ചെയ്തുവെന്ന് കരുതുന്നില്ലെന്നും രഘുനാഥ് പറഞ്ഞു. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന പരോശോധിക്കണമെന്ന് ആവശ്യപ്പെട്ട രഘുനാഥ് സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും വിമർശിച്ചു. അതേസമയം, മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടെ സെൻസർ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയത് രണ്ട് കട്ടുകളാണെന്ന് പുറത്തുവന്ന രേഖകളിൽ നിന്ന് വ്യക്തമാണ്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറയ്ക്കാനും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശം ഒഴിവാക്കാനുമായിരുന്നു നിർദേശം നൽകിയത്.
ALSO READ: എമ്പുരാന്‍ വിവാദം; സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചപ്പറ്റി: രാജീവ് ചന്ദ്രശേഖര്‍
ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്നുയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ കഴിയില്ലെന്ന് മറുവാദവും ഉയർന്നു. സിനിമയുടെ സെൻസറിങ് സംബന്ധിച്ച് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശിച്ചതാണ് വലിയ രീതിയിൽ വിര്‍ശനങ്ങള്‍ ഉയരാൻ കാരണമായത്. ഇതോടെ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും നടൻ മോഹന്‍ലാലിനുമെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്ക് നേരെയും ആക്രമണം ശക്തമാണ്. തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ ഉള്‍പ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൂടാതെ, എമ്പുരാന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പല സംഘ്പരിവാര്‍ അനുകൂലികലും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.