Hema Committee Report ; ‘നീയെൻ്റെ വാതിലൊന്നും വന്ന് മുട്ടല്ലേ’; ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് കൃഷ്ണകുമാർ; താരത്തെ തള്ളി വി മുരളീധരൻ
Krishna Kumar Mocks Hema Committee Report : ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ പരാമർശം വിവാദത്തിൽ. കൃഷ്ണകുമാറിൻ്റെ പരിഹാസ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലാണ് ഹേമ കമ്മറ്റി റിപ്പോർട്ടിനെ (Hema Committee Report) കൃഷ്ണകുമാർ പരിഹസിക്കുന്നത്. “നീ ഓരോന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. നീയെൻ്റെ വാതിലൊന്നും വന്ന് മുട്ട, ഞാനവിടെ ഇരിക്കുമ്പോള്‍” എന്നാണ് കൃഷ്ണകുമാറിൻ്റെ പരിഹാസം. ഈ പരാമർശത്തിൽ സിന്ധു കൃഷ്ണ ചിരിക്കുന്നത് വിഡിയോയിൽ കേൾക്കാം.
മകൾ ദിയ കൃഷ്ണയ്ക്കൊപ്പം കൃഷ്ണകുമാർ ഇരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ക്യാമറ പിടിച്ചിരിക്കുന്നത് സിന്ധു ആണെന്നതാണ് വിഡിയോ കാണുമ്പോൾ ലഭിക്കുന്ന സൂചന. വാതിലിൽ മുട്ടരുതെന്ന് പറയുമ്പോൾ ‘എവിടെ?’ എന്ന് സിന്ധു തിരികെ ചോദിക്കുന്നു. ശേഷം കൃഷ്ണകുമാറും സിന്ധുവും ആർത്ത് ചിരിക്കുകയാണ്. അടുത്തിരിക്കുന്ന ദിയ കൃഷ്ണ ‘തനിക്ക് ഈ പറഞ്ഞത്’ മനസിലായില്ല എന്ന് പറയുന്നതും വിഡിയോയിൽ കാണാം. ഇതിനോടും ഇരുവരുടെയും മറുപടി പൊട്ടിച്ചിരിയാണ്. “ഓസിക്ക് (ദിയ കൃഷ്ണ) പുതിയ കമ്മീഷനെപ്പറ്റി അറിയില്ല” എന്ന് സിന്ധു തുടർന്ന് പറയുന്നതും വിഡിയോയിൽ ഉണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
this whole family is so creepy and disgusting, not only just that sanghi thing
— Vypinkaaran Tarkovsky 🇵🇸 (@bettercallsree) August 22, 2024
ഇതിനിടെ കൃഷ്ണകുമാറിൻ്റെ നിലപാടിനെ തള്ളി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്തുവന്നു. സംസ്ഥാന പ്രസിഡൻ്റും താനും പറയുന്നതാണ് കാര്യമാക്കേണ്ടത്. മറ്റാരും പറയുന്നത് കാര്യമാക്കേണ്ട എന്ന് മുരളീധരൻ പറഞ്ഞു.
Also Read : AMMA : ‘ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല’; അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ജഗദീഷ്
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമെന്ന അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിൻ്റെ നിലപാട് തള്ളി നടൻ ജഗദീഷ് രംഗത്തുവന്നിരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മ നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുകൾ ഒറ്റപ്പെട്ടതാണെന്ന് സിദ്ധിഖ് അവകാശപ്പെട്ടത്.
“അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. റിപ്പോർട്ടിൽ അന്വേഷണം നടക്കണം. ഒറ്റപ്പെട്ട സംഭവം ആണെന്നുപറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. സിനിമാ വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല. പരാതികളുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. മറ്റിടങ്ങളിലും ഇതൊക്കെ നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും സർക്കാർ വിശദീകരണം നൽകണം. സിനിമയിലെ പുഴുക്കുത്തുകൾ പുറത്തു കൊണ്ടുവരണം. പേരുകൾ പുറത്തുവരട്ടെ. തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്.”- ജഗദീഷ് പറഞ്ഞു.
അഞ്ച് വർഷം മുൻപ് പുറത്തുവന്ന റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ അപ്രസക്തം എന്ന് ഇതിനർത്ഥമില്ല. മൊഴികൾ വീണ്ടും ശേഖരിക്കുന്നതിനോട് യോജിപ്പില്ല. കുറ്റക്കാരെന്ന് കോടതി പറയുന്നവർക്കെതിരെ അമ്മ നടപടിയെടുക്കും. പവർ ഗ്രൂപ്പോ മാഫിയ സംഘങ്ങളോ ഉണ്ടെന്ന് തോന്നുന്നില്ല. അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകമായിരുന്നു. റിപ്പോർട്ട് വന്നതിനു ശേഷം കുറ്റം ചെയ്തവർക്ക് ഒരു ഭയമുണ്ടായിട്ടുണ്ട്.
വ്യക്തിപരമായി ആരും പരാതിയുമായി വന്നിട്ടില്ല. സിനിമയിൽ ചൂഷണം നടക്കുന്നുണ്ട്. ചൂഷണം നേരിട്ടവർ തന്നെയാണ് പരാതിയുമായെത്തിയിട്ടുള്ളത്. അതിൽ സംശയമില്ല. ആത്മ പ്രസിഡന്റിനെതിരെ എന്നല്ല, ആർക്കെതിരെ ആരോപണമുണ്ടായാലും അന്വേഷിക്കപ്പെടണം. ആഭ്യന്തര പരാതി പരിഹാര സമിതിയിൽ പഴുതുകളുണ്ട്. ഓരോ സിനിമയിലും സമിതി മാറും. ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ നമ്മളിൽ പെട്ടവർ തന്നെയാണ്. കോൺക്ലേവിന്റെ കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യരായ ആളുകളെ സർക്കാർ ഉൾപ്പെടുത്തട്ടെ. ഡബ്ല്യുസിസി ആവശ്യപ്പെടുന്നവരെ കോൺക്ലേവിൽ നിന്നൊഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അമ്മ അത് അംഗീകരിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് സഹായമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ജഗദീഷ് പറഞ്ഞു.
Also Read : AMMA : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല; പവർ ഗ്രൂപ്പ് ആരെന്നറിയില്ല: സിദ്ധിഖ്
ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു സിദ്ധിഖിൻ്റെ അവകാശവാദം. പവർ ഗ്രൂപ്പ് ആരെന്നറിയില്ല. അമ്മ ഹേമ കമ്മറ്റിയ്ക്കൊപ്പം തന്നെ നിലകൊള്ളുമെന്നും വാർത്താസമ്മേളനത്തിൽ സിദ്ധിഖ് പറഞ്ഞു.
“പ്രതികരണം വൈകിയത് അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനാലാണ്. ഇന്നലെ പുലർച്ചെയാണ് അതിൻ്റെ തിരക്കുകൾ അവസാനിച്ചത്. പ്രതികരണത്തിൽ നിന്ന് ഒളിച്ചോടിയില്ല. അഭിപ്രായ സമന്വയത്തിന് സമയമെടുത്തു എന്ന് മാത്രം. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹം. മന്ത്രി സജി ചെറിയാനെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് അമ്മക്ക് എതിരായ റിപ്പോർട്ടല്ല. അമ്മ ഹേമ കമ്മറ്റി റിപ്പോർട്ടിന് എതിരല്ല. സംഘടനയെ മാധ്യമങ്ങൾ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ട്.”- സിദ്ധിഖ് പറഞ്ഞു.