Uppum Mulakum: ‘മുടിയൻ എന്തുകൊണ്ട് ഉപ്പും മുളകും വിട്ടു?’; വെളിപ്പെടുത്തി ബിജു സോപാനം
Biju Sopanam - Rishi S Kumar: ഉപ്പും മുളകും സീരീസിൽ നിന്ന് റിഷി കുമാർ പിന്മാറിയതിൻ്റെ കാരണം പറഞ്ഞ് ബിജു സോപാനം. ഇത് ആദ്യമായാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന റിഷി എന്തുകൊണ്ട് സീരീസ് വിട്ടു എന്ന കാര്യം പുറത്തറിയുന്നത്.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സിറ്റ്കോമിൽ നിന്ന് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷി എസ് കുമാർ പിൻവാങ്ങിയിരുന്നു. ഇതിൻ്റെ കാരണം എന്താണെന്ന് ഇതുവരെ റിഷിയോ മറ്റ് അണിയറപ്രവർത്തകരോ അറിയിച്ചിരുന്നില്ല. ഇപ്പോൾ സിറ്റ്കോമിൽ മുടിയൻ്റെ അച്ഛൻ കഥാപാത്രമായ ബാലചന്ദ്രനെ അവതരിപ്പിക്കുന്ന ബിജു സോപാനം ഇത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
“മുടിയൻ ഷോ വിടാനുള്ള കാരണം, കഥയിൽ ചില വ്യത്യാസം വരുത്തി. അതായത് പൈങ്കിളി ലെവലിൽ, അല്ലെങ്കിൽ നോവലുകളിലൊക്കെ കാണുന്നതുപോലെ ആയി. സീരിയലുകളെ കുറ്റം പറയുകയല്ല, എന്നാലും നമുക്ക് ഇഷ്ടപ്പെടാത്ത ചില സീരിയലുകളുണ്ടല്ലോ. അതുപോലെ ആയി കമൻ്റ്സൊക്കെ വന്നിരുന്നു. ഞാൻ ഈ കമൻ്റ്സൊന്നും നോക്കാറില്ല. അങ്ങനെ ഇവൻ എന്നെ വിളിച്ചു, “അച്ഛാ, എനിക്ക് പുറത്തിറങ്ങാൻ വയ്യ. ഉപ്പും മുളകും എന്നാൽ നമ്മുടേതല്ലേ? ആ ലെവലിലല്ലേ പോവേണ്ടത്?” എന്നൊക്കെ ചോദിച്ചു. അത് നൂറ് ശതമാനം ശരിയാണ്. ഇതിനിടയിൽ അവൻ ലൈവ് പോയി. എന്ത് പ്രശ്നമുണ്ടെങ്കിലും ലൈവ് പോകുമ്പോൾ അതൊരു പോസിറ്റീവ് കാര്യമായി എനിക്ക് തോന്നുന്നില്ല. ഒത്തുതീർപ്പാക്കാനുള്ള ആൾക്കാർ ഇവിടെയുണ്ടല്ലോ. അത് ചെയ്യാമല്ലോ.”- ബിജു സോപാനം പറഞ്ഞു.
2015 ഡിസംബർ 14 മുതൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന സിറ്റ്കോമാണ് ഉപ്പും മുളകും. ആർ ഉണ്ണികൃഷ്ണനാണ് സീരീസിൻ്റെ ക്രിയേറ്റർ. സുരേഷ് ബാബു, ശ്രീരാഗ് ആർ നമ്പ്യാർ, അഫ്സൽ കരുനാഗപ്പള്ളി തുടങ്ങിയവർ സീരീസിനായി എപ്പിസോഡുകൾ എഴുതിയിട്ടുണ്ട്. ബിജു സോപാനം, നിഷ സാരംഗ്, റിഷി എസ് കുമാർ, ജൂഹി രുസ്തഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളടക്കം ലഭിച്ചിട്ടുണ്ട്.




Also Read: Lal Jose: ‘അവർ ആദ്യം ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസിൽ പെട്ടോ എന്നാണ്; മൂന്ന് ദിവസം ഉറങ്ങിയില്ല’; അനുഭവം പങ്കുവച്ച് ലാൽ ജോസ്
2018ൽ സീരീസിലെ പ്രധാന അഭിനേത്രി സംവിധായകനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ഈ സംവിധായകനെ മാറ്റിയാണ് സീരീസ് തുടർന്നത്. 2020ൽ തിരക്കഥാകൃത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാന അഭിനേതാക്കളൊക്കെ സീരീസ് ബഹിഷ്കരിച്ചു. തിരക്കഥാകൃത്തിനെ മാറ്റിയ ശേഷമാണ് ചിത്രീകരണം തുടർന്നത്. 2024ൽ സീരീസിലെ ഒരു നടി പ്രധാന നടന്മാർക്കെതിരെ ലൈംഗികാതിക്രമ പരാതിനൽകി. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.