Biju Sopanam: ‘എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ഗൈഡന്‍സ് ഉണ്ടായിരുന്നതുകൊണ്ടാണ് മിണ്ടാതിരുന്നത്, ഇപ്പോള്‍ സംസാരിക്കാന്‍ സമയമായി’
Biju Sopanam responds to allegations leveled against him: 30 വര്‍ഷം മുമ്പാണ് കലാജീവിതം ആരംഭിക്കുന്നത്. കലാജീവിതത്തിലോ വ്യക്തിപരമായ രീതിയിലോ യാതൊരു വിധത്തിലും ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരോടും സൗഹാര്‍ദ്ദപരമായാണ് മുന്നോട്ടുപോയത്. പ്രോഗ്രാമില്‍ ചില തര്‍ക്കവിഷയങ്ങളുണ്ടാകും. അതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ലെന്ന് ബിജു സോപാനം

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടന്മാരായ ബിജു സോപാനത്തിനും, ശ്രീകുമാറിനുമെതിരെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് കേസെടുത്തിരുന്നു. ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും, മറ്റൊരാള്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിയെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരെ കുടുക്കാമെന്ന് കരുതുന്നവരുണ്ടെന്നും, വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൂടി വരുവാണെന്നുമാണ് ഇതുസംബന്ധിച്ച് ശ്രീകുമാര്‍ അടുത്തിടെ പ്രതികരിച്ചത്. ഇപ്പോഴിതാ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജു സോപാനവും രംഗത്തെത്തി. കലാജീവിതത്തിലോ വ്യക്തിപരമായ രീതിയിലോ യാതൊരു വിധത്തിലും ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
30 വര്‍ഷം മുമ്പാണ് കലാജീവിതം ആരംഭിക്കുന്നത്. കലാജീവിതത്തിലോ വ്യക്തിപരമായ രീതിയിലോ യാതൊരു വിധത്തിലും ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരോടും സൗഹാര്‍ദ്ദപരമായാണ് മുന്നോട്ടുപോയത്. പ്രോഗ്രാമില്‍ ചില തര്‍ക്കവിഷയങ്ങളുണ്ടാകും. അതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ല. ലൈംഗിക അതിക്രമമെന്ന പരാതി ആരു കൊടുത്താലും അറസ്റ്റ് ചെയ്യും. എഫ്‌ഐആര്‍ ഇടും. ഇത്രയും വര്‍ഷത്തെ കലാജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു ആരോപണം വരുമ്പോള്‍ പേടിച്ചുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ മാത്രമല്ല കുടുംബവും പേടിക്കും. പരാതി കൊടുത്തത് ഒരു സ്ത്രീയാണെന്ന് അറിയാം. ഭാര്യയും മകളും അമ്മയും സഹോദരിമാരുമൊക്കെ സ്ത്രീകളാണ്. സ്ത്രീപുരുഷന്മാരായ സുഹൃത്തുക്കളുമുണ്ട്. അപ്പോള്‍ അവരുടെ ഇടയിലൊക്കെ നമുക്ക് ഇറങ്ങി നടക്കാന്‍ പറ്റുമോയെന്ന് ബിജു സോപാനം ചോദിച്ചു.




”അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നതാണ് ധൈര്യം. പക്ഷേ, ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. അപ്പോള്‍ നിയമത്തിന്റെ വഴിയേ പോകണം. ജുഡീഷ്യറിയില്‍ വിശ്വസിക്കുന്നതുകൊണ്ട് അവര് പറയുന്നതുപോലെയേ കേള്‍ക്കാന്‍ പറ്റൂ. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ‘ബാലു ചേട്ടന്‍ ഇങ്ങനെ ചെയ്യുമോയെന്ന് ചിന്തിക്കും’. ആവശ്യമില്ലാതെ വായിട്ടലയ്ക്കാതെ നിയമോപദേശം തേടണം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ഗൈഡന്‍സ് ഉണ്ടായിരുന്നതുകൊണ്ടാണ് സംസാരിക്കാതിരുന്നത്. ഇപ്പോള്‍ സംസാരിക്കാന്‍ സമയമായി. എന്നാല്‍ സംസാരിക്കുന്നതിനും പരിധിയുണ്ട്”-ബിജു സോപാനത്തിന്റെ വാക്കുകള്‍.
ലൈംഗികാതിക്രമത്തിനൊപ്പം ഇത് വീഡിയോയില്‍ പകര്‍ത്തിയെന്നാണ് കേസ്. മിഥുനം സിനിമയിലെ ഇന്നസെന്റിനെ പോലെ നിന്നത് അത്രയും ധൈര്യമുള്ളതുകൊണ്ടാണ്. മൊബൈല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അവര്‍ അത് നോക്കട്ടെ. വീഡിയോ ഡിലീറ്റ് ചെയ്താലും കണ്ടുപിടിക്കാം. അപ്പോള്‍ അത് വരട്ടെ. അതിനുള്ള സമയം തനിക്ക് തരണം. അപ്പോള്‍ എല്ലാം എന്താണെന്ന് തെളിയും. ഗൂഢാലോചനപ്രകാരം ചെയ്തതാണോ, വ്യക്തിപരമായ താല്‍പര്യം കൊണ്ട് ചെയ്തതാണോ, ആരെങ്കിലും പറഞ്ഞ് ചെയ്യിപ്പിച്ചതാണോ എന്നൊന്നും അറിയില്ലെന്നും ബിജു സോപാനം പറഞ്ഞു.
പക്ഷേ, ഇത് നിയമപരമായി നേരിട്ടല്ലേ പറ്റൂ. കരിയര്‍ നശിപ്പിക്കുന്ന വിധത്തിലാണ് ആരോപണം വന്നത്. പരാതി കൊടുത്തവര്‍ അവരുടെ മനസാക്ഷിയോട് ചോദിക്കണം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആരോപണം തെറ്റാണെന്ന് കോടതി വഴി തെളിയുമ്പോള്‍ എല്ലാവരും വിശ്വസിക്കും. ശ്രീകുമാര്‍ സെറ്റില്‍ വാ തുറന്ന് സംസാരിക്കില്ല. സ്‌ക്രിപ്റ്റ് പഠിക്കാന്‍ വേണ്ടി മാത്രമേ വാ തുറക്കൂ. ആരുടെയും കാര്യത്തില്‍ ഇടപെടാതെ എവിടെയെങ്കിലും പോയിരുക്കുന്നയാളാണ് ശ്രീകുമാറെന്നും ബിജു സോപാനം കൂട്ടിച്ചേര്‍ത്തു.