Bharathanatyam OTT : സൈജു കുറുപ്പിൻ്റെ ഭരതനാട്യം ഒടിടിയിലേക്ക്; റിലീസാകുന്നത് രണ്ട് പ്ലാറ്റ്ഫോമിലൂടെ
Bharathanatyam OTT Release Date : ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഓണത്തിന് മുമ്പ് ഓഗസ്റ്റ് 30-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഭരതനാട്യം
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ഭരതനാട്യം. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഒടിടിയിലേക്കെത്തുകയാണ് (Bharathanatyam OTT). രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുക. ഇന്ത്യക്കുള്ളിൽ ഒരു പ്ലാറ്റ്ഫോമും ഇന്ത്യക്ക് പുറത്ത് മറ്റൊരു പ്ലാറ്റ്ഫോമുമാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 30ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
ഭരതനാട്യം ഒടിടി
രണ്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഭരതനാട്യം ഒടിടിയിൽ സംപ്രേഷണം ചെയ്യുക. ഇന്ത്യയിൽ മനോരമ ഗ്രൂപ്പിൻ്റെ മനോരമ മാക്സാണ് ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്. സെപ്റ്റംബർ 27-ാം തീയതി മുതൽ ഭരതനാട്യം മനോരമ മാക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഇന്ത്യക്ക് പുറത്തുള്ള ഒടിടി അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. ചിത്രം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്തു തുടങ്ങി. സീ ഗ്രൂപ്പാണ് ഭരതനാട്യത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഭരതനാട്യം സിനിമയുടെ അണിയറപ്രവർത്തകർ
തോമസ് തിരുവല്ല ഫിലിംസിൻ്റെയും സൈജു കുറുപ്പ് എൻ്റെർടെയ്മെൻ്റിൻ്റെയും ബാനറിൽ അനുപമ ബി നമ്പ്യാരും ലിനി മറിയം ഡേവിഡും ചേർന്ന് നിർമിച്ച ചിത്രമാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൃഷ്ണദാസ് തന്നെ ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ സായി കുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ്, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബബ്ലു അജുവാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സാമുവേൽ എബിയാണ് സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഷെഫീക്ക് വിബിയാണ് എഡിറ്റർ. മനു മഞ്ജിത്താണ് ഗാനങ്ങൾ വരി ഒരുക്കിയിരിക്കുന്നത്. ബാബു പിള്ളയാണ് കല സംവിധായകൻ.