Best Malayalam Comedy Movies in 2024: 2024 ഇവര് കൊണ്ടുപോയെന്ന് പറയാന്‍ പറഞ്ഞു; ചിരിയുടെ മാലപടക്കം തീര്‍ത്ത ചിത്രങ്ങള്‍
Year Ender 2024: പണ്ടത്തെ സിനിമകളിലുണ്ടായിരുന്ന കോമഡികളില്‍ നിന്നും ഇന്നത്തെ സിനിമകളിലുള്ള കോമഡികള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാവരിലും സംഭവിച്ചതിനാല്‍ തന്നെ കോമഡിയാണെങ്കില്‍ അത് ഏത് പ്രായത്തിനുള്ളതാണെങ്കിലും ഞങ്ങള്‍ സ്വീകരിക്കുമെന്ന മനോഭാവമാണ് പ്രേക്ഷകര്‍ക്കുള്ളത്.
എത്രയെത്ര സിനിമകളാണല്ലേ 2024ല്‍ പുറത്തിറങ്ങിയത്. ഓരോ പ്രേക്ഷനെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് അവയെല്ലാം തിയേറ്റുകളില്‍ നിന്ന് പിന്‍വാങ്ങിയത്. നിരവധി കോമഡി ചിത്രങ്ങളായിരുന്നു 2024ല്‍ പുറത്തിറങ്ങിയത്. അവയില്‍ മലയാളി പ്രേക്ഷകരെ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച ഒട്ടനവധി ചിത്രങ്ങളുണ്ടെന്നതാണ് ശ്രദ്ധേയം. സിനിമകള്‍ മാത്രമല്ല, അവയിലെ ഓരോ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.
പണ്ടത്തെ സിനിമകളിലുണ്ടായിരുന്ന കോമഡികളില്‍ നിന്നും ഇന്നത്തെ സിനിമകളിലുള്ള കോമഡികള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാവരിലും സംഭവിച്ചതിനാല്‍ തന്നെ കോമഡിയാണെങ്കില്‍ അത് ഏത് പ്രായത്തിനുള്ളതാണെങ്കിലും ഞങ്ങള്‍ സ്വീകരിക്കുമെന്ന മനോഭാവമാണ് പ്രേക്ഷകര്‍ക്കുള്ളത്. 2024ല്‍ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രങ്ങളെ ഒന്ന് പരിചയപ്പെടാം.
വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്
സിനിമയുടെ പേര് പോലെ തന്നെ ഒട്ടനവധി ചെറുപ്പക്കാരുടെ ജീവിതം തുറന്നുകാട്ടിയ ചിത്രമാണ് വാഴ. ആനന്ദ് മോനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെറുപ്പക്കാരെ അണിനിരത്തി ചെയ്ത ഈ ചിത്രം കേരളത്തിലെ എല്ലാ ചെറുപ്പക്കാരും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ടോക്‌സിക് പാരന്റിങിനെ കുറിച്ചും അത് കുട്ടികളിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കൂടി വാഴ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഓരോ യുവാക്കള്‍ക്കും അവരുടെ ജീവിതത്തെ ചിത്രത്തിലെ കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാനും സാധിച്ചു.
കോമഡിയിലൂടെയാണ് വിവിധ വിഷയങ്ങളെ കുറിച്ച് വാഴ സംസാരിച്ചത്. മറ്റ് സിനിമകളില്‍ കാണുന്നതുപോലെയുള്ള ഒരു ക്ലീഷേ ക്ലൈാമാക്‌സ് ഉണ്ടായില്ല എന്നതും വാഴയെ വേറിട്ടതാക്കുന്നു.
തുണ്ട്
ബിജു മേനോനും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് തുണ്ട്. റിയാസ് ഷെരീഫാണ് ചിത്രം സംവിധാനം ചെയ്തത്. ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും അത് തരണം ചെയ്ത് അദ്ദേഹം മുന്നേറുന്നതിനിനെ കുറിച്ചുമെല്ലമാണ് ചിത്രം സംസാരിക്കുന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു തുണ്ടിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. എങ്കിലും സിനിമ എല്ലാവരെയും കുടുകുടാ ചിരിപ്പിച്ചുകൊണ്ടായിരുന്നു കഥ പറഞ്ഞിരുന്നത്.
മന്ദാകിനി
പാട്ടുകള്‍ കൊണ്ട് ഹിറ്റായ സിനിമയാണ് മന്ദാകിനി. എന്നാല്‍ പാട്ട് മാത്രമല്ല, സിനിമയിലെ കോമഡിയും ഒന്നിനൊന്ന് മികച്ചത് തന്നെ. വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി എന്ന ചിത്രം സംസാരിച്ചത് രണ്ടുപേരുടെ വിവാഹവും അതിന് പിന്നാലെയുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചുമാണ്. അനാര്‍ക്കലിയും അല്‍ത്താഫ് സലിമുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. വന്നവനും പോയവനുമെല്ലാം ഒരുപോലെ എല്ലാവരെയും ചിരിപ്പിച്ച ചിത്രം എന്നുകൂടി മന്ദാകിനിയെ വിശേഷിപ്പിക്കാം.
ആവേശം
രംഗണ്ണന്റെ തീപാറും പ്രകടനം കാണാന്‍ എത്രയേത്ര ആളുകളാണ് തിയേറ്ററുകളിലേക്കെത്തിയത്. ബെംഗളൂരുവില്‍ എത്തിപ്പെടുന്ന മൂന്ന് യുവാക്കളും അവരുടെ രംഗണ്ണനായെത്തുന്ന ഫഹദിന്റെയും കഥയാണ് ആവേശം പറയുന്നത്. ജിതുന്‍ മാധവന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. കഥകൊണ്ടും അത് അവതരിപ്പിച്ച രീതികൊണ്ടുമെല്ലാം ആവേശം മികച്ചതായി. രംഗണ്ണനും അമ്പാനുമെല്ലാം പറഞ്ഞ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്.
പ്രേമലു
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. സച്ചിന്‍, അമല്‍ ഡേവിസ്, റീനു, കാര്‍ത്തിക എന്നിവരുടെ ജീവിതവും പ്രണയവുമാണ് സിനിമയുടെ ഇതിവൃത്തം. തമാശയുടെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും ഒരു അവിയല്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ പ്രേമലുവില്‍ കണ്ടത്.