Empuraan: ‘എമ്പുരാൻ’ റിലീസിന് ബെംഗളൂരുവിലെ കോളേജിന് അവധി; വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
Bengaluru College Declares Holiday on Empuraan Release Day: റിലീസിന്റെ ആദ്യ ദിവസം തന്നെ ചിത്രം കാണാനായി മാർച്ച് 27ന് വിദ്യാർത്ഥികൾക്കും അധ്യാപകകർക്കും ഒന്നാകെ അവധി നൽകിയിരിക്കുകയാണ് കോളേജ്.

ബെഗളൂരുവിലെ കോളേജിന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ. 'എമ്പുരാൻ' പോസ്റ്റർ
റിലീസിന് മുമ്പേ രാജ്യത്തുടനീളം ‘എമ്പുരാൻ’ തരംഗമാണ്. കഴിഞ്ഞ ഏതാനും നാളുകളായി എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും സജീവം. മാർച്ച് 27ന് ചിത്രത്തിന്റെ റിലീസിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള ഒരു കൗതുകകരമായ വാർത്തയാണ് ശ്രദ്ധ നേടുന്നത്. എമ്പുരാൻ റിലീസ് പ്രമാണിച്ച് മാർച്ച് 27ന് ബെംഗളൂരുവിലെ ഒരു കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
റിലീസിന്റെ ആദ്യ ദിവസം തന്നെ ചിത്രം കാണാനായി മാർച്ച് 27ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒന്നാകെ അവധി നൽകിയിരിക്കുകയാണ് ബെംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷൻസ്. അന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി എമ്പുരാന്റെ പ്രത്യേക ഷോയും മാനേജ്‌മന്റ് സംഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ആകർഷണം. മോഹൻലാലിൻറെ കടുത്ത ആരാധകനായ എംഡിയുടെ നിർദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. കോളേജ് അധികൃതർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കോളേജ് അധികൃതർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ്:
ALSO READ: ‘അന്ന് മോഹൻലാൽ എസ്എഫ്‌ഐയിലായിരുന്നു, ഞാൻ ഡിഎസ്‌യുവും; ഞങ്ങൾ തമ്മിൽ ക്ലാഷുണ്ടായിട്ടില്ല’
മാർച്ച് 27ന് രാവിലെ ഏഴ് മണിക്ക് രാജരാജേശ്വരി നഗര്‍ വൈജിആര്‍ സിഗ്നേച്ചര്‍ മാളിലെ ‘മൂവിടൈം സിനിമാസി’ൽ ആണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി കോളേജ് മാനേജ്‌മന്റ് പ്രത്യേക ഫാന്‍ഷോ ഒരുക്കിയിരിക്കുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പ് കമ്പനിയും ജീവനക്കാർക്ക് എമ്പുരാൻ റീലീസ് ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ അവധി നൽകിയിരുന്നു. മോഹൻലാൽ ആരാധകരായ സ്‌റ്റാർട്ടപ്പ് ഉടമകളുടെ നിർദേശ പ്രകാരമായിരുന്നു അത്.
റിലീസിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ എമ്പുരാൻ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. അഡ്വാൻസ് ബുക്കിംഗിൽ ചിത്രം ചരിത്ര നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിവസം പിന്നിട്ടപ്പോഴേക്കും ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോ വഴി ഇന്ത്യയില്‍ നിന്ന് മാത്രം വിറ്റുപോയത് 6.45 ലക്ഷം ടിക്കറ്റുകളാണ്. ലിയോ, പുഷ്പ 2 തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ റെക്കോർഡുകളാണ് എമ്പുരാൻ ഇതിനകം തകർത്തത്. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ എമ്പുരാന്റെ ഫാൻ ഷോ ആരംഭിക്കും.