‘Bazooka’ Box Office Collections: മോഹൻലാലിനോട് മുട്ടാനായോ മമ്മൂട്ടിക്ക്! ബസൂക്കയുടെ ആദ്യദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്
Bazooka box office collection day 1:ആദ്യ ദിനം മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമയാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ഗംഭീരപ്രകടനം കാഴ്ചവച്ച് തിയേറ്ററുകളില്‍ ഇപ്പോഴും കൈയ്യടി നേടുകയാണ്. ചിത്രം 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷൻ നേടിയതും മോഹൻലാൽ ചിത്രം എമ്പുരാൻ ആണ്.
ഇതിനു പിന്നാലെയാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ബസൂക്ക തിയേറ്ററുകളിലേക്ക് എത്തി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീരപ്രതികരണമാണ് ലഭിക്കുന്നത്. വലിയ ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതെയാണ് ബസൂക്ക എത്തിയത്. എന്നാൽ ആദ്യ ദിനം മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യദിന ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
Also Read:‘എന്റെ സീൻ വന്നപ്പോൾ ഗംഭീര കയ്യടിയായിരുന്നു, തീയേറ്റർ കുലുങ്ങി’; ബസൂക്കയിൽ ആറാട്ട് അണ്ണനും
സാക്‌നിക് റിപ്പോര്‍ട്ട് പ്രകാരം രാവിലത്തെ ഷോകളില്‍ നിന്ന് മാത്രമായി ഏകദേശം 40.82% ഒക്യുപെന്‍സി ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ നേരിയ പുരോഗതി ഉണ്ടായി, അത് 43.90% ആയി. ആദ്യ ദിവസം നല്ല രീതിയിലുള്ള കളക്ഷൻ തന്നെയാണ് ബസൂക്കയ്ക്ക് ലഭിച്ചത്. ടൈംസ് ഇന്റര്‍നെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.2 കോടിയാണ് ബസൂക്ക ആദ്യ ദിനം നേടിയത്. 48.53% ഓക്യുപന്‍സിയും ലഭിച്ചു. ബെംഗളൂരുവില്‍ 132 ഷോകളില്‍ നിന്ന് 25.25%, ചെന്നൈയില്‍ 26 ഷോകളില്‍ നിന്ന് 45.00%, ഹൈദരാബാദില്‍ 18 ഷോകളില്‍ നിന്ന് 18.50%, എന്‍സിആറില്‍ 23 ഷോകളില്‍ നിന്ന് 26.67%, മുംബൈയില്‍ 39 ഷോകളില്‍ നിന്ന് 15.00% എന്നിങ്ങനെ മോശമില്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം എമ്പുരാനുമായി ബസൂക്കയ്ക്ക് മുട്ടാനായില്ല.
നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും എത്തുന്നുണ്ട്. ഇവർക്കുപുറമെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.