Barroz Review : ‘ഫസ്റ്റ് ഹാഫ് കൂതറ, സെക്കന്‍ഡ് ഹാഫ് കൊള്ളാം’; ബറോസിന് റിവ്യൂ പറഞ്ഞ് ആറാട്ടണ്ണന്‍ എയറില്‍
Barroz Movie Review : ക്രിസ്മസ് അവധിക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്ക് മികച്ച രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ തന്നെ ഈ വിഷ്വല്‍ ട്വീറ്റ് ആസ്വദിക്കണമെന്നും, അല്ലാത്ത പക്ഷം അത് ഒരു വന്‍ നഷ്ടമാകുമെന്നും ചിത്രം കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന ഒരു 3 ഡി വിസ്മയമാണ് ചിത്രം. ആരാധകര്‍ക്ക് താരം നല്‍കിയ ക്രിസ്മസ് സമ്മാനമാണ് ബറോസ്. ചിത്രത്തിന് ലഭിച്ച മിക്ക പ്രതികരണങ്ങളും പോസിറ്റീവാണ്. വളരെ മികച്ച ചിത്രമെന്ന് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണെന്ന് വ്യക്തം. ചിത്രത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സിനിമാപ്രേമികള്‍ പങ്കുവയ്ക്കുന്നത്.
നടനെന്ന നിലയില്‍ മാത്രമല്ല, സംവിധായകനെന്ന നിലയിലും മോഹന്‍ലാല്‍ വിസ്മയം തീര്‍ത്തെന്ന് ആരാധകര്‍ വ്യക്തമാക്കുന്നു. ഇനിയും ഒരു പാട് ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പുറത്തെത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ പലരും പങ്കുവയ്ക്കുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്ക് മികച്ച രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ തന്നെ ഈ വിഷ്വല്‍ ട്വീറ്റ് ആസ്വദിക്കണമെന്നും, അല്ലാത്ത പക്ഷം അത് ഒരു വന്‍ നഷ്ടമാകുമെന്നും ചിത്രം കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
കുടുംബസമേതം സിനിമ കാണാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാന്‍ പറ്റുന്ന ചിത്രമാണിത്. സന്തോഷ് ശിവന്‍റെ ക്യാമറയും സന്തോഷ് രാമന്‍റെ കലാസംവിധാനവും എടുത്ത് പറയേണ്ടത് തന്നെയാണ്. രാവിലെ 9.30നായിരുന്നു സിനിമയുടെ ആദ്യ ഷോ. ചിത്രത്തിൻ്റെ ബജറ്റ് 100 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.
ഗുരു സോമസുന്ദരം, മോഹൻ ശർമ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ബി അജിത്കുമാര്‍ എഡിറ്റിങ് നിര്‍വഹിച്ചു.
Read Also : മേക്കിംഗിൽ വിസ്മയിപ്പിച്ച് മോഹൻലാൽ; ബറോസ് ഒരു വിഷ്വൽ ട്രീറ്റെന്ന് ആരാധകർ
ആറാട്ടണ്ണന്‍ എയറില്‍
ബറോസിന് ലഭിച്ച മിക്ക പ്രതികരണങ്ങളും പോസിറ്റീവാണെങ്കിലും, ചില മോശം റിവ്യൂകളും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. മോഹന്‍ലാല്‍ ആരാധകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന സന്തോഷ് വര്‍ക്കിയാണ് ചിത്രം മോശമാണെന്ന് അഭിപ്രായപ്പെട്ടവരില്‍ ഒരാള്‍. ആറാട്ടണ്ണന്‍ എന്ന പേരിലാണ് സന്തോഷ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.
സന്തോഷ് പങ്കുവച്ച വീഡിയോ
”ബറോസ് ഫസ്റ്റ് ഹാഫ് കഴിഞ്ഞു. വെറും കൂതറ പടം. വെറും കോമാളി പടം”-എന്നിങ്ങനെയാണ് സന്തോഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ഉടന്‍ തന്നെ സന്തോഷിന്റെ റിവ്യൂ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റിട്ടു. രാത്രിയില്‍ വന്ന് മാപ്പ് പറയുമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. മോശം ഭാഷയിലും സന്തോഷിനെ വിമര്‍ശിച്ച് ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ സെക്കന്‍ഡ് ഹാഫ് കൊള്ളാമെന്ന് പറഞ്ഞ് സന്തോഷ് വീണ്ടും ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്.
സിനിമ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് സന്തോഷ്. വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ മോശം പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ നേരത്തെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.