Barroz Movie Response : മേക്കിംഗിൽ വിസ്മയിപ്പിച്ച് മോഹൻലാൽ; ബറോസ് ഒരു വിഷ്വൽ ട്രീറ്റെന്ന് ആരാധകർ
Barroz Movie First Responses Suggest It Is A 3D Visual Treat : മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ഒരു ത്രീഡി വിഷ്വൽ ട്രീറ്റാണെന്ന് ആരാധകാഭിപ്രായം. സിനിമയുടെ ആദ്യ ഷോ ഇപ്പോഴാണ് അവസാനിച്ചത്. സിനിമയ്ക്ക് പൊതുവെ പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
മോഹൻലാലിൻ്റെ ആദ്യ സംവിധാനസംരഭമായ ബറോസിൻ്റെ (Barroz) ആദ്യ ഷോ ഇപ്പോഴാണ് അവസാനിച്ചത്. സിനിമ ഒരു വിഷ്വൽ ട്രീറ്റ് ആണെന്നാണ് പൊതുവായ അഭിപ്രായം. തകർപ്പൻ മേക്കിംഗാണ് സിനിമയ്ക്കുള്ളതെന്നും കുട്ടികൾക്ക് സിനിമ വളരെയധികം ഇഷ്ടപ്പെടുമെന്നും ആദ്യ പ്രതികരണങ്ങളായി ആരാധകർ പറയുന്നു. രാവിലെ 9.30നായിരുന്നു സിനിമയുടെ ആദ്യ ഷോ. ഈ ഷോ അവസാനിക്കുമ്പോൾ പൊതുവെ പോസിറ്റീവായ അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ത്രിമാന രൂപത്തിൽ തന്നെ ചിത്രീകരിച്ച സിനിമയാണെന്നതിനാൽ ചിത്രത്തിൻ്റെ ത്രീഡി അനുഭവം ലോകോത്തരമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. മലയാളത്തിലെ ഏറ്റവും മികച്ച ത്രിമാന അനുഭവമാണ് സിനിമയെന്നും പലരും പറയുന്നു. അണിയറയിൽ സന്തോഷ് ശിവൻ ഉൾപ്പെടെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ അണിനിരന്നത് സിനിമ കാണുമ്പോൾ കൃത്യമായി മനസിലാവുന്നുണ്ടെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. കഥ അത്ര മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും മേക്കിംഗിൽ മോഹൻലാൽ തകർത്തു എന്നാണ് പ്രതികരണങ്ങൾ.
ബറോസ്, ഗാർഡിയൻ ഓഫ് ട്രഷേഴ്സ് എന്നാണ് ചിത്രത്തിൻ്റെ പൂർണമായ പേര്. ചിത്രത്തിൻ്റെ ബജറ്റ് 100 കോടി രൂപയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാവും ബറോസ്. മോഹൻലാൽ തന്നെയാണ് ബറോസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
Also Read : Barroz Movie Budget : ഏറ്റവും ചിലവേറിയ മലയാളം സിനിമ; മോഹൻലാലിൻ്റെ ആദ്യ സംവിധാനം; ബറോസ് രക്ഷപ്പെടുമോ?
സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രഹണം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും ചേർന്നാണ് സംഗീതം. ബി അജിത് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിജോ പുന്നൂസിൻ്റെ തിരക്കഥയ്ക്ക് കലവൂർ രവികുമാറാണ് സംഭാഷണങ്ങളൊരുക്കിയത്. ജിജോയുടെ ‘ബറോസ്, ഗാർഡിയൻ ഓഫ് ഡിഗാമാസ് ട്രഷർ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമ റിലീസായത്. കഥയും തിരക്കഥയും അഭിനേതാക്കളും പലതവണ മാറിയ സിനിമയുടെ റിലീസ് ഡേറ്റും പലവട്ടം തിരുത്തി. തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, ക്യാമറമാൻ കെയു മോഹനൻ, പൃഥ്വിരാജ് തുടങ്ങിയവർ ചിത്രത്തിൽ നിന്ന് പിന്മാറി. ഇങ്ങനെ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ബറോസ് 25ന് പ്രദർശനത്തിനെത്തിയത്.
ആദ്യ ഘട്ടത്തിൽ ജിജോ പുന്നൂസാണ് സിനിമ സംവിധാനം ചെയ്യാനിരുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തൻ്റെ സംവിധായകനാണ് ജിജോ പുന്നൂസ്. പിന്നീട് മോഹൻലാൽ സിനിമയുടെ സംവിധാനച്ചുമതല ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ പ്രതിസന്ധികളിൽ രാജ്യത്തെ കൊവിഡ് ലോക്ക്ഡൗണുകൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഒന്നര വർഷമെടുത്ത് പൂർത്തിയാക്കിയ തിരക്കഥ മോഹൻലാലിൻ്റെയും നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരിൻ്റെയും നിർദ്ദേശപ്രകാരം 22 തവണയാണ് പുന്നൂസ് പൊളിച്ചെഴുതിയത്. പിന്നാലെ അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറി. യഥാർത്ഥ കഥയിൽ മാറ്റം വരുത്തിയതിനാലാണ് സിനിമയിൽ നിന്ന് താൻ ഒഴിഞ്ഞതെന്ന് ജിജോ പുന്നൂസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2020ലെയും 21ലെയും കൊവിഡ് ലോക്ക്ഡൗൺ സിനിമയ്ക്ക് വലിയ തിരിച്ചടിയായി. പല താരങ്ങളെയും നഷ്ടമായി. ഇതോടെ സിനിമ ഉപേക്ഷിക്കാൻ ആശിർവാദ് സിനിമാസ് തീരുമാനിച്ചെങ്കിലും മോഹൻലാൽ മുൻകൈയ്യെടുത്ത് ബറോസ് വീണ്ടും ഉയർത്തിക്കൊണ്ട് വരികയായിരുന്നു.