Babu Antony: ‘എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്’; ബാബു ആന്റണി
Babu Antony About Expecting a Call for Empuraan: എമ്പുരാൻ പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. പൃഥിരാജും, ദുല്‍ക്കര്‍ സല്‍മാനും, ഫഹദ് ഫാസിലുമൊക്കെ തന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണെന്നും നടൻ പറയുന്നു.

മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിലൂടെ ഏറ്റവും ശ്രദ്ധ നേടിയ നടനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തിൽ ചെറിയ റോളുകൾ ചെയ്തിരുന്ന താരം ഫാസിൽ സംവിധാനം ചെയ്ത ‘പൂവിന് പൂന്തെന്നൽ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ‘മൂന്നാം മുറ’, ‘ദൗത്യം’, ‘വ്യൂഹം’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ബാബു ആന്റണി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാനിൽ അഭിനയിക്കാൻ തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകാണ് താരം.
എമ്പുരാൻ പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. പൃഥിരാജും, ദുല്‍ക്കര്‍ സല്‍മാനും, ഫഹദ് ഫാസിലുമൊക്കെ തന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണെന്നും നടൻ പറയുന്നു. ആക്ഷൻ അത്യാവശ്യം നന്നായിട്ട് ചെയ്യുന്നത് കൊണ്ട് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ ആണെന്നും നടൻ കൂട്ടിച്ചേർത്തു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
“എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച് പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്നയാളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിരാജിന്റെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് നമ്മൾ പ്രതീക്ഷിച്ചിരുന്നു. വലിയ ആക്ഷൻ സിനിമ ആണല്ലോ. നമ്മളൊരു വീട് പണിയുമ്പോൾ നല്ല പൈസ ഉണ്ടെങ്കിൽ മാർക്കറ്റിലെ ഏറ്റവും നല്ല പ്രോഡക്റ്റ് തന്നെ ഉപയോഗിക്കുമല്ലോ. ആക്ഷൻ നമ്മൾ അത്യാവശ്യം നന്നായിട്ട് ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു.
പിന്നെ ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നതൊക്കെ അവരുടെ തീരുമാനമാണ്. പിന്നെ ഡ്രാഗൺ ക്യാരക്‌ടറിൽ ബാബു ആന്റണി ആയിരുന്നുവെങ്കിൽ തിയേറ്റർ പൊളിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ ഒക്കെ കണ്ടിരുന്നു. കായംകുളം കൊച്ചുണ്ണിയിലും, ആർഡിഎക്‌സിലും ഒക്കെ കിട്ടിയിരുന്ന കൈയടി അതിന് ഉദാഹരണമായിരുന്നു. ആർഡിഎക്‌സ് ഒക്കെ ഒരു മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലിലേക്ക് ഉയർന്നേനെ” ബാബു ആന്റണി പറയുന്നു.