Avesham Makeup Man Ganja Case: കുംഭമേള സന്യാസിമാരെക്കാൾ എത്രയോ ഭേദം; വലിയ്ക്കുമായിരുന്നെങ്കിലും പീസ്ഫുൾ; രഞ്ജിത് ഗോപിനാഥിനെ ന്യായീകരിച്ച് കള സംവിധായകൻ
Rohith VS Supports Ranjith Gopinathan: കഞ്ചാവ് വലിക്കുമായിരുന്നെങ്കിലും രഞ്ജിത് ഗോപിനാഥൻ പീസ്ഫുൾ ആയ വ്യക്തിയായിരുന്നു എന്ന് സംവിധായകൻ രോഹിത് വിഎസ്. കള, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വിഎസ്.

രഞ്ജിത് ഗോപിനാഥൻ, രോഹിത് വിഎസ്
ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ മേക്കപ്പ്മാൻ രഞ്ജിത് ഗോപിനാഥനെ ന്യായീകരിച്ച് കള സിനിമയുടെ സംവിധായകൻ രോഹിത് വിഎസ്. വലിയ്ക്കുമായിരുന്നെങ്കിലും രഞ്ജിത് വളരെ പീസ്ഫുൾ ആയിരുന്നെന്നും കുംഭമേളയിലെ സന്യാസിമാര്‍ കയ്യില്‍ കൊണ്ടുനടക്കുന്നത്ര കഞ്ചാവ് രഞ്ജിതിൻ്റെ കൈവശം ഉണ്ടായിരുന്നില്ലെന്നും രോഹിത് തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
“അതെ, അവന്‍ വലിക്കുന്നയാളാണ്. പക്ഷേ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പീസ്ഫുള്ളായിട്ടുള്ള വ്യക്തിയാണ് അവന്‍. അവൻ ആരോടും അക്രമത്തിന് പോകാറില്ല. കുംഭമേളയിലെ സന്യാസിമാര്‍ കൊണ്ടു നടക്കുന്നത്ര കഞ്ചാവൊന്നും അവൻ്റെ കയ്യിലില്ല’ എന്നായിരുന്നു രോഹിത് വിഎസിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.
ആവേശം, പൈങ്കിളി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് രഞ്ജിത് ഗോപിനാഥൻ. ആര്‍ജി വയനാട് എന്നാണ് രഞ്ജിത് അറിയപ്പെടുന്നത്. ഇടുക്കി മൂലമറ്റത്തുനിന്ന് കഴിഞ്ഞ ദിവസം 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇയാളെ എക്സൈസ് പിടികൂടുകയായിരുന്നു. ഇടുക്കിയിൽ എക്സൈസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രഞ്ജിത് പിടിയിലായത്. അട്ടഹാസം എന്ന സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെ രഞ്ജിത് പിടിയിലാവുകയായിരുന്നു. വാഗമൺ, കാഞ്ഞാർ തുടങ്ങിയ ഇടങ്ങളിലെ സിനിമാസെറ്റുകളിൽ ലഹരി വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് എക്സൈസ് പരിശോധനയ്ക്കിറങ്ങിയത്. രഞ്ജിത് സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലെ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിന്നാലെ രഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തിയിരുന്നു.
കള കൂടാതെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങളും രോഹിത് വിഎസ് സംവിധാനം ചെയ്തിട്ടുണ്ട്. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ ടിക്കി ടാക്കയാണ് രോഹിത് വിഎസിൻ്റെ ഏറ്റവും പുതിയ സിനിമ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഇത്.
പിടിയിലായെങ്കിലും രഞ്ജിത്ത് ഗോപിനാഥന് ജാമ്യം ലഭിച്ചിരുന്നു. നാല്‍പത്തിയഞ്ച് ഗ്രാം മാത്രം ഉള്ളതിനാൽ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. രഞ്ജിത്ത് ഗോപിനാഥ് മൂന്നുവര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ് വിവരം. കൊച്ചി സ്വദേശിയില്‍ നിന്നാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത് എന്നും അധികൃതർ പറഞ്ഞു. ലഹരി ഉപയോഗത്തില്‍ സിനിമ മേഖലയില്‍ പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്തുമെന്ന് എക്സൈസ് അറിയിച്ചു.