Avatar 3: അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു; ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ 2025ൽ
Avatar 3 Release Date: അവതാർ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ജെയിംസ് കാമറൂൺ. കാലിഫോർണിയയിലെ ഡി23 എക്സ്പോയിൽ വെച്ചാണ് പ്രഖ്യാപനം.
ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവതാർ മൂന്നാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ ആണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. ‘അവതാർ’ മൂന്നാം ഭാഗത്തിന്റെ ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തവിട്ടു.
അൾട്ടിമേറ്റ് ഡിസ്നി ഫാൻ ഇവന്റായ ഡി23 വേദിയിൽ വെച്ചായിരുന്നു പ്രഖ്യാപനം. ‘അവതാർ: ഫയർ ആൻഡ് ആഷ്’ എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ ആണ് ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. ‘അവതാർ’ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാൽഡാനയും സാം വർത്തിംഗ്ടണും പ്രഖ്യാപന വേളയിൽ ഉണ്ടായിരുന്നു. സിനിമയിലെ ചില കോൺസെപ്റ് ആർട്ടുകളും കാമറൂൺ ചടങ്ങിൽ അവതരിപ്പിച്ചു. ‘അവതാർ: ഫയർ ആൻഡ് ആഷ്’ റിലീസ് തീയതിയും പുറത്തുവിട്ടു. 2025 ഡിസംബർ 19 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
Just announced at #D23, our title for the next Avatar film:
Avatar: Fire and Ash. Get ready to journey back to Pandora, in theaters December 19, 2025. pic.twitter.com/gZkCCsTl9x
— Avatar (@officialavatar) August 10, 2024
‘നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ പാണ്ടോറയെ നിങ്ങള്‍ ഇതിൽ കാണും. ഈ ഭാഗം തീര്‍ത്തും സാഹസികത നിറഞ്ഞതും, ദൃശ്യ വിരുന്നും ആയിരിക്കും. എന്നാല്‍ മുന്‍ ചിത്രങ്ങളെക്കാള്‍ വളരെ വൈകാരികത ഈ ചിത്രത്തിൽ ഉണ്ടാകും. ഇതിനായി ഞങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയൊരു ഇടത്തേയ്‌ക്ക് സഞ്ചരിക്കും’ എന്ന് പ്രഖ്യാപന വേളയിൽ ജെയിംസ് കാമറൂൺ പറഞ്ഞു.
READ MORE: അർജുൻ സർജ വീണ്ടും മലയാളത്തിൽ; വിരുന്ന് ഉടൻ തീയ്യേറ്ററുകളിലേക്ക്
ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ ‘അവതാർ’ 2009 ലാണ് റിലീസ് ആവുന്നത്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു ഈ ചിത്രം. അവതാറിന്റെ തുടർച്ചയായ, രണ്ടാം ഭാഗം ‘അവതാർ: വേ ഓഫ് വാട്ടർ’ എന്ന ചിത്രം 2022 ഡിസംബറിൽ പുറത്തിറങ്ങി. നാവി എന്ന ആദിമ ഗോത്രം വസിക്കുന്ന പാന്റോറയിലേക്ക് റിസോഴ്സ് ഡെവലപ്മെന്റ് അഡ്മിനിസ്‌ട്രേഷന്റെ കടന്നുവരവും അവരുമായുള്ള ഇവരുടെ പോരാട്ടവുമാണ് രണ്ട് ഭാഗത്തിലും അവതരിപ്പിച്ചത്.
‘അവതാറിന്റെ’ ആദ്യ ഭാഗത്തിൽ നാവി ഗോത്രത്തിന്റെ കാട്ടിലെ ജീവിതവും രണ്ടാമത്തേതിൽ വെള്ളത്തിലെ ജീവിതവുമാണ് കാണിച്ചത്. ‘ഫയർ ആൻഡ് ആഷ്’ എന്ന മൂന്നാം ഭാഗം അഗ്നിയുമായി ബന്ധപെട്ടതായിരിക്കുമെന്നാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും നൽകുന്ന സൂചന. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ജെയിംസ് കാമറൂൺ തന്നെ പറഞ്ഞിരുന്നു, മൂന്നാം ഭാഗം അഗ്നിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന്.