5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aattam Movie : ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മൂന്ന് അവാർഡുകൾ; സംസ്ഥാന തലത്തിൽ ഒന്നുമില്ല: ‘ആട്ട’ത്തിലെ അമ്പരപ്പ്

Attam Movie Awards A Study : ആട്ടം സിനിമയ്ക്ക് മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒരു പുരസ്കാരം പോലും ലഭിക്കാതിരുന്ന സിനിമയാണ് ദേശീയ തലത്തിൽ ഞെട്ടിച്ചത്.

Aattam Movie : ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മൂന്ന് അവാർഡുകൾ; സംസ്ഥാന തലത്തിൽ ഒന്നുമില്ല: ‘ആട്ട’ത്തിലെ അമ്പരപ്പ്
Attam Movie Awards A Study (Image Courtesy - Screengrab)
abdul-basith
Abdul Basith | Published: 17 Aug 2024 09:51 AM

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഞെട്ടിച്ചത് ആട്ടം (Aattam Movie) ആണ്. ദേശീയ തലത്തിൽ മൂന്ന് പുരസ്കാരങ്ങളാണ് ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം റാഞ്ചിയത്. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ് എന്നീ പുരസ്കാരങ്ങളാണ് ആട്ടം നേടിയത്. ദേശീയ പുരസ്കാരത്തിൽ ഞെട്ടിച്ച ആട്ടത്തിന് പക്ഷേ, സംസ്ഥാന തലത്തിൽ ഒരു പുരസ്കാരവും (Kerala State Film Awards) ലഭിച്ചില്ല.

2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് ദേശീയ തലത്തിൽ ഇന്നലെ പ്രഖ്യാപിച്ചത്. ആട്ടം സിനിമ റിലീസായത് ഇക്കൊല്ലമാണെങ്കിലും സിനിമ രജിസ്റ്റർ ചെയ്തത് 2022ലായിരുന്നു. ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പരിഗണിച്ചത് കഴിഞ്ഞ വർഷം റിലീസായ സിനിമകൾ. അങ്ങനെ വരുമ്പോൾ ആട്ടം സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കില്ല. എന്നാൽ, കഴിഞ്ഞ വർഷത്തെ പുരസ്കാരങ്ങളിലും ആട്ടത്തിൻ്റെ പേരില്ലായിരുന്നു. കഴിഞ്ഞ വർഷം നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിറഞ്ഞുനിന്നത്. മികച്ച സിനിമ, നടൻ എന്നീ പുരസ്കാരങ്ങൾ നൻപകൽ നേടി. അടിത്തട്ടായിരുന്നു മികച്ച രണ്ടാമത്തെ സിനിമ. പോയ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ആട്ടം എവിടെയുമില്ല.

Also Read : Kerala, National Film Awards 2024 : സംസ്ഥാന, ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?

പൊതുവെ വിമർശനം കേൾക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം പക്ഷേ, ഇക്കുറി ആ തെറ്റ് തിരുത്തി. കാന്താരയിലെ ഋഷഭ് ഷെട്ടി മാത്രമായിരുന്നു ഒരു അപവാദം. നൻപകലിലെ മമ്മൂട്ടിയ്ക്ക് മുകളിൽ ഋഷഭിൻ്റെ പ്രകടനം ഏത് അളവുകോൽ വച്ച് നോക്കിയാലും എത്തില്ല. എന്നാൽ, മമ്മൂട്ടിയുടെ ഒരു ചിത്രവും ദേശീയ പുരസ്കാരത്തിനയച്ചില്ല എന്നത് പരിഗണിക്കുമ്പോൾ ഋഷഭ് ഷെട്ടിയ്ക്ക് പുരസ്കാരം നൽകിയതിലും ന്യായീകരണമുണ്ട്. എന്തുകൊണ്ട് നൻപകലും റോർഷാക്കുമൊന്നും പുരസ്കാരത്തിനയച്ചില്ല എന്നത് മറ്റൊരു ചോദ്യമാണ്.

ആട്ടം സമൂഹത്തിന് മുന്നിലേക്ക് നീക്കിവച്ച ഒരു കണ്ണാടിയായിരുന്നു. പുരുഷകേന്ദ്രീകൃതമായ, പുരുഷാധിപത്യമുള്ള സമൂഹത്തിൽ സ്ത്രീ അനുഭവിക്കേണ്ടിവരുന്നതിനെപ്പറ്റി പലതരം ചർച്ചകളും നിഗമനങ്ങളും പഠനങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഇതെല്ലാത്തിനും മുകളിൽ ആനന്ദ് ഏകർഷി പറഞ്ഞുവച്ച കഥയുണ്ട്. കഥ പുരോഗമിക്കുമ്പോൾ മാറിമറിയുന്ന കഥാപാത്രങ്ങളുടെ സ്വഭാവം സമൂഹത്തിൻ്റെ പരിഛേദമായിരുന്നു. ആ കഥ കാഴ്ചക്കാർക്ക് നൽകുന്നത് തിരിച്ചറിവിൻ്റെ ഒരടിയാണ്. അത്ര ശക്തമായ പ്രമേയവും പഴുതടച്ച തിരക്കഥയും പ്രകടനങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയ്ക്ക് മുന്നിൽ പെട്ടില്ലെന്നത് എന്തൊരു അമ്പരപ്പാണ്. സിനിമ പുരസ്കാരത്തിനയച്ചോ ഇല്ലയോ എന്നതിൽ വ്യക്തയില്ലെന്നത് മറ്റൊരു കാര്യം.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാളം ചിത്രത്തിനുള്ള അവാർഡ് ‘സൗദി വെള്ളക്ക’ കരസ്ഥമാക്കി. ‘തിരുച്ചിത്രമ്പലം’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോനും ‘കച്ച് എക്സ്പ്രസിലെ’ പ്രകടനത്തിന് മാനസി പരേഖും ചേർന്ന് മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ഋഷഭ് ഷെട്ടി തന്നെ സംവിധാനവും നിർവഹിച്ച ‘കാന്താര’യാണ് ജനപ്രിയ ചിത്രം.

Also Read : Kerala State Film Awards: ഓരോ അഭിനന്ദനവും ഓരോ പുരസ്കാരം; പാർവ്വതിയുടേത് മികച്ച പ്രകടനം: ഉർവശി

സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കി. ‘ആടുജീവിതത്തിലെ’ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാർഡ് ലഭിച്ചത്. ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കിയത് ആടുജീവിതം തന്നെയാണ്. മമ്മൂട്ടിയുടെ കാതൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും ബീന ആർ കണ്ണനും പങ്കിട്ടു . ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഉർവശിയെ തേടി വീണ്ടും അവാർഡെത്തിയത്. ‘തടവിലെ’ അവിസ്മരണീയമായ പ്രകടനത്തിനാണ് ബീന ആർ കണ്ണന് അവാർഡ് ലഭിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലെസ്സിക്ക് ലഭിച്ചു. മികച്ച നടൻ, സംവിധായകൻ എന്നീ പ്രധാന അവാർഡുകൾ ഉൾപ്പടെ ആറ് അവാർഡുകളാണ് ‘ആടുജീവിതം’ കരസ്ഥമാക്കിയത്. മികച്ച ചിത്രമായി മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ‘ആടുജീവിതം’ നേടി. രോഹിത് എം ജി കൃഷ്ണന്റെ ചിത്രം ‘ഇരട്ട’യ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.