Actor Alencier: ബംഗളുരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ കേസ്
Actress Allegations Against Actor Alencier Ley Lopez: 2017-ൽ ബെംഗളൂരുവിൽ വെച്ച് അലൻസിയർ ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തു.
തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. യുവ നടി നൽകിയ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017-ൽ ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഐപിസി 354 വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് കേസ് അന്വേഷണം കൈമാറും. സിനിമ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അലൻസിയറിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗികാതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിനെ അറിയിച്ചെങ്കിലും, അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്ന് നടി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അലൻസിയറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ എന്നായിരുന്നു അലൻസിയറിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. അവർ നൽകിയ പരാതിയിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നടന്മാരായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു, നിവിൻ പോളി സംവിധായകന്മാരായ വി കെ പ്രകാശ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ പീഡന ആരോപണങ്ങൾ ഉന്നയിച്ച് യുവതി മുന്നോട്ട് വന്നത്. സംഭവത്തിൽ എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.