Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
Asif Ali Shooting Experience: ഓർഡിനറി സിനിമയുടെ ക്ലൈമാക്സ് ഡാമിലേക്ക് ചാടുന്ന സീൻ ശരിക്കും ചാടിയതാണെന്ന് ആസിഫ് അലി. 750 അടിയായിരുന്നു ആഴം. അസുരവിത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയെന്നും ആസിഫ് അലി പറയുന്നു.

സിനിമാചിത്രീകരണത്തിനിടെയുണ്ടായ സാഹസങ്ങൾ പറഞ്ഞ് ആസിഫ് അലി. ഓർഡിനറി എന്ന സിനിമയിൽ താൻ 750 അടിയുള്ള ഡാമിലേക്ക് ചാടിയെന്നും അസുരവിത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയെന്നും ആസിഫ് പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലിയുടെ വെളിപ്പെടുത്തൽ.
“ഓർഡിനറി സിനിമയുടെ ക്ലൈമാക്സിൽ ഞാനൊരു ഡാമിലേക്ക് ചാടുന്നുണ്ട്. അത് ഞാൻ ശരിക്കും ചാടിയതാണ്. അടിമാലിയിൽ നിന്ന് മൂന്നാറിലേക്കുള്ള വഴിയിലുള്ള ഒരു ഡാമാണ്. പേര് മറന്നുപോയി. ആ ഡാമിൻ്റെ കൈവരിയിൽ നിന്ന് ഞാൻ, 750 അടി താഴ്ചയാണ് അതിന്. അതിലേക്ക് ഞാൻ റോപ്പിട്ട് ചാടിയിട്ടുണ്ട്. ഇതെല്ലാം നമുക്ക് കിട്ടുന്ന എക്സ്പീരിയൻസാണ്. ഇതെല്ലാവർക്കും കിട്ടിയെന്ന് വരില്ല.”- ആസിഫ് അലി പറഞ്ഞു.
“അസുരവിത്തെന്ന് പറഞ്ഞ സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്നെ ചളിയിൽ ചവിട്ടി താഴ്ത്തിയിട്ടിട്ട് വില്ലൻ നടന്നുപോകുമ്പോൾ ഞാൻ സ്പിൻ ചെയ്ത് എഴുന്നേറ്റ് വന്ന് നിൽക്കുന്നൊരു ഷോട്ട് പ്ലാനിലുണ്ട്. അതിന് രണ്ട് റോപ്പാണ് ഉപയോഗിക്കുക. ഒന്ന് സ്പിൻ ചെയ്യാനും ഒന്ന് ഹൈറ്റിനും. ആക്ഷനിൽ ഈ റോപ്പ് വലിച്ചു. ഹൈറ്റ് പോകാനുള്ള റോപ്പ് പകുതി എത്തിയപ്പോ സ്റ്റക്കായിപ്പോയി. സ്പിൻ ചെയ്യാനുള്ളത് വർക്ക് ചെയ്തു. മൂന്നാമത്തെ സ്പിന്നിൽ കൈ നിലത്തിടിച്ചിട്ട് എൻ്റെ തോളെല്ല് ഊരിപ്പോയി. അങ്ങനെയുള്ള ഒരുപാട് റിസ്കുകളെടുക്കാനും എക്സ്പീരിയൻസ് ചെയ്യാനും എനിക്ക് പറ്റിയിട്ടുണ്ട്.”- താരം കൂട്ടിച്ചേർത്തു.




സുഗീത് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ സിനിമയാണ് ഓർഡിനറി. കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ വില്ലൻ കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ആൻ അഗസ്റ്റിൻ, ശ്രിത ശിവദാസ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. സുഗീതിൻ്റെ ആദ്യ സിനിമയായ ഓർഡിനറി ബോക്സോഫീസ് ഹിറ്റായിരുന്നു. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഗവി ടൂറിസ്റ്റ് ഭൂപടത്തിൽ ഇടംപിടിച്ചത്.
അതേവർഷം തന്നെ എകെ സാജൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് അസുരവിത്ത്. സംവൃത സുനിൽ, വിജയരാഘവൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി. സിനിമ ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല.