Asif Ali: ‘ഞാനൊരു ബാധ്യതയാവുമെന്ന് തോന്നി, അതുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് പിന്മാറിയത്’; വെളിപ്പെടുത്തി ആസിഫ് അലി
Asif Ali - Manjummel Boys: മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നിന്ന് താൻ എന്തുകൊണ്ട് പിന്മാറിയെന്ന് വ്യക്തമാക്കി ആസിഫ് അലി. ചിദംബരത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയിൽ താനൊരു ബാധ്യതയാവുമെന്ന് തോന്നിയതിനാലാണ് പിന്മാറിയതെന്ന് ആസിഫ് അലി പറഞ്ഞു.
ചിദംബരത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി ബ്ലോക്ക്ബസ്റ്ററായ മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്ന് താൻ പിന്മാറിയതാണെന്ന ആസിഫ് അലിയുടെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. അത്ര ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രത്തിൽ നിന്ന് പിന്മാറിയത് ആസിഫ് അലിയ്ക്ക് തിരിച്ചടിയായെന്നായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോഴിതാ, എന്തുകൊണ്ട് താൻ സിനിമയിൽ നിന്ന് പിന്മാറിയെന്ന് ആസിഫ് അലി തന്നെ തുറന്നുപറയുകയാണ്.
സിനിമയിൽ താനൊരു ബാധ്യതയാവുമെന്ന് തോന്നിയെന്ന് ആസിഫ് അലി പറയുന്നു. മഞ്ഞുമ്മൽ ബോയ്സിൻ്റെ തുടക്ക സമയത്താണ് തന്നെ ആ റോളിൽ പരിഗണിച്ചിരുന്നത്. ആ സമയത്ത് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഉണ്ടായിരുന്നു. തിരക്കഥാരചനയിലൊക്കെ തങ്ങൾ എല്ലാവരും ആദ്യം മുതലുണ്ടായിരുന്നു. എന്നാൽ, ആ സിനിമയ്ക്ക് താനൊരു ബാധ്യതയായി മാറുമെന്ന് തോന്നി. ആ സംഘത്തിൽ ഫിറ്റാവാതെ വരുമെന്ന് തങ്ങൾക്ക് തോന്നി. കുഴിയിലേക്ക് താൻ വീണാൽ ചിലപ്പോൾ കയറിവരുമെന്ന് എല്ലാവരും വിചാരിക്കും. ഇമോഷൻ ചിലപ്പോൽ ഫീൽ ചെയ്യാതെ വരും. അത് ആ സിനിമയെ ബാധിക്കുമെന്ന് തോന്നിയതിനാൽ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും ആസിഫ് അലി പറഞ്ഞു. തങ്ങൾ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത് എന്നും അദ്ദേഹം ക്ലബ് എഫ് എമ്മിനോട് വിശദീകരിച്ചു.
ഇയ്യോബിൻ്റെ പുസ്തകത്തിൽ അങ്കൂർ റാവുത്തർ എന്ന റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു എന്നും ആസിഫ് അലി പറഞ്ഞു. ആ റോൾ പിന്നീട് ചെയ്തത് ജയസൂര്യ ആണ്. ‘ഹായ്, അയാം ടോണി’ എന്ന സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ഇയ്യോബിൻ്റെ പുസ്തകത്തിന് ക്ലാഷ് വന്നു. അങ്ങനെ അതിൽ നിന്ന് മാറുകയായിരുന്നു. ചാപ്പ കുരിശും ഡേറ്റ് ക്ലാഷ് കാരണമാണ് ചെയ്യാൻ കഴിയാതിരുന്നത്. പകരം അഭിനയിച്ച സിനിമ ഏതാണെന്ന് ചോദിക്കരുതെന്നും ആസിഫ് അലി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ്
ചിദംബരം തൻ്റെ കരിയറിൽ രണ്ടാമത് സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം ഒരുക്കിയ സിനിമയിൽ സൗബിൻ ഷാഹിർ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, ജീൻ പോൾ രാജ്, ചന്ദു സലിം കുമാർ, ബാലു വർഗീസ്, അരുൺ കുര്യൻ, ഗണപതി, അഭിരാം രാധാകൃഷ്ണൻ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരന്നു. ഷൈജു ഖാലിദായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ചപ്പോൾ സുഷിൻ ശ്യാം ആണ് സംഗീതസംവിധാനം നിർവഹിച്ചത്. പറവ ഫിലിംസിൻ്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാട്ടി നിർമ്മാതാവ് നൽകിയ പരാതിയിൽ സൗബിൻ ഷാഹിറിനെതിരെ കേസെടുത്തിരുന്നു. പറവ ഫിലിംസിൻ്റെ ഓഫീസിൽ റെയ്ഡും നടന്നു. വെറും 20 കോടി ബജറ്റിലൊരുക്കിയ സിനിമ ബോക്സോഫീസിൽ നിന്ന് 240 കോടി രൂപയിലധികമാണ് സ്വന്തമാക്കിയത്.