Aabhyanthara Kuttavali: ‘ഗാർഹികപീഡന വകുപ്പ് പുരുഷന്മാരെ നശിപ്പിക്കാനല്ല’; കൗതുകമുയർത്തി ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ട്രെയിലർ
Aabhyanthara Kuttavali Trailer: ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. സേതുനാഥിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ആഭ്യന്തര കുറ്റവാളി.

ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമയായ ‘ആഭ്യന്തര കുറ്റവാളി’യുടെ ട്രെയിലർ പുറത്തിറങ്ങി. സേതുനാഥ് പത്മകുമാറിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് വ്യാജ കേസിൽ പെടുന്ന ഒരു യുവാവിൻ്റെ കഥയാണ് പറയുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിനിമ എന്ന് തീയറ്ററുകളിലെത്തുമെന്ന് വ്യക്തമല്ല.
‘ഗാർഹികപീഡന വകുപ്പ് സ്ത്രീകളെ സംരക്ഷിക്കാനാണ്, പുരുഷന്മാരെ നശിപ്പിക്കാനല്ല’ എന്ന ഡയലോഗിലാണ് ട്രെയിലർ തുടങ്ങുന്നത്. വ്യാജ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള സൂചനകളാണ് പിന്നീട് ട്രെയിലർ നൽകുന്നത്. അനൗൺസ്മെൻ്റ് സമയം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലിയ്ക്കൊപ്പം ജഗദീശ്, ഹരിശ്രീ അശോകൻ, തുളസി, സിദ്ധാർത്ഥ് ഭരതൻ, ആനന്ദ് മന്മഥൻ, ശ്രേയ രുക്മിണി, അസീസ് നെടുമങ്ങാട് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.
നിരവധി സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന സേതുനാഥ് പത്മകുമാറിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം ആണ് സിനിമയുടെ നിർമ്മാണം. അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ബിജിബാൽ, രാഹുൽ രാജ്, മുത്തു, ക്രിസ്റ്റി ജോബി എന്നിവർ ചേർന്ന് സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. സോബിൻ സോമനാണ് എഡിറ്റ്.




സമീപകാലത്ത് തുടരെ ഹിറ്റുകളടിച്ച നടനാണ് ആസിഫ് അലി. തലവൻ, അഡിയോസ് അമിഗോ, കിഷ്കിന്ധ കാണ്ഡം, രേഖാചിത്രം തുടങ്ങിയ സിനിമകളൊക്കെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ കിഷ്കിന്ധ കാണ്ഡവും രേഖാചിത്രവും സൂപ്പർ ഹിറ്റുകളായിരുന്നു. താരത്തിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ളത് ആഭ്യന്തര കുറ്റവാളിയും സർക്കീട്ടുമാണ്.
2009ൽ ഋതു എന്ന ശ്യാമപ്രസാദ് സിനിമയിലൂടെ അഭിനയം ആരംഭിച്ച ആസിഫ് അലി പിന്നീട് മികച്ച നിരവധി സിനിമകളുടെ ഭാഗമായി. ഇടയ്ക്ക് തുടരെ മോശം സിനിമകളുടെ നിർഭാഗ്യം പിടികൂടിയ ആസിഫ് അലി തലവനിലൂടെയാണ് ഈ പതിവ് തെറ്റിച്ചത്. പിന്നീട് വന്നതൊക്കെ തീയറ്ററിലും ഒടിടിയിലും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഒരു സിനിമയായിരുന്നു കിഷ്കിന്ധ കാണ്ഡം. രേഖാചിത്രവും ഇത്തരത്തിൽ തന്നെ തീയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടു.