Regachithram: രേഖാചിത്രത്തിൽ മമ്മൂട്ടിയും? പ്രതീക്ഷിക്കുന്നവർ നിരാശരാകില്ലെന്ന് ആസിഫ് അലി
Asif Ali About Mammootty on Regachithram: സിനിമ തിയേറ്ററുകളിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി.
ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘രേഖാചിത്രം’. സിനിമ തിയേറ്ററുകളിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. പ്രേക്ഷകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉന്നയിച്ചിരുന്നു. മമ്മൂട്ടി സിനിമയിൽ ഉണ്ടാകുമോ എന്ന കാര്യം തൽക്കാലം പറയാൻ കഴിയില്ലെന്നും, എന്നാൽ മമ്മൂട്ടിയെ പ്രതീക്ഷിക്കുന്നവർ നിരാശരാകില്ലെന്നും ആസിഫ് അലി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. സിനിമയ്ക്ക് എല്ലാവിധ പിൻബലവും നൽകിയ മമ്മൂട്ടിക്ക് ആസിഫ് അലി നന്ദിയും അറിയിച്ചു.
ആസിഫ് അലി പങ്കുവെച്ച കുറിപ്പ്:
” ‘രേഖാചിത്രം’ എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു.നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നിൽക്കുന്ന ഈ രാത്രിയിൽ, നിങ്ങളെല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് – അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാൻ ഒരുപാട് സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെൻസ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞാൽ തീരുന്നതല്ല, എന്നാലും മമ്മൂക്ക – എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.”
ആസിഫ് അലി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രേഖാചിത്രം’. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമ്മാണം. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് തിരക്കഥ രചിച്ചത് ജോൺ മന്ത്രിക്കൽ ആണ്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് അനശ്വര രാജനാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. അപ്പു പ്രഭാകർ ആണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്.