Ashiq abu Resignation: ഫെഫ്ക കമ്മറ്റി പിരിച്ചുവിടണം; അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു
Ashiq Abu resigned from Fefka : മുൻപ് ഒരു നിർമാതാവിൽ നിന്ന് പണം കിട്ടാത്തതിനെ തുടർന്ന് യൂണിയനെ സമീപിച്ചിരുന്നു എന്നും അന്ന് ലഭിച്ച പണത്തിൽ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയിൽ കമ്മീഷൻ ആവശ്യപ്പട്ടതായും ആഷിക് വ്യക്തമാക്കി.
കൊച്ചി: അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത് എന്നാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിഷയങ്ങളിൽ നേതൃത്വം മൗനം പാലിച്ചെന്നും. ഇത് കുറ്റകരമായ മൗനമാണെന്നുമുള്ള വിവരം വ്യക്തമാക്കിക്കൊണ്ടായിരുന്നു രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നതും ശ്രദ്ധേയമായിരുന്നു. ഫെഫ്ക കമ്മറ്റി പിരിച്ചു വിടണമെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. ഇതിന് പിന്നാലെ നേതൃത്വവും രംഗത്തെത്തി. ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞാണ് നേതൃത്വം രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടർന്ന് ആരംഭിച്ചു.
അതിനിടെയാണ് ആഷിഖ് അബുവിന്റെ രാജി പ്രഖ്യാപനം. നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്നും ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയിൽ വാചകകസർത്ത് മാത്രമാണെന്നും ആഷിഖ് ആരോപിച്ചു.
ALSO READ – വീഡിയോ കോളിൽ വരുമോ ; മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം
മുൻപ് ഒരു നിർമാതാവിൽ നിന്ന് പണം കിട്ടാത്തതിനെ തുടർന്ന് യൂണിയനെ സമീപിച്ചിരുന്നു എന്നും അന്ന് ലഭിച്ച പണത്തിൽ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയിൽ കമ്മീഷൻ ആവശ്യപ്പട്ടതായും ആഷിക് വ്യക്തമാക്കി. തീർത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് കൂട്ടിച്ചേർത്തു.
ഇതിനിടെ യുവ കഥാകൃത്ത് സംവിധായകൻ വി കെ പ്രകാശിനെതിരെ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തതിനെ തുടർന്ന് കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് കൊല്ലത്തെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗിമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്ത് പറയാതിരിക്കാൻ തനിക്ക് അദ്ദേഹം 10000 രൂപ അയച്ചുതന്നുവെന്നും യുവതി പറഞ്ഞിരുന്നു. പൊലീസ് 365 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.