Arya Badai: ‘സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിവ് വേണമെന്നില്ല, ഭാഗ്യവും ബന്ധങ്ങളും മതി’; ആര്യ ബഡായ്
Arya Badai Says Talent Is Not Necessary to Survive in the Film Industry: സിനിമാ മേഖലയിൽ തനിക്ക് വളരെ അടുത്ത സൗഹൃദങ്ങൾ ഇല്ലെന്ന് പറയുകയാണ് ആര്യ. ഇതുവരെ താരസംഘടനായ അമ്മയിൽ അംഗമല്ലെന്നും താരം പറഞ്ഞു

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരികയുമായ ആര്യ ബഡായ്. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടർന്ന് സിനിമകളിലൂടെയും അവതാരിക എന്ന നിലയിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ആര്യയ്ക്ക് കഴിഞ്ഞു. പിന്നീട് ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒന്നിനെയും ഭയക്കാതെ പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുള്ളയാളാണ് ആര്യ. ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ആര്യയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമാ മേഖലയിൽ തനിക്ക് വളരെ അടുത്ത സൗഹൃദങ്ങൾ ഇല്ലെന്ന് പറയുകയാണ് ആര്യ. ഇതുവരെ താരസംഘടനായ അമ്മയിൽ അംഗമല്ലെന്നും താരം പറഞ്ഞു. ഒരു സിനിമയിലേക്ക് എത്തിച്ചേരാൻ കഴിവ് ആവശ്യമില്ല. ഭാഗ്യവും നല്ല ബന്ധങ്ങളും ഉണ്ടെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയും. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ് എന്നും ആര്യ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“ഒരു സിനിമയിലേക്ക് എത്താനോ നല്ല കഥാപാത്രങ്ങൾ ചെയ്യാനോ ടാലന്റ് ആവശ്യമില്ല. ഭാഗ്യം വേണം. ടാലന്റിനെക്കാളും വളരെ പ്രധാനപ്പെട്ട കാര്യമാണ് ഭാഗ്യം. ഭാഗ്യവും നല്ല ബന്ധങ്ങളും ഉണ്ടെങ്കിൽ സിനിമയിൽ പിടിച്ചു നിൽക്കാം. ടാലന്റ് വേണം എന്നൊന്നും ഇല്ല. മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ്.” ആര്യ അഭിമുഖത്തിൽ പറഞ്ഞു.
“പൊതുവെ ഇപ്പോൾ മലയാള സിനിമയെ പുറത്ത് നിന്ന് വീക്ഷിക്കുകയാണെങ്കിൽ സൗഹൃദ വലയങ്ങളിൽ കുറെ സിനിമകൾ ഉണ്ടായി വരുന്നുണ്ട്. അത് കുറ്റം പറയാൻ പറ്റില്ല. അതായിരിക്കും അവരുടെ കംഫോർട്ട് സോൺ. കുറെ വിശ്വാസങ്ങളും നമ്മുടെ ഇൻഡസ്ട്രിയിൽ നിലനിന്ന് പോകുന്നുണ്ട്. ചിലരെ വെച്ച് സിനിമ ചെയ്താൽ തന്റെ അടുത്ത പടവും ഹിറ്റാകുമെന്ന് കരുതുന്നവർ ഉണ്ട്.
മീഡിയ ഫീൽഡ് എന്ന് പറയുന്നത് പ്രവചനാതീതമാണ്. എന്നും ഒരാൾ ലൈം ലൈറ്റിൽ നിൽക്കില്ല. അതിന് ഭാഗ്യം വേണം. മീഡിയ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും രണ്ടാമത്തെ ഓപ്‌ഷനായിട്ട് ഒരു പ്രൊഫഷൻ അല്ലെങ്കിൽ ഒരു ബിസിനസ് കാണും. അത് എത്ര വലിയ സൂപ്പർ സ്റ്റാർ ആണെങ്കിലും. ഇപ്പോഴത്തെ ഒരു ട്രെൻഡ് സ്വന്തമായി ബ്രാൻഡ് തുടങ്ങുക എന്നതാണ്. കാരണം ഇത് എത്ര കാലം ഉണ്ടാകും എന്ന് ആർക്കും അറിയില്ല.” എന്നും ആര്യ പറഞ്ഞു.