ARM Movie pirated copy: എആർഎമ്മിന്റെ വ്യാജ പതിപ്പിനു പിന്നിൽ മലയാളികളോ? രണ്ട് പേര്‍ അറസ്റ്റില്‍
ARM Movie pirated copy case: വ്യാജ പതിപ്പ് ഇറങ്ങിയത് വലിയ വിവാദമായിരുന്നു. ഇത് ഇറങ്ങി 30 ദിവസത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ARM Movie Poster ( Image - Facebook, Ajayante Randam Moshanam )
ബെംഗളൂരു: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ പിടിച്ചത്. കാക്കനാട് സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റിനു പിന്നിൽ. ഇവർ മലയാളികളാണെന്ന സൂചനയും ഇതിനൊപ്പം പുറത്തു വരുന്നുണ്ട്. ഇവരെ വൈകീട്ട് കാക്കനാട് എത്തിക്കുമെന്നാണ് വിവരം.
വ്യാജ പതിപ്പ് ഇറങ്ങിയത് വലിയ വിവാദമായിരുന്നു. ഇത് ഇറങ്ങി 30 ദിവസത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോ നായകനായി എത്തിയ എ ആർ എം ഓണത്തിനാണ് തിയേറ്ററുകളിലെത്തിയത്. ഫാൻ്റസി ആക്ഷൻ ജോണറിലൊരുങ്ങിയ ചിത്രം ത്രിഡിയിലായിരുന്നു. മികച്ച പ്രതികരണവും തിയേറ്റർ കളക്ഷനും നേടിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജപതിപ്പ് പുറത്തു വന്നത്.
വ്യാജ പതിപ്പ് ആളുകൾ കാണുന്നതിന്റെ വീഡിയോയും ഇതിനിടെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ടൊവിനോയും നിർമാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫനും രംഗത്തുവന്നതും ശ്രദ്ധ പിടിച്ചുപറ്റി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു ജി എം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്.
ചിത്രം പുറത്തിറങ്ങി നാല് ദിവസങ്ങൾകൊണ്ട് 35 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ എആർഎമ്മിനായി. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ എന്നാണ് ടൊവിനോ പറയുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാർ. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്..