ARM Movie Piracy Case: റിക്ലെയിനർ സീറ്റ് ടിക്കറ്റ് എടുക്കും; പുതപ്പിൽ ക്യാമറ ഒളിപ്പിക്കും, ഇരുവശത്തും സംഘത്തില്‍പ്പെട്ടവര്‍; സിനിമ വ്യാജപതിപ്പുകൾക്ക് പിന്നിലെ പണി ഇങ്ങനെ
ഇതിനായി ഏറ്റവും മികച്ച തിയറ്ററുകൾ തന്നെ തെരഞ്ഞെടുക്കും. അതിൽ ഏറ്റവും ഉയര്‍ന്നനിരക്കിലുള്ള റിക്ലെയിനർ സീറ്റുകൾ ബുക്ക് ചെയ്യും. കിടക്കാവുന്ന സീറ്റുകളുളള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക.
കൊച്ചി: ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ് ഷൂട്ട് ചെയ്തവർക്ക് പ്രതിഫലം ആയി ലഭിച്ചത് ഒരു ലക്ഷം രൂപയെന്ന് പോലീസ്. ഒരു ചിത്രം പകർത്തി അതിന്റെ വീഡിയോ അപ്ലോഡ് ചെയ്താല്‍ ഒരുലക്ഷം രൂപയായിരുന്നു ഇവർക്ക് കിട്ടിയത്. ഇത്തരത്തിൽ 32 സിനിമകളാണ് പകർത്തി നൽകിയത്. കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്നുമാണ് ചിത്രം പകർത്തിയത്. തമിഴ് എംവി എന്ന ടെലഗ്രാം ഐഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. റിമാൻഡ് റിപ്പോർട്ടിലാണ് വിശദാംശങ്ങൾ ഉള്ളത്.
കേസിലാണ് തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍ (29), പ്രവീണ്‍ കുമാര്‍ (31) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിലെ എസ്.ആര്‍.കെ. മിറാജ് തിയേറ്ററില്‍നിന്നാണ് പ്രതികള്‍ എ.ആര്‍.എം. സിനിമ മൊബൈലില്‍ പകര്‍ത്തിയത്. സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കുപ്രസിദ്ധ സംഘമായ ‘തമിഴ് റോക്കേഴ്‌സി’ന്റെ ഭാഗമാണ് ഇരുവരും. ബെംഗളൂരുവിലെ ഗോപാലന്‍ മാളിലെ തിയേറ്ററില്‍ രജനികാന്ത് അഭിനയിച്ച ‘വേട്ടയ്യന്‍’ മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
എന്നാൽ ഇത്തരത്തിൽ ചിത്രം പകർത്തുന്നതിനു വലിയ തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഇവർ നടത്തിയിരുന്നത്. ഇതിനായി ഏറ്റവും മികച്ച തിയറ്ററുകൾ തന്നെ തെരഞ്ഞെടുക്കും. അതിൽ ഏറ്റവും ഉയര്‍ന്നനിരക്കിലുള്ള റിക്ലെയിനർ സീറ്റുകൾ ബുക്ക് ചെയ്യും. കിടക്കാവുന്ന സീറ്റുകളുളള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. മധ്യഭാഗത്തായി ഇരുന്ന് പുതുപ്പിനുള്ളിൽ ക്യാമറ ഒളിപ്പിച്ചാണ് ചിത്രം പകർത്തുന്നത്. ഇരുവശത്തും പ്രതികളുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് തന്നെ ടിക്കറ്റെടുക്കും. റിലീസ് ദിവസം തന്നെ സിനിമകൾ തിയറ്ററിൽ നിന്ന് പകർത്തുന്നതാണ് ഇവരുടെ രീതി. അഞ്ചാംഗസംഘമാണ് തിയറ്ററിൽ ഇതിനായി ഒന്നിച്ച് എത്തുന്നത്. തൊട്ടടുത്ത സീറ്റുകളിലായി ഇരിക്കും, അതിൽ ഒരാൾ സിനിമ പകർത്തും മറ്റുള്ളവർ ഇയാൾക്ക് സംരക്ഷണം നൽകുന്നതുമാണ് പതിവ്. തുടർന്ന് വെബ്‌സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും ചിത്രം പ്രചരിപ്പിക്കും. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലേക്കും ഇക്കൂട്ടർ സബ്‌ടൈറ്റിൽ തയ്യാറാക്കി ചിത്രം വെബ്‌സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിപ്പിക്കും.
റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം ചിത്രത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിച്ചത്. ട്രെയിനിൽ ഒരു യാത്രക്കാരൻ സിനിമ കാണുന്നതിന്റെ ചിത്രം സംവിധായകൻ ജിതിൻ ലാൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ജിതിൻ കൊച്ചി സൈബർ പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകർത്തിയത് കോയമ്പത്തൂരിലെ തീയറ്ററിൽ നിന്നാണ് എന്ന് കണ്ടെത്തിയത്. സിനിമക്കായി ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരിൽ നിന്നായിരുന്നു. വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് സിനിമ പ്രവർത്തകരുടെ ആവശ്യം.