Archana Kavi: മോഹൻലാൽ നായകൻ, ആഷിഖ് അബു സംവിധാനം; 96മായി സാമ്യത തോന്നിയതിനാൽ തൻ്റെ തിരക്കഥ ഉപേക്ഷിച്ചെന്ന് അർച്ചന കവി
Archana Kavi Reveals Her Script Was Dropped: മോഹൻലാലിനെ നായകനാക്കി താൻ എഴുതിയ തിരക്കഥ ഉപേക്ഷിക്കേണ്ടിവന്നു എന്ന് നടി അർച്ചന കവി. ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന സിനിമ, 96 എന്ന സിനിമയുമായുള്ള സാമ്യതകൾ കാരണം ഉപേക്ഷിക്കേണ്ടിവന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
96 സിനിമയുമായി സാമ്യത തോന്നിയതിനാൽ താൻ എഴുതിയ തിരക്കഥ ഉപേക്ഷിച്ചു എന്ന് നടി അർച്ചന കവി. മൂന്ന് ഡ്രാഫ്റ്റ് വരെ തിരക്കഥ എഴുതിയിരുന്നു എന്നും മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടിരുന്നു എന്നും അർച്ചന കവി പറഞ്ഞു. ആഷിഖ് അബു സിനിമ സംവിധാനം ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. എന്നാൽ, 96മായി സാമ്യത തോന്നിയതിനാൽ തിരക്കഥ ഉപേക്ഷിക്കുകയായിരുന്നു എന്നും അർച്ചന കവി പറഞ്ഞു. ഒരു ഓണലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർച്ചന കവിയുടെ വെളിപ്പെടുത്തൽ.
താൻ ഇതുവരെ 96 കണ്ടിട്ടില്ലെന്ന് നടി അഭിമുഖത്തിൽ പറയുന്നു. സിനിമ കണ്ടാൽ ചിലപ്പോ തൻ്റെ തിരക്കഥ മറ്റ് രീതിയിൽ എഴുതാൻ കഴിയുമായിരിക്കും. പക്ഷേ, താൻ വളരെ ദുഖിതയായിരുന്നു. മൂന്ന് ഡ്രാഫ്റ്റ് വരെ തിരക്കഥ എഴുതി. മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടിരുന്നു. ആഷിഖ് അബു സിനിമ സംവിധാനം ചെയ്യാമെന്ന് സമ്മതിച്ചു. ഒരു എഴുത്തുകാരിയെന്ന നിലയിൽ അത് വളരെ നല്ല തുടക്കമായിരുന്നു. ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയിൽ അഭിനയിച്ചതാരെന്ന് ചോദിച്ചാൽ തന്നെ വലിയ ഒരു നേട്ടമാവേണ്ടിയിരുന്നു അത്. ലാലേട്ടൻ്റെ പഴയ റൊമാൻസ് കാണാനായിരുന്നു ശ്രFaമം. വിദ്യാ ബാലനെ മോഹൻലാലിൻ്റെ പെയർ ആക്കാനായിരുന്നു ശ്രമം. ഷൂട്ട് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപാണ് 96 റിലീസായത്. അങ്ങനെ അവസാന നിമിഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു. തനിക്കറിയുമോ തമിഴ്നാട്ടിൽ എവിടെയോ ഇരുന്ന് ആരോ ഇങ്ങനെ ഒരു കഥ എഴുതുമെന്ന്. 96 കാണാൻ ചിലപ്പോൾ ശ്രമിക്കുമെന്നും അർച്ചന അഭിമുഖത്തിൽ പറയുന്നു.
Also Read : Honey Rose: കോൺഫിഡൻസും കംഫേർട്ടും നൽകുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്
2009ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെയാണ് അർച്ചന കവി സിനിമാഭിനയം ആരംഭിക്കുന്നത്. 2016ൽ മഖ്ബൂൽ സൽമാൻ നായകനായ ദൂരം എന്ന സിനിമയ്ക്ക് ശേഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. വിവാഹിതയായതിനെ തുടർന്നാണ് അർച്ചന കരിയർ അവസാനിപ്പിച്ചത്. സ്റ്റാൻഡപ്പ് കൊമേഡിയനായ അബിഷ് മാത്യുവിനെയാണ് അർച്ചന വിവാഹം കഴിച്ചത്. 2021ൽ ഇവർ വിവാഹമോചനം തേടി. വിവാഹമോചനത്തിന് ശേഷം ഈ വർഷം പുറത്തിറങ്ങിയ ടൊവിനോ തോമസ് സിനിമ ‘ഐഡൻ്റിറ്റി’യിലൂടെ താരം വീണ്ടും സിനിമയിലേക്ക് മടങ്ങിവന്നിരുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് എഴുതി സംവിധാനം ചെയ്ത ഐഡൻ്റിറ്റി ഈ മാസം രണ്ടിനാണ് റിലീസായത്.
സി പ്രേം കുമാർ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 96. തിരക്കഥയും അദ്ദേഹം തന്നെ നിർവഹിച്ചു. വിജയ് സേതുപതി, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ 2018 ഒക്ടോബർ നാലിന് തീയറ്ററുകളിലെത്തി. തീയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം കേരളത്തിലും സ്വീകരിക്കപ്പെട്ടു. കേരള ബോക്സോഫീസിൽ സിനിമ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. സിനിമയ്ക്കൊപ്പം സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഗോവിന്ദ് വസന്തയായിരുന്നു സിനിമയ്ക്കായി സംഗീതമൊരുക്കിയത്. മഹേന്ദിരൻ ജയരാജു, എൻ ഷണ്മുഖ സുന്ദരം എന്നിവർ ചേർന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ആർ ഗോവിന്ദ് രാജ് ആയിരുന്നു എഡിറ്റർ.