Arattannan Arrest : ആറാട്ടണ്ണൻ അറസ്റ്റിൽ; നടപടി നടി ഉഷ വസീന നൽകിയ പരാതിയിൽ
Arattanna Case And Arrest : സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി : സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അറസ്റ്റിൽ. ഫേസ്ബുക്കിൽ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് എറണാകുളം നോർത്ത് പോലീസാണ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. നടി ഉഷ വസീന നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഉഷ വസീനയ്ക്ക് പുറമെ 15 ഓളം വനിത ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയ താരത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിട്ടുണ്ട്.
ജാമ്യം ലഭിക്കാത്ത വകുപ്പകൾ പ്രകാരമാണ് സന്തോഷ് വർക്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉഷ വസീനയ്ക്ക് പുറമെ ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കക്കു പരമേശ്വർ തുടങ്ങിയവരും ആറാട്ടണ്ണനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. സന്തോഷ് വർക്കിയുടെ പരാമർശം 40 വർഷം സിനിമയിൽ പ്രവർത്തിക്കുന്ന തനിക്ക് വ്യക്തിപരമായ വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം സോഷ്യൽ മീഡിയ താരം പങ്കുവെച്ചിട്ടുള്ളതെന്ന് ഉഷ ഹസീന തൻ്റെ പരാതിയിൽ പറയുന്നു.
സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്ന് നടനും കൂടിയായ സോഷ്യൽ മീഡിയ താരം ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേർ വിമർശനം ഉന്നയിച്ചെങ്കിലും പോസ്റ്റ് പിൻവലിക്കാൻ ആറാട്ടണ്ണൻ തയ്യാറായില്ല. തുടർന്ന് സമൂഹത്തിലെ മറ്റുള്ളവരെ കുറിച്ചും മോശമായ പോസ്റ്റുകൾ സന്തോഷ് വർക്കി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ആരാണ് സന്തോഷ് വർക്കി?
മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ നൽകിയതിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയിൽ പ്രമുഖനായത്. ട്രോളന്മാർ ആറാട്ടണ്ണൻ എന്ന സന്തോഷ വർക്കിയെ ട്രോളിയപ്പോൾ, ആ പേര് അങ്ങ് സ്വയം സ്വീകരിക്കുകയും ചെയ്തു. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച സന്തോഷ് വർക്കി, ഈ അടുത്തിടെ ഇറങ്ങിയ ബാഡ് ബോയ്സ്, മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.