AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
AR Rahman and Saira Banu divorce: ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും പറഞ്ഞത്. ഭാര്യ സൈറയാണ് ആദ്യമായി ഇക്കാര്യം പറഞ്ഞുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്. വേദനയോടെ എടുത്ത തീരുമാനം ആണെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് എആർ റഹ്മാനും രംഗത്ത് എത്തിയിരുന്നു. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് സോഷ്യൽ മീഡിയയായ എക്സിലൂടെ റഹ്മാൻ പറഞ്ഞത്.
ഇപ്പോഴിതാ തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് എആര്‍ റഹ്മാൻ. യൂട്യൂബ് ചാനലുകൾക്ക് താരം വക്കീൽ നോട്ടീസ് അയച്ചു. എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാൽ ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.
Notice to all slanderers from ARR’s Legal Team. pic.twitter.com/Nq3Eq6Su2x
— A.R.Rahman (@arrahman) November 23, 2024
അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ കൂടിപോയാൽ 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അതേസമയം എ.ആർ. റഹ്മാനുമായി ബന്ധപ്പെട്ടുയർന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് കഴിഞ്ഞ ദിവസം ബാൻഡ് അംഗം മോഹിനി ഡേ വ്യക്തമാക്കിയിരുന്നു. ഇത്തരം ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞ് എ.ആർ. റഹ്മാന്റെ മകൻ അമീൻ രംഗത്തെത്തിയിരുന്നു.