AR Rahman: ‘പുലർച്ചെ 3.30നുള്ള റെക്കോർഡിങ് എന്ത് ക്രിയേറ്റിവിറ്റിയാണ്?’; എആർ റഹ്മാനെതിരെ ബോളിവുഡ് ഗായകൻ
Abhijeet Bhattacharya Criticizes AR Rahman: എആർ റഹ്മാന് ചിട്ടയില്ലെന്ന ആരോപണവുമായി ബോളിവുഡ് പിന്നണി ഗായകൻ അഭിജിത് ഭട്ടാചാര്യ. പുലർച്ച രണ്ട് മണിക്ക് തന്നെ റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചെന്നും താൻ രാവിലെ ചെന്നപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിഹാസ സംഗീതസംവിധായകൻ എആർ റഹ്മാനെതിരെ ബോളിവുഡ് പിന്നണി ഗായകനായ അഭിജിത് ഭട്ടാചാര്യ. എആർ റഹ്മാന് ചിട്ടയില്ലെന്നും റെക്കോർഡിങ് വൈകിപ്പിക്കാറുണ്ടെന്നും അഭിജിത് ഭട്ടാചാര്യ കുറ്റപ്പെടുത്തി. ബോളിവുഡ് ഠികാനയക്ക് നൽകിയ അഭിമുഖത്തിലാണ് അഭിജിത്തിൻ്റെ വിമർശനം. ഒരു പാട്ടിൽ മാത്രമാണ് അഭിജിത്തും റഹ്മാനും സഹകരിച്ചിട്ടുള്ളത്.
“ആ സമയത്ത് എനിക്ക് പല പ്രധാന സംഗീതസംവിധായകരിൽ നിന്നും വിളി വരാറുണ്ടായിരുന്നു. അനു മാലിക്, ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത് അങ്ങനെ പലരും ആ സമയത്ത് വിളിക്കുമായിരുന്നു. മിക്ക സമയങ്ങളിലും ഞാൻ ഡബ്ബിങിൽ തിരക്കിലായിരിക്കും. ഞാൻ റഹ്മാനെ കാണാൻ പോയി ഹോട്ടലിൽ കാത്തുനിൽക്കുകയായിരുന്നു. ഏറെ നേരം കാത്തുനിൽക്കാനാവില്ല എന്ന് ഞാൻ തീരുമാനിച്ചു. രാവിലെ റെക്കോർഡ് ചെയ്യാമെന്ന് തീരുമാനിച്ചു. പുലർച്ചെ രണ്ട് മണിക്ക് എന്നെ സ്റ്റുഡിയോയിലേക്ക് വിളിച്ച് കോൾ വന്നു. എനിക്കെന്താ വട്ടാണോ? ഉറക്കമാണെന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു. പിറ്റേന്ന് രാവിലെയാണ് ഞാൻ സ്റ്റുഡിയോയിലേക്ക് ചെന്നത്. ആ സമയത്ത് അദ്ദേഹം അവിടെ ഇല്ലായിരുന്നു. കൃത്യസമയത്ത് ജോലി ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ല. ഞാൻ അങ്ങനെ ജോലി ചെയ്യുന്നയാളാണ്. ക്രിയേറ്റിവിറ്റിയുടെ പേരിൽ രാവിലെ 3.33ന് റെക്കോർഡ് ചെയ്യാം എന്ന് പറഞ്ഞാൽ എനിക്കത് മനസിലാവില്ല.”- അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
നിരവധി പരാജയ സിനിമകളിൽ താൻ മികച്ച പാട്ടുകൾ പാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അത്തരത്തിലൊന്നായിരുന്നു. ആരും പടം കണ്ടില്ല. പാട്ട് റഹ്മാൻ്റേതാണ്. ഇങ്ങനെ പെരുമാറിയാൽ ഒരു കലാകാരൻ നല്ല ആളോ മോശം ആളോ ആയി മാറില്ല. താൻ ചെല്ലുമ്പോൾ അവിടെ റഹ്മാൻ്റെ അസിസ്റ്റൻ്റാണ് ഉണ്ടായിരുന്നത്. റഹ്മാന് വേണ്ടി കാത്തുനിൽക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തനിക്ക് മറ്റ് ചില കാര്യങ്ങളുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ്റെ പഴയകാല സിനിമളിലൊക്കെ സ്ഥിരമായി പാടിക്കൊണ്ടിരുന്നയാളാണ് അഭിജിത് ഭട്ടാചാര്യ. വോയിസ് ഓഫ് എസ്ആർകെ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബാദ്ഷാ, ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ, ജോഷ്, കഹോ ന പ്യാർ ഹേ, ഭിർ ബി ദിൽ ഹേ ഹിന്ദുസ്താനി, ഓം ശാന്തി ഓം തുടങ്ങി വിവിധ ഷാരൂഖ് സിനിമകളിലും 90കളിലെ വിവിധ ഹിറ്റ് സിനിമകളും അദ്ദേഹം പാടി. 1982ൽ അതുല്യ ഗായിക ആശ ഭോസ്‌ലെയുമൊത്ത് ബെംഗാളി സിനിമയായ അപാരുപയിലാണ് അദ്ദേഹം ആദ്യമായി പാടുന്നത്. 90കളിൽ ഹിന്ദി പശ്ചാത്തല സംഗീതരംഗത്ത് നിറഞ്ഞുനിന്ന അഭിജിത്ത് 2023ൽ പുറത്തിറങ്ങിയ ‘ദി പൂർവാഞ്ചൽ ഫയൽസ്’ എന്ന സിനിമയിലാണ് അവസാനമായി പാടുന്നത്. ആയിരത്തിലധികം സിനിമകളിൽ നിന്നായി 6000ലധികം പാട്ടുകൾ അദ്ദേഹം പാടി. ഹിന്ദി, ബംഗാളി, മറാഠി, തമിഴ്, പഞ്ചാബി, ഒഡിയ, ഭോജ്പുരി, നേപ്പാളി തുടങ്ങി വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. മീ ടൂ വിവാദത്തിൽ അഭിജിത്തിനെതിരെയും വിവിധ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ‘തടിച്ച, വിരൂപരായ പെണ്ണുങ്ങൾ തന്നെ കുറ്റപ്പെടുത്തുകയാണ്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇതടക്കം പല വിവാദങ്ങളും കേസുകളും അഭിജിത്തിനുണ്ടായിരുന്നു.