AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നം; ആശുപത്രി വിട്ടു
AR Rahman: നിർജലീകരണത്തെ തുടർന്ന് ആരോഗ്യനില മോശമായതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് റഹ്മാനെ പരിശോധിച്ചത്.

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും പതിവ് പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് രാവിലെ 7.10ഓടെയാണ് ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ എആര്‍ റഹ്മാനെ പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് രാവിലെ പുറത്ത് വന്ന വിവരം.
നിർജലീകരണത്തെ തുടർന്ന് ആരോഗ്യനില മോശമായതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് റഹ്മാനെ പരിശോധിച്ചത്. പിതാവ് സുഖമായിട്ടിരിക്കുന്നുവെന്നും ആരാധകരുടെയും കുടുംബാംഗങ്ങളുടെയും തങ്ങളെ സ്നേഹിക്കുന്നവരുടെയും പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദിയെന്നും മകൻ അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പതിവ് പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും അമീൻ വ്യക്തമാക്കി.
ആശുപത്രി അധികൃതരുമായി സംസാരിച്ചുവെന്നും റഹ്മാന് കുഴപ്പമൊന്നുമില്ലെന്ന് അവർ അറിയിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
இசைப்புயல் @arrahman அவர்கள் உடல்நலக்குறைவால் மருத்துவமனையில் அனுமதிக்கப்பட்டுள்ள செய்தியறிந்தவுடன், மருத்துவர்களைத் தொடர்புகொண்டு அவரது உடல்நலன் குறித்துக் கேட்டறிந்தேன்!
அவர் நலமாக உள்ளதாகவும் விரைவில் வீடு திரும்புவார் என்றும் தெரிவித்தனர்! மகிழ்ச்சி!
— M.K.Stalin (@mkstalin) March 16, 2025
അതേസമയം, തന്നെ എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് സൈറ ബാനു രംഗത്തെത്തിയിരുന്നു. തങ്ങൾ നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നും വേർപിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പറഞ്ഞു. എആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്. എആർ റഹ്മാനുമായുള്ള ബന്ധം പിരിയാൻ കാരണം തന്റെ ആരോഗ്യ പ്രശ്നങ്ങളാണെന്ന് സൈറ വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന റഹ്മാൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അടുത്തിടെ സൈറ ബാനുവും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കിയിരുന്നു. ആ ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയ എആർ റഹ്മാന് സൈറ ബാനു നന്ദി അറിയിച്ചിരുന്നു. 1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. 2024 നവംബറിലാണ് റഹ്മാനുമായുള്ള ബന്ധം വേർപിരിയുകയാണെന്ന് സൈറ ബാനു അറിയിച്ചത്. അടുക്കാനാവാത്ത വിധം അകന്ന് പോയെന്നായിരുന്നു അവർ പറഞ്ഞത്. പിന്നാലെ റഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് വികാരനിർഭരമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.