Apsara Ratnakaran: 11 വര്‍ഷം അഭിനയിച്ചിട്ടും ലഭിക്കാത്ത തുക ബിഗ്‌ബോസില്‍ നിന്ന് കിട്ടി: അപ്‌സര
Apsara Ratnakaran about Bigg Boss Remuneration: ആള്‍ക്കാര്‍ വിചാരിക്കുന്നത് എനിക്ക് ഒരു നാല്‍പത് വയസെങ്കിലും ഉണ്ടാകുമെന്നാണ്. ബിഗ് ബോസില്‍ പോയി കുറച്ച് കഷ്ടപ്പെട്ടാലും റിസള്‍ട്ട് ഉണ്ടാക്കണം. അതെല്ലാമാണ് തുടക്കത്തില്‍ ചിന്തിച്ചത്.
സീരിയലുകളിലൂടെയാണ് അപ്‌സര രത്‌നാകരന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. സാന്ത്വനം എന്ന സീരിയല്‍ അപ്‌സരയെ കൂടുതല്‍ സുപരിചിതയാക്കി. എന്നാല്‍ താരത്തിന് കൂടുതല്‍ തിളക്കം നല്‍കിയത് ബിഗ് ബോസിലേക്കുള്ള എന്‍ട്രിയാണ്. ഇതോടെ അപ്‌സര എല്ലാവരുടെയും ഹൃദയത്തിലേക്ക് ചേക്കേറി. ബിഗ് ബോസ് സീസണ്‍ 6ലെ ഒരു ശക്തയായ മത്സരാര്‍ത്ഥി തന്നെയായിരുന്നു അപ്‌സര. എന്നാല്‍ ഫിനാലേയിലേക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരത്തിന് പുറത്തുപോകേണ്ടി വന്നു.
എന്നാല്‍ ആ ഷോ തന്റെ ജീവിതം ആകെ മാറ്റിമറിച്ചുവെന്ന് പറയുകയാണ് അപ്‌സര. പല നേട്ടങ്ങളും അതുവഴി തന്നെ തേടിയെത്തിയെന്നും താരം പറയുന്നുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസുതുറക്കുന്നത്.
Also Read: Asif Ali: അത് മുഖത്ത് വെച്ചാല്‍ എക്‌സ്പ്രഷന്‍സ് ആളുകള്‍ക്ക് മനസിലാകില്ലെന്ന് അവന്‍ പറഞ്ഞു: ആസിഫ് അലി
‘ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ അഭിമുഖങ്ങളിലും മറ്റുമൊക്കെ പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാനകാരണം തടി കുറയ്ക്കുന്നതാണെന്ന്. തടിയുടെ പേരില്‍ പലതരത്തിലുള്ള ബോഡി ഷെയിമിങ്ങിനും ഞാന്‍ വിധേയമായിട്ടുണ്ട്. പ്രായം കൂടുതല്‍ പറയുന്നുണ്ട്, തള്ള ലുക്കായി എന്നൊക്കെ ആളുകള്‍ പറയും. ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ അല്‍പം പക്വത ഉള്ളതായിരുന്നു. അമ്മയുടെ പ്രായമുള്ളവരൊക്കെ വന്നിട്ട് എന്നെ ജയന്തി ചേച്ചി എന്ന് വിളിക്കും.
ചിലപ്പോള്‍ ആ ക്യാരക്ടറിനോടുള്ള ഇഷ്ടംകൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്. ആള്‍ക്കാര്‍ വിചാരിക്കുന്നത് എനിക്ക് ഒരു നാല്‍പത് വയസെങ്കിലും ഉണ്ടാകുമെന്നാണ്. ബിഗ് ബോസില്‍ പോയി കുറച്ച് കഷ്ടപ്പെട്ടാലും റിസള്‍ട്ട് ഉണ്ടാക്കണം. അതെല്ലാമാണ് തുടക്കത്തില്‍ ചിന്തിച്ചത്. ബിഗ് ബോസില്‍ പോയതുകൊണ്ട് വേറെയും നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.
എന്റെ പ്രൊഫഷനില്‍ എനിക്ക് ഒരു ബ്രേക്ക് കിട്ടി. എന്റെ ലുക്കിലായാലും ആളുകള്‍ക്കിടയിലുള്ള ഇംപാക്ടിലായാലും മാറ്റം വന്നിട്ടുണ്ട്. ഞാന്‍ ഇതുവരെ ചെയ്തതൊക്കെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ എന്നെ കുറിച്ച് ആളുകള്‍ക്കിടയില്‍ അത്തരമൊരു ഇമേജായിരുന്നു ഉണ്ടായിരുന്നത്. ബിഗ് ബോസില്‍ പോയതോടെ ഞാന്‍ എന്താണെന്ന് ആളുകള്‍ക്ക് മനസിലായി.
ഇതുകൂടാതെ സാമ്പത്തികമായിട്ടും നല്ലത് തന്നെയാണ് സംഭവിച്ചത്. പതിനൊന്ന് വര്‍ഷമായിട്ട് അഭിനയരംഗത്തുള്ള ഒരാളാണ് ഞാന്‍. ഈ പതിനൊന്ന് വര്‍ഷം കഷ്ടപ്പെട്ടാല്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം എനിക്ക് ബിഗ് ബോസില്‍ നിന്നും മൂന്ന് മാസം കൊണ്ട് കിട്ടി. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഒരു സര്‍വൈവല്‍ ഷോയാണ്. ജീവിതത്തില്‍ എന്ത് വന്നാലും എനിക്ക് നേരിടാന്‍ സാധിക്കുമെന്നൊരു ആത്മവിശ്വാസം വന്നിട്ടുണ്ട്.
എന്റെ കൂടെ നിന്ന് പണി തന്നവര്‍ ഇഷ്ടംപോലെയുണ്ട്. ആളുകളുമായി പെട്ടെന്ന് അടുക്കുകയും അവരെ വല്ലാതെ വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും അങ്ങനെ അടുപ്പം തോന്നുന്നവരുമായി വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ അവര്‍ അത് മറ്റുള്ളവരോട് പോയി പറഞ്ഞ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. എന്നെകൊണ്ടുള്ള ആവശ്യം കഴിഞ്ഞതിന് ശേഷം ജീവിതത്തില്‍ നിന്ന് ഇറങ്ങിപോയവരും ഉണ്ട്,’ അപ്‌സര പറയുന്നു.