Aparna Johns: ‘വിൻസി പറഞ്ഞതെല്ലാം ശരി, ഷൈൻ വെള്ളപ്പൊടി തുപ്പിയത് എന്റ മുന്നിൽ വെച്ച്’; നടി അപർണ ജോൺസ്
Aparna Johns against Shine Tom Chacko: സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച് ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് അപർണ്ണ ജോൺസ് ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും നടി പറഞ്ഞു.

അപർണ ജോൺസ്, ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസ് നൽകിയ പരാതിയെ പിന്തുണച്ച് നടി അപർണ ജോൺസ്. വിൻസിയുടെ പരാതി നൂറ് ശതമാനം ശരിയാണെന്നും ഷൈൻ തന്നോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അപർണ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച് ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് അപർണ്ണ ജോൺസ് ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും നടി പറഞ്ഞു. ഇതേതുടർന്ന് ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നു. തൻ്റെ പരാതിയിൽ ഇന്റേണൽ കംപ്ലയ്ൻ്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും അപർണ വ്യക്തമാക്കി.
‘വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ ഓസ്ട്രേലിയയിലാണ് ജീവിക്കുന്നത്. അതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അപർണ പറഞ്ഞു.