Anumol: ‘ആരും വിശ്വസിക്കില്ല, അന്ന് ഞാൻ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോ എടുത്ത് വെച്ചിരുന്നു’; അനുമോൾ
Anumol Reveals Her Admiration for Mammootty: അടുത്തിടെ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് പറയുകയാണ് അനുമോൾ. സെറ്റിൽ മുഴുവൻ നേരവും മമ്മൂട്ടിയെ സ്കാൻ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്ന് നടി പറയുന്നു.

അനുമോൾ
വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അനുമോള്‍. തമിഴ് ചിത്രങ്ങളിലൂടെ സിനിമ ജീവിതം ആരംഭിച്ച അനുമോൾ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ഇപ്പോഴിതാ, അടുത്തിടെ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് പറയുകയാണ് നടി. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
എംടി വാസുദേവന്‍നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രത്തിലെ അനുഭവമാണ് അനുമോള്‍ അഭിമുഖത്തിൽ പങ്കുവെച്ചത്. ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമായിരുന്നു ഇത്. മമ്മൂട്ടിയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നിയെന്നും, സെറ്റിൽ മുഴുവൻ നേരവും മമ്മൂട്ടിയെ സ്കാൻ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നും അനുമോൾ അഭിമുഖത്തിൽ പറഞ്ഞു.
“ആ ചിത്രത്തിന് മുമ്പ് മമ്മൂക്കയുടെ പെർഫോമൻസൊക്കെ ഞാൻ സ്‌ക്രീനിൽ മാത്രമേ കണ്ടിരുന്നുള്ളൂ. നേരിട്ട് കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ. ആ സിനിമയിൽ സിങ്ക് സൗണ്ടായിരുന്നു. അപ്പോൾ എല്ലാവരോടും പുറത്ത് പോവാൻ പറയുമ്പോഴും ഞാൻ മോണിട്ടറിന്റെ അടുത്ത് ഒട്ടി നിൽക്കുമായിരുന്നു അദ്ദേഹത്തെ ഒന്ന് കാണാൻ വേണ്ടിയിട്ട്.
അദ്ദേഹം എങ്ങനെയാണ് അദ്ദേഹത്തിന്റെ ബോഡി യൂസ് ചെയ്യുന്നത് എന്നൊക്കെ അറിയണമായിരുന്നു. നമ്മളേക്കാളൊക്കെ എത്രയോ സീനിയറാണ്. നമുക്ക് പലപ്പോഴും മടിയായിരിക്കും. നമ്മളെ വിളിക്കുമ്പോൾ ചിലപ്പോൾ പതുക്കെയൊക്കെയാകും എഴുന്നേറ്റ് സെറ്റിലേക്ക് വരുന്നത്. എന്നാൽ മമ്മൂക്ക വളരെ പ്ലസന്റായിട്ട്, ഹാപ്പിയായിട്ടാണ് സെറ്റിൽ വരിക. മമ്മൂക്കയുടെ എനർജി തന്നെയാണ് അദ്ദേഹത്തെ ഒരു സൂപ്പർസ്റ്റാറായി ഇത്രയും കാലം സിനിമയിൽ നിർത്തിയത്. അതൊക്കെ നേരിട്ട് നോക്കി കാണാൻ പറ്റി എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ഇതാണെങ്കിൽ അഭിനയം നോക്കണം, ഡ്രസിങ് നോക്കണം, അദ്ദേഹത്തിന്റെ കയ്യും കാലുമൊക്കെ നോക്കണം. ആരും വിശ്വസിക്കില്ല. ഞാൻ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്. ഷർട്ട്, വിരൽ ഇങ്ങനെ എല്ലാം ഞാൻ നോക്കികൊണ്ടിരുന്നു. മൊത്തത്തിൽ ഞാൻ മമ്മൂക്കയെ സ്‌കാൻ ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു.” അനുമോൾ പറഞ്ഞു.