Anora OTT Release: മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് അവാർഡുകൾ, ഓസ്കാറിൽ തിളങ്ങിയ ‘അനോറ’ ഇനി ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?
Anora OTT Release: ലൈംഗിക തൊഴിലാളിയായ അനോറ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം ഓസ്കാറിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. അതേസമയം, ഇപ്പോൾ തന്നെ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു ഓപ്ഷനുമുണ്ട്.

ഇത്തവണ ഓസ്കറിൽ വലിയ ആധിപത്യം സ്ഥാപിച്ച ചിത്രമാണ് ഷോൺ ബേക്കറുടെ അനോറ. മികച്ച ചിത്രം, മികച്ച നടി, മികച്ച തിരക്കഥ, മികച്ച സംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
സംവിധായകൻ ഷോൺ ബേക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും എഡിറ്ററും. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓസ്കറിൽ നിരവധി അവാർഡുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. കൊറിയന്‍ സംവിധായകന്‍ ബോങ് ജൂന്‍ ഹോയ്ക്ക് ശേഷം ഒറ്റ ചിത്രത്തിൽ നിരവധി അവാർഡ് വാങ്ങിക്കൂട്ടിയ സംവിധായകനായകൻ എന്ന റെക്കോർഡും ഷോൺ നേടി. ലൈംഗിക തൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രം ദി ബ്രൂട്ടലിസ്റ്റിനെ മറി കടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയിരുന്നു.
ഇപ്പോഴിതാ, ഇത്രയുമധികം അംഗീകാരം നേടിയ റൊമാന്റിക് കോമഡി ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. തിയറ്ററുകളിൽ അനോറയെ നഷ്ടപ്പെടുത്തിയ ഇന്ത്യൻ പ്രേക്ഷകർക്ക് മാർച്ച് 17 മുതൽ ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം ആസ്വദിക്കാവുന്നതാണ്.
അതേസമയം ഇപ്പോൾ തന്നെ സിനിമ കാണണമെന്നുള്ളവർക്ക് മറ്റൊരു ഓപ്ഷൻ കൂടി ഉണ്ട്. Zee5 വഴി ചിത്രം കാണാവുന്നതാണ്. എന്നാൽ 129 രൂപ അടച്ച് മാത്രമാണ് ഇത് കാണാനാകുക.
ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയുടെ കഥയാണ് അനോറ പറയുന്നത്. അനോറയെന്ന അനിയായി വേഷിട്ട മൈക്കി മാഡിസണിന്‍റെ പ്രകടനമാണ് ചിത്രത്തിന്‍റെ കാതൽ. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ലേഡി ഇൻ ദി ലേക്ക്, സ്‌ക്രീം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് മൈക്കി. ഇപ്പോൾ അനോറയിലൂടെ മികച്ച നടിയായും ഓസ്കർ തെരഞ്ഞെടുത്തിരിക്കുന്നു.
Also Read: വിദ്യാ ബാലന്‍ എന്റെ സിനിമയില്‍ നിന്ന് പിന്മാറിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്: കമല്‍
പുരസ്കാരം നേടി മൈക്കി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി. ‘സെക്സ് വർക്കർ സമൂഹത്തെ ഞാൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവർ എന്റെ ബന്ധുക്കളാണ്. അവർക്കുള്ള എന്റെ പിന്തുണ തുടരും. അവിശ്വസനീയമായ ആ സ്ത്രീസമൂഹത്തെ കണ്ടുമുട്ടാനുള്ള എന്റെ ഭാഗ്യമായിരുന്നു ഈ സിനിമ’ മൈക്കി പറഞ്ഞു.
ഒരു റഷ്യൻ പ്രഭുവിന്റെ മകനായ വന്യ സഖറോവിനെ ഒരു ഡാന്‍സ് ബാറില്‍ വച്ച് കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം മാറി മറിയുന്നു. തുടർന്ന് അവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ വന്യയുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് അറിയുന്നതോടെയാണ് കഥ വികസിക്കുന്നത്.
വാൾഡ് ഡിസ്നി ആനിമേറ്റഡ് സിനിമയാക്കിയ, സിൻഡ്രല്ല എന്ന നാടോടി കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ് ഷോൺ അനോറ ഒരുക്കിയത്. 60 കോടി രൂപ മുതൽമുടക്കിലൊരുങ്ങിയ ചിത്രം ആറ് നോമിനേഷനുകളാണ് ഓ്സകാറിൽ നേടിയത്. അതിൽ അഞ്ചെണ്ണത്തിൽ വിജയിക്കുകയും ചെയ്തു. 13 നോമിനേഷനുകൾ ലഭിച്ച എമിലിയ പെരേസിന് രണ്ട് പുരസ്കാരങ്ങൾ മാത്രമേ നേടാനായുള്ളു.