അനിമൽ രണ്ടാംഭാഗം വരുന്നു; ആദ്യഭാഗത്തേക്കാൾ ഭീകരമാക്കാൻ സംവിധായകൻ
100 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്.
2023 ൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ. ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകൻ പറയുന്നു. അൽപ്പം കൂടി ഭീകരമായിരിക്കുമെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമർശിക്കപ്പെട്ട ചിത്രമായിരിക്കും അനിമൽ. പിതാവിനോട് അമിതമായ സ്നേഹവും വിധേയത്വവുമുള്ള ഒരു മകന്റെ കഥയാണ്.
കഥാപാത്രമായുള്ള പ്രകടനത്തിന്റെ പേരിൽ രൺബീർ പ്രശംസിക്കപ്പെട്ടപ്പോഴും ബോളിവുഡിലെ ഒട്ടനവധി സിനിമാപ്രവർത്തകർ സിനിമയെ കടന്നാക്രമിച്ചു. 100 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോൾ, അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുൻചിത്രങ്ങളായ അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്കെതിരെയും സമാനരീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിർകിരേ, ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട്, കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് എംപിയുമായ രൻജീത് രഞ്ജൻ തുടങ്ങിയവരാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. എന്നാൽ സംവിധായകൻ അനുരാഗ് കശ്യപ്, ഗായകൻ അദ്നൻ സമി തുടങ്ങിയവർ ചിത്രത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങളാണ് പങ്കുവച്ചത്. സിനിമയെ വിമർശിച്ചവർക്കെല്ലാം സന്ദീപ് റെഡ്ഡി മറുപടിയുമായി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ തന്റെ സിനിമയെ കടന്നാക്രമിക്കുന്നത് ഇരട്ടതാപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. പലരെയും കടന്നാക്രമിക്കുന്ന സമീപനമാണ് സന്ദീപ് റെഡ്ഡി സ്വീകരിച്ചത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.