Mohanlal: സർ എന്നോട് ദേഷ്യപ്പെടുകയാണ്, എൻ്റെ കണ്ണ് നിറഞ്ഞു; എനിക്ക് ഡോർ തുറക്കാൻ പറ്റിയില്ല…അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന
Aneesh Upasana shared his experience with Mohanlal: കണ്ണ് നിറഞ്ഞിട്ട് അന്ന് ഡോർ പോലും തുറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സാർ തന്നെ തുറന്നു തരികയും പിന്നീട് തിരികെ വിളിച്ച് ഷൂട്ടിങ്ങിന് ഫ്ളോർ നോക്കുന്നതിന് ആളെ കൂടെ അയക്കുകയും ചെയ്തെന്നും അനീഷ് പറഞ്ഞു.
കൊച്ചി: എല്ലാവരുടേയും പ്രിയ താരമാണ് മോഹൻലാൽ. പലരും മോഹൻലാലിനൊപ്പമുള്ള പല അനുഭവങ്ങളും പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോൾ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. താൻ ടെൻഷനിടിച്ച് കണ്ണു നിറഞ്ഞുപോയ അനുഭവമാണ് അനീഷ് പങ്കുവെച്ചിരിക്കുന്നത്.
മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അനീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. ഷൂട്ടുമായി ബന്ധപ്പെട്ട് മോഹൻലാലിനെ കാണുമ്പോൾ അദ്ദേഹത്തിന് ഷൂട്ടിങ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായതാണ് വിഷയം. അന്ന് തിരക്കുകൾ മാറ്റിവെച്ചാണ് മോഹൻലാൽ നിന്നിരുന്നത്. അന്ന് തന്നോട് ഷൂട്ടിങ്ങിനു സാധിക്കില്ലെന്നു പറഞ്ഞു മടക്കി അയച്ചു.
പക്ഷെ കണ്ണ് നിറഞ്ഞിട്ട് അന്ന് ഡോർ പോലും തുറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സാർ തന്നെ തുറന്നു തരികയും പിന്നീട് തിരികെ വിളിച്ച് ഷൂട്ടിങ്ങിന് ഫ്ളോർ നോക്കുന്നതിന് ആളെ കൂടെ അയക്കുകയും ചെയ്തെന്നും അനീഷ് പറഞ്ഞു. ഏറെ രസകരമായാണ് ഈ അനുഭവം അനീഷ് പങ്കു വെച്ചത്. നിങ്ങൾ ഒരു ഫോട്ടോ ഗ്രാഫർ അല്ലെ… നിങ്ങൾക്കൊരു െഎഡിയ വേണ്ടേ എന്നു വരെ അന്ന് ലാൽ സാർ ചോദിച്ചിരുന്നെന്നും അനീഷ് കൂട്ടിച്ചേർത്തു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. ആ ചിത്രത്തിൽ അദ്ദേഹത്തിന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അനീഷ് അഭിപ്രായപ്പെട്ടു. ഫിലിം മാഗസിനുകളുടെ ഫാഷൻ ഫോട്ടോഗ്രാഫറായാണ് അനീഷ് ഉപാസന കരിയർ ആരംഭിച്ചത്.
മായാമാധവം എന്ന വീഡിയോ ആൽബം സ്റ്റിൽ ഡിജിറ്റൽ ക്യാമറയിൽ പകർത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അദ്ദേഹം ഇടം നേടി. 2012 ൽ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായത്.