Ranjini Haridas: ‘പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ല’; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
Ranjini Haridas About Marriage: പണ്ട് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടിരുന്ന സമയത്ത് 1990-കളിൽ ഒക്കെ താൻ റൊമാന്റിക് ആയിരുന്നുവെങ്കിലും പിന്നീടത് മാറിയെന്ന് രഞ്ജിനി പറയുന്നു.
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി അവതാരികയായി കരിയർ ആരംഭിക്കുന്നത്. മലയാള ടെലിവിഷനിൽ അന്നേവരെ കണ്ടു പരിചിതമല്ലാത്ത രീതിയിൽ, ഇംഗ്ലീഷും മലയാളവും ഇടകലർത്തിയുള്ള ഒരു അവതരണ ശൈലി കൊണ്ടാണ് രഞ്ജിനി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്, മുൻനിര അവതരികമാരിൽ ഒരാളായി മാറി.
നാല്പത്തിയൊന്നാം വയസിലും രഞ്ജിനി വിവാഹം കഴിച്ചിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമാണ്. ഒടുവിലിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. ധന്യ വര്‍മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം രഞ്ജിനി വെളിപ്പെടുത്തിയത്.
എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന ചോദ്യത്തിന് പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ല എന്നാണ് രഞ്ജിനിയുടെ മറുപടി. പണ്ട് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടിരുന്ന സമയത്ത് 1990-കളിൽ ഒക്കെ താൻ റൊമാന്റിക് ആയിരുന്നുവെങ്കിലും പിന്നീടത് ഇല്ലാതായെന്നും അവർ പറഞ്ഞു. തനിക്കുണ്ടയിട്ടുള്ള പ്രണയ ബന്ധങ്ങളെ കുറിച്ചും രഞ്ജിനി അഭിമുഖത്തിൽ മനസുതുറന്നു.
“എനിക്ക് പെട്ടെന്ന് ബോറടിക്കും. അതുകൊണ്ട് തന്നെയാണ് ഞാൻ ഇതുവരെ വിവാഹം കഴിക്കാത്തത്. ഈ നാൽപ്പത്തി രണ്ടാം വയസിലും ഞാൻ കല്യാണം കഴിച്ചിട്ടില്ലെങ്കിൽ അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് എന്നെ അമ്മ ഒറ്റയ്ക്കാണ് വളർത്തിയത്. അതെല്ലാം കണ്ട് വളർന്നത് കൊണ്ടുതന്നെ കാശും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ല എന്ന് ഞാൻ മനസിലാക്കി. പിന്നെ ഇമോഷണൽ ഡിപ്പെൻഡൻസി, കംപാനിയൻഷിപ്പ് തുടങ്ങിയവയ്ക്കാണ് ഒരാൾ കൂടെ വേണ്ടതെന്ന് പറയുന്നു. എന്നാൽ അത് എന്തിനാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. സമയം ചെലവഴിക്കാനും, കാര്യങ്ങൾ പങ്കുവെക്കാനും സുഹൃത്തുക്കൾ ഉണ്ട്.
ഞാൻ ഒട്ടും റൊമാന്റിക് അല്ല. എനിക്ക് റൊമാൻസ് ഇല്ല. പണ്ട് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടിരുന്ന സമയത്ത് 1990-കളിൽ ഒക്കെ ഉണ്ടായിരുന്നു. പിന്നെ അതെല്ലാം കള്ളമാണെന്ന് മനസിലായി. അതോടെ റൊമാൻസ് എല്ലാം നഷ്ടപ്പെട്ടു. ഈ പൈങ്കിളി കാര്യങ്ങൾ ചെയ്യുന്നതിനോട് താല്പര്യമില്ല. അതിനു വേറൊരു കാരണം മുന്നിൽ സ്നേഹം പ്രകടിപ്പിച്ച് പുറകിൽ പോയി വേറെ പല കാര്യങ്ങളും ചെയ്യുന്ന ഒരുപാടു പേരെ എനിക്കറിയാം. റൊമാന്റിക് ആണോയെന്ന് ചോദിച്ചാൽ എന്റെ ഉള്ളിൽ അതുണ്ട്, പക്ഷെ പുറത്തെടുക്കാൻ കഴിയില്ല.
ശരത്തുമായുള്ള ബന്ധമായിരുന്നു എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന ഒരേയൊരു അടുപ്പം. ഒന്നര വർഷം ഉണ്ടായിരുന്നു. എന്റെ ഒരു റിലേഷൻഷിപ്പും ഒന്നര വർഷത്തിൽ കൂടുതൽ പോയിട്ടില്ല. ഞാൻ സ്നേഹിച്ചിട്ടുള്ള ഒന്നുരണ്ട് ആളുകളുണ്ട്. അവരെ ജീവിതകാലം മുഴുവൻ ഞാൻ ഓർക്കും ആരാധിക്കും. കാരണം അവർ അത്രയും നല്ല വ്യക്തിത്വത്തിന് ഉടമകളാണ്. അതൊരിക്കലും റൊമാൻസ് അല്ല മറിച്ച് സ്നേഹവും ബഹുമാനവുമാണ്. അവരുമായി സമയം ചെലവഴിക്കാൻ എനിക്ക് ഇഷ്ടമാണ്. ഒരുപക്ഷെ അതുകൊണ്ടാണ് പിരിഞ്ഞതിന് ശേഷവും ഞാൻ രണ്ടും മൂന്നും തവണ അവരുമായി തന്നെ വീണ്ടും റിലേഷൻഷിപ്പിലായത്.
ആദ്യം പക്വത കുറവ് കൊണ്ടാണ് പിരിഞ്ഞതെന്ന് വിചാരിച്ച് വീണ്ടും ആ ബന്ധം വർക്ഔട്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പിന്നീട് മനസിലാക്കി ആളുകൾ മാറില്ല. ഞാൻ മാറില്ല അവരും മാറില്ല. എനിക്ക് അവരെ മനസിലാക്കാൻ ശ്രമിക്കുന്നതിൽ ബുദ്ധിമുട്ടില്ല എന്നാൽ, വിട്ടുവീഴ്‍ച ചെയ്യാൻ കഴിയില്ല. പത്ത് വർഷം മുൻപുള്ള രഞ്ജിനിയല്ല ഇന്നുള്ളത്. സമയം പോകുംതോറും ആളുകൾ മാറും. എന്റെ 20-കളിലും, 30-കളിലും, 40-കളിലും ഞാൻ ഒരേ വ്യക്തിയെ തന്നെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ അത് വർക്കാവില്ലെന്ന് പൂർണ ബോധ്യമായി.” രഞ്ജിനി വ്യക്തമാക്കി