Anaswara Rajan: ദീപു കരുണാകരൻ ആത്മാർത്ഥതയെ ചോദ്യം ചെയ്തത് വേദനിപ്പിച്ചു; പ്രമോഷന് സഹകരിച്ചിട്ടുണ്ട്: അനശ്വര രാജൻ
Anaswara Rajan Responds Deepu Karunakaran: തനിക്കെതിരെ ദീപു കരുണാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അനശ്വര രാജൻ. സിനിമയുടെ പ്രമോഷനുമായി താൻ സഹകരിച്ചിട്ടുണ്ടെന്നും തൻ്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തത് വേദനിപ്പിച്ചു എന്നും അനശ്വര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനശ്വര രാജൻ, ദീപു കരുണാകരൻ
ദീപു കരുണാകരൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അനശ്വര രാജൻ. തൻ്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ എന്ന ചിത്രത്തിൻ്റെ പ്രമോഷന് അനശ്വര സഹകരിച്ചില്ലെന്ന ആരോപണങ്ങളോടാണ് താരം പ്രതികരിച്ചത്. ദീപു കരുണാകരൻ തൻ്റെ ആത്മാർത്ഥതയെ ചോദ്യം ചെതത് വേദനിപ്പിച്ചു എന്നും സിനിമയുടെ പ്രമോഷന് സഹകരിച്ചിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് അനശ്വരയുടെ പ്രതികരണം.
മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ എന്ന ചിത്രം 2024 ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സിനിമയാണെന്ന് അനശ്വര കുറിച്ചു. കൃത്യമായി കാശെണ്ണി വാങ്ങിയിട്ടാണ് താൻ പലപ്പോഴും ഷൂട്ടിംഗിന് വന്നതെന്ന ദീപു കരുണാകരൻ്റെ ആരോപണത്തിന് ആദ്യം മറുപടി പറയാം. സിനിമയുടെ ഷൂട്ടിങ് സമയത്ത് പേയ്മെൻ്റ് ഇഷ്യൂ വന്നപ്പോൾ നിർമ്മാതാവ് പണം അക്കൗണ്ടിലേക്കിടാതെ മുറിയിൽ നിന്ന് ഇറങ്ങേണ്ടെന്ന് ദീപു കരുണാകരൻ പറഞ്ഞപ്പോഴും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് ഇറങ്ങിയ തൻ്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യും വിധമുള്ള ദീപു കരുണാകരൻ്റെ പരാമർശം വൈകാരികമായി വേദനിപ്പിച്ചു എന്ന് അനശ്വര കുറിച്ചു.
ക്യാരക്ടർ പോസ്റ്ററും ട്രെയിലറുമൊക്കെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു. റിലീസ് തീയതിയ്ക്ക് തൊട്ടുമുൻപ് താൻ ഇൻ്റർവ്യൂ നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരേയൊരു ഓൺലൈൻ ഇൻ്റർവ്യൂ തൻ്റേത് മാത്രമാണ്. അതിന് ശേഷം ടീമിൻ്റെ ഭാഗത്തുനിന്ന് ഒരു അപ്ഡേറ്റും ഉണ്ടായില്ല. റിലീസിന് രണ്ട് ദിവസം മുൻപ് ബന്ധപ്പെട്ടപ്പോൾ റിലീസ് മാറ്റിവച്ചെന്നാണ് അറിയിച്ചത്. പിന്നീട് എപ്പോൾ പടം റിലീസാവുമെന്നതിനെപ്പറ്റി ടീം ഒന്നും പറഞ്ഞില്ല. എന്നാൽ പെട്ടെന്ന് ഒരു ദിവസം ദീപു കരുണാകരൻ തൻ്റെ അമ്മയെയും തന്നെയും മാനേജരെയുമൊക്കെ അധിക്ഷേപിക്കുകയാണ്. തൻ്റെ കരിയറിനെ മോശമായി ബാധിക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് സംവിധായകൻ ഇത്തരം പ്രസ്താവനകൾ നടത്തിയതെന്ന് താൻ വിശ്വസിക്കുന്നു. ദുരനുഭവങ്ങളുണ്ടായ മറ്റ് അഭിനേതാക്കളുണ്ടെന്ന് പറഞ്ഞിട്ടും അവരെപ്പറ്റി പറയാതെ തനിക്കെതിരെ മാത്രമാണ് ദീപു കരുണാകരൻ ഇത്തരം പ്രസ്താവനകൾ നടത്തിയത്. എങ്കിലും ഒരു സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ താത്പര്യപ്പെടുന്നില്ല. എന്നും അനശ്വര പറയുന്നു.
അനശ്വര രാജൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
അമ്മ അസോസിയേഷനിൽ ഇതുമായി ബന്ധപ്പെട്ട് താൻ പരാതിനൽകിയിട്ടുണ്ട്. ഇനിയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയാൽ നിയമനടപടി സ്വീകരിക്കും. സത്യാവസ്ഥ അറിയാതെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനലുകൾക്കും വ്ലോഗർമാർക്കുമെതിരെ നിയമപരമായി നീങ്ങുകയാണ്. അറിയിച്ചാൽ സിനിമയുടെ പ്രമോഷനെത്താൻ തയ്യാറാണ് എന്നും നീണ്ട കുറിപ്പിലൂടെ അനശ്വര അറിയിച്ചു.