Anaswara Rajan: ‘ഞാൻ കാലംതെറ്റി വന്നതാ! പഴയ കാലഘട്ടത്തെ കഥാപത്രങ്ങൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്’; അനശ്വര രാജൻ
Anaswara Rajan Opens Up About Her Interest for Vintage Roles: പഴയ കാലഘട്ടത്തെ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഇഷ്ടം പ്രകടിപ്പിച്ച അനശ്വര താൻ കാലം തെറ്റി വന്നയാളാണെന്ന് തമാശ രൂപേണ പറയുന്നുമുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവനടി ആണ് അനശ്വര രാജൻ. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. 2025ൽ പുറത്തിറങ്ങിയ രേഖാചിത്രം ആണ് അനശ്വരയുടെ പുതിയ വിശേഷം. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനശ്വര ഹാപ്പി ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴയ കാലഘട്ടത്തെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനുള്ള ഇഷ്ടമാണ് നടി അഭിമുഖത്തിൽ പങ്കുവെച്ചത്.
ഓസ്‍ലറിൽ പഴയകാലഘട്ടത്തെ കഥാപത്രത്തെ അവതരിപ്പിച്ച് പരിചയം ഉള്ളതിനാൽ, രേഖാചിത്രത്തിൽ അഭിനയിക്കാൻ അത് സഹായിച്ചിരുന്നോ എന്നതായിരുന്നു അനശ്വരയോടുള്ള അവതാരികയുടെ ചോദ്യം. ഇതിന് മറുപടിയായി പഴയ കാലഘട്ടത്തെ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഇഷ്ടം പ്രകടിപ്പിച്ച അനശ്വര താൻ കാലം തെറ്റി വന്നയാളാണെന്ന് തമാശ രൂപേണ പറയുന്നുമുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും, താൻ മുന്നേ ചെയ്ത കഥാപാത്രങ്ങളുടെ സ്വാധീനം ഒന്നും തന്നെ രേഖാചിത്രത്തിൽ കാണാൻ കഴിയില്ലെന്നും അനശ്വര പറഞ്ഞു.
“ഞാൻ കാലം തെറ്റി വന്നതാ. ആദ്യം പഴയ കാലഘട്ടത്തെ കഥാപാത്രം ചെയ്യുന്നത് പ്രണയ വിലാസം എന്ന സിനിമയിൽ ആണ്. അതിന് ശേഷമായിരുന്നു ഓസ്‌ലർ. എനിക്ക് വ്യക്തിപരമായി പഴയകാലഘട്ടം അവതരിപ്പിക്കാൻ വളരെ ഇഷ്ടമാണ്. നമ്മൾ ജനിച്ചിട്ട് പോലുമില്ലാതിരുന്ന ഒരു സമയത്ത് ജീവിക്കുക, അഭിനയിക്കുക എന്നതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. രേഖാചിത്രം എടുത്താലും എനിക്ക് അതിൽ ഒരു റിപ്പിറ്റേഷൻ അനുഭവപ്പെട്ടിട്ടില്ല. ഞാൻ ചെയ്ത മുൻ പഴയകാല കഥാപാത്രങ്ങൾ ഒരിക്കലും ഈ ചിത്രത്തിൽ ഫീൽ ചെയ്യില്ല. ഈ സിനിമ കാണുന്ന സമയത്ത് നമ്മൾ അത്രത്തോളം അതിൽ മുഴുകിയിരിക്കുന്നത് കൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാൻ നേരം കിട്ടില്ല” അനശ്വര രാജൻ പറഞ്ഞു.
2023ൽ സംവിധായകൻ നിഖിൽ മുരളി ഒരുക്കിയ ‘പ്രണയവിലാസം’ എന്ന ചിത്രത്തിലാണ് അനശ്വര ആദ്യമായി ഒരു വിന്റേജ് റോൾ അഥവാ പഴയ കാലഘട്ടത്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, മമത ബൈജു, ഹക്കിം ഷാ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പിന്നീട് 2024ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ക്രൈം ത്രില്ലർ ചിത്രമായ ‘ഓസ്‌ലറി’ൽ അനശ്വര വിന്റേജ് കഥാപാത്രത്തെ അവതരിപ്പിച്ചു. അനശ്വര അവതരിപ്പിച്ച സുജ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഇതിനു ശേഷമാണ് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രത്തിൽ’ അനശ്വര വീണ്ടും ഒരു വിന്റേജ് കഥാപാത്രം അവതരിപ്പിച്ചത്.