AMMA: അമ്മ പിളർന്നു? അംഗങ്ങൾ പുതിയ യൂണിയൻ ഉണ്ടാക്കും?
Amma Organization Split UP: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് പിന്നാലെ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് മീ ടൂ ആരോപണങ്ങൾ ഉന്നയിച്ചത്
കൊച്ചി: താര സംഘടന അമ്മ പിളർപ്പിലേക്ക്. സംഘടനയിലെ നിലവിലെ 20 അംഗങ്ങൾ പുതിയ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധായകൻ ബി ഉണ്ണികൃഷ്ണണൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് പിന്നാലെ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. പുതിയ കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു മാറ്റം. അതേസമയം സംഘടനയുടെ പേരടക്കം രൂപീകരിച്ച ശേഷം എത്തിയാൽ മാത്രമെ പരിഗണിക്കാൻ ആകു എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 3 സ്ത്രീകളും 17 പുരുഷൻമാരുമാണ് സമീപിച്ചവരിൽ ഉള്ളത്.
എന്തായാലും വലിയ കോളിളക്കത്തിനാണ് ബി ഉണ്ണികൃഷ്ണൻ്റെ വെളിപ്പെടുത്തൽ വഴിവെച്ചിരിക്കുന്നത്. ഇത്തരത്തിൽ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നാണ് വിഷയത്തിൽ നടനും അമ്മയുടെ അംഗവുമായ ജോയ് മാത്യു പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരെ അടക്കം പീഡന പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചു വിടുന്നതായി പ്രസിഡൻ്റ് മോഹൻലാൽ അറിയിച്ചിരുന്നു.
1994-ൽ സ്ഥാപിതമായ, ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയൻ്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മലയാള ചലച്ചിത്ര നടീ നടൻമാരുടെ സംഘടനയാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്). നിലവിൽ സംഘടനയിൽ 253 പുരുഷന്മാരും 245 സ്ത്രീകളും ഉൾപ്പെടെ 498 താരങ്ങളാണ് അംഗങ്ങളായുള്ളത്. ഇതിൽ 117 ഓണററി അംഗങ്ങളും 381 ലൈഫ് ടേം അംഗങ്ങളും ഉൾപ്പെടുന്നുണ്ട്.