AMMA: അമ്മയിൽ ഭിന്നത; ബാബു രാജിനെതിരേ ഒരു വിഭാഗം അംഗങ്ങൾ രംഗത്ത്
AMMA members demand removal of accused joint secretary: ഇന്ന് നടത്താനിരുന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി വിവരം പുറത്തു വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് നീട്ടിവച്ചത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ കൂടുതൽ സിനിമാ പ്രവർത്തകർ പരാതിയുമായി രംഗത്ത്. ഇതോടെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത ഉണ്ടെന്ന വിവരം പുറത്തു വരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടുതലും അമ്മയിലെ വനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് എന്നാണ് വിവരം.
അതേ സമയം അമ്മ എക്‌സക്യൂട്ടിവ് ചേരുന്നത് സംബന്ധിച്ച വിഷയത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി വിവരം പുറത്തു വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് നീട്ടിവച്ചത് എന്നാണ് വിവരം.
ALSO READ – മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി; പരാതി നൽകുക ഇ-മെയിൽ മുഖേന
മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു.
ആരോപണം വന്നാൽ നേതൃസ്ഥാനത്തുനിന്ന് രാജി വയ്ക്കണം – ശ്വേതാ മേനോൻ
സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാൽ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഇതിനിടെ ശ്വേതാ മേനോൻ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം രാജിവച്ചെന്നും ബാബുരാജ് മാറി നിൽക്കുന്നതാണ് ഉചിതമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. ആരായാലും ആരോപണം ഉയർന്നാൽ മാറി നിൽക്കണം എന്നും അവർ കൂട്ടിച്ചേർത്തു.
‘അമ്മ’ഇന്റേണൽ കമ്മിറ്റിയുണ്ടാക്കിയപ്പോൾ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോൻ ആണ് ഉണ്ടായിരുന്നത്. നേരത്തെ ഒരു നടനെതിരേ ലൈംഗിക ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തിനെ മാറ്റിനിർത്തണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ നേതൃത്വം അത് അംഗീകരിക്കാതെ വന്നതോടെ ശ്വേത ആ സ്ഥാനം രാജിവച്ചു.