Maroon 5 Concert: ആരാധകരെ ആവേശത്തിലാക്കാൻ അമേരിക്കൻ പോപ്പ് ബാൻഡ് ‘മറൂൺ 5’ ഇന്ത്യയിലേക്ക്; ടിക്കറ്റ് ബുക്കിംഗ് എങ്ങനെ, എപ്പോൾ?
Maroon 5 Concert in India: ബുക്ക് മൈ ഷോയിലൂടെ ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. മറൂൺ 5-യുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായ 'ദിസ് ലവ്', 'വില്‍ ബി ലവ്ഡ്', 'ഷുഗര്‍', 'ഗേള്‍സ് ലൈക്ക് യു' എന്നീ ഗാനങ്ങളുടെ ലൈവ് പെർഫോമൻസ് പരിപാടിയിൽ പ്രതീക്ഷിക്കാം.
ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡായ ‘കോൾഡ് പ്ലേ’ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചതിന് പിന്നാലെ, ഇപ്പോഴിതാ ‘മറൂൺ 5’ എന്ന അമേരിക്കൻ പോപ്പ് ബാൻഡും കോൺസർട്ട് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യമായാണ് മെറൂൺ 5 ഇന്ത്യയിലേക്ക് വരുന്നത്. ഈ വർഷം അവസാനത്തോടെയാണ് കോൺസർട്ട് ഉണ്ടാവുക. കോൾഡ് പ്ലേയുടെ കോൺസർട്ടിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച്, ചുരുങ്ങിയ സമയം കൊണ്ടുതന്നെ ടിക്കറ്റുകൾ എല്ലാം വിറ്റു പോയിരുന്നു. അന്ന് ടിക്കറ്റ് കിട്ടാതെ നിരാശപ്പെട്ടവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
മറൂൺ 5
2002-ലാണ് മറൂൺ 5 രൂപീകൃതമായത്. പ്രധാന ഗായകനും ഗിറ്റാറിസ്റ്റുമായ ആദം ലെവിൻ , റിഥം ഗിറ്റാറിസ്റ്റും കീബോർഡിസ്റ്റുമായ ജെസ്സി കാർമൈക്കൽ , ലീഡ് ഗിറ്റാറിസ്റ്റായ ജെയിംസ് വാലൻ്റൈൻ , ഡ്രമ്മർ മാറ്റ് ഫ്‌ലിൻ , കീബോർഡിസ്റ്റ് പിജെ മോർട്ടൺ , ബാസിസ്റ്റ് സാം ഫരാർ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ഇവർ ഹൈസ്കൂൾ പഠന കാലം മുതൽ സുഹൃത്താക്കളാണ്. അന്ന് ‘കാരാസ് ഫ്‌ളവേഴ്‌സ്’ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.
ആദ്യ കാലങ്ങളിൽ പോപ്പ്, റോക്ക്, ഫെങ്ക് എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള ഗാനങ്ങളാണ് ഇവർ പുറത്തിറക്കിയിരുന്നത്. പിന്നീട്, ഏതൊരു ആരാധകനും തൽക്ഷണം തിരിച്ചറിയാൻ കഴിയും വിധം തനതായ ശൈലിയിലുള്ള ഗാനങ്ങളിലേക്ക് ഇവർ എത്തിച്ചേർന്നു. 2002-ൽ പുറത്തിറങ്ങിയ ‘സോങ്‌സ് എബൌട്ട് ജെയ്ൻ’ എന്ന ആൽബത്തിലൂടെയാണ് ഇവർ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ആൽബത്തിലെ, ‘ഹാർഡർ ടു ബ്രീത്ത്’, ‘ദിസ് ലവ്’, ‘ഷീ വിൽ ബി ലവ്ഡ്’, എന്നീ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. ഇവരുടെ ‘ഗേൾസ് ലൈക് യു’ എന്ന ഗാനവും ആഗോളതലത്തിൽ ശ്രദ്ധ നേടി.
വൈകാതെ തന്നെ 21-ാം നൂറ്റാണ്ടിലെ മുൻനിര പോപ്പ്-റോക്ക് ബാൻഡുകളിൽ ഒന്നായി ‘മറൂൺ 5’ മാറി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് അവാർഡായ ഗ്രാമി പുരസ്‌കാരം ഇവർ മൂന്ന് തവണ സ്വന്തമാക്കി. ഇവരുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായ ‘ദിസ് ലവ്’, ‘വില്‍ ബി ലവ്ഡ്’, ‘ഷുഗര്‍’, ‘ഗേള്‍സ് ലൈക്ക് യു’ എന്നിവ പരിപാടിയിൽ പ്രതീക്ഷിക്കാം.
ALSO READ: പരിപാടിക്ക് കോടികൾ, ബുക്ക് മൈ ഷോ വരെ നിശ്ചലമാക്കിയ കോൾഡ് പ്ലേ ബാൻഡ്
കോൺസർട്ട് എപ്പോൾ, എവിടെ?
ഡിസംബര്‍ 3 നാണ് മറൂണ്‍ 5 ഇന്ത്യയിലെത്തുന്നത്. ആദം ലെവിന്‍ നയിക്കുന്ന ബാന്‍ഡ് മുംബൈയിലെ മഹാലക്ഷ്മി റോസ്‌കോഴ്‌സിലെ വേദിയിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ഡിസംബര്‍ 3-ന് വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സംഗീത പരിപാടിക്ക് രണ്ട് മണിക്കൂർ ദൈർഖ്യമുണ്ടാകും. ബുക്ക് മൈ ഷോ ആണ് ഈ വിവരം ഔദ്യോഗിക സമൂഹമാധ്യമ അകൗണ്ടിലൂടെ അറിയിച്ചത്. ബുക്ക് മൈ ഷോയിലൂടെ തന്നെയാണ് ആരാധകർക്ക് ടിക്കറ്റ് വാങ്ങാൻ കഴിയുക. 4,999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന സീറ്റുകൾക്ക് അനുസരിച്ച് വിലയിൽ മാറ്റം വരാം.
ടിക്കറ്റ് ബുക്കിങ് വിവരങ്ങൾ
എക്സ്ക്ലൂസിവ് പ്രീ-സെയിൽ: കൊട്ടക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നവംബർ 6 (ഉച്ചയ്ക്ക് 12 മണി) മുതൽ നവംബർ 8 (ഉച്ചയ്ക്ക് 12 മണി) വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഇവന്റിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ആദ്യ അവസരം ഇവർക്ക് ലഭിക്കുന്നു.
ജനറൽ സെയിൽ: ടിക്കറ്റിന്റെ പൊതുവായ വിൽപ്പന നവംബർ 8-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. ടിക്കറ്റ് വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുള്ളതിനാൽ, പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം.
എങ്ങനെ ബുക്ക് ചെയ്യാം?
- ബുക്ക് മൈ ഷോ ആപ്പ് ഇൻസ്റ്റോൾ ചെയ്യുക, അല്ലെങ്കിൽ വെബ്‍സൈറ്റ് സന്ദർശിക്കുക.
- ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ഉപയോക്താക്കൾ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കണം.
- ശേഷം, മറൂൺ 5 ഇന്ത്യ 2024 എന്ന ഇവന്റ് തിരഞ്ഞെടുക്കുക.
- ടിക്കറ്റുകളുടെ വിൽപ്പന ആരംഭിക്കുമ്പോൾ ‘കമിംഗ് സൂൺ’ എന്ന് തെളിഞ്ഞിരുന്നു ബട്ടൺ ‘ബുക്ക്’ എന്നായി മാറും.
- ഒരുപാട് പേർ ഒരേ സമയം ബുക്ക് ചെയ്യുമെന്നതിനാൽ, ‘ബുക്ക്’ എന്നതിൽ ക്ലിക്ക് ചെയ്തതിന് ശേഷം വിർച്വൽ ക്യൂവിൽ കാത്തിരിക്കേണ്ടി വരും.
- തുടർന്ന്, നിങ്ങളുടെ ഊഴമെത്തുമ്പോൾ, ടിക്കറ്റ് വിഭാഗം തിരഞ്ഞെടുത്ത ശേഷം, പേയ്മെന്റ് ചെയ്ത് ബുക്കിംഗ് സ്ഥിരീകരിക്കാം.
പ്രധാനപ്പെട്ട വിവരങ്ങൾ
ടിക്കറ്റ് പരിധി: ഓരോ ഇടപാടിലും ഒരാൾക്ക് പത്ത് ടിക്കറ്റുകൾ വരെ വാങ്ങാം.
പ്രായപരിധി: ഇവന്റിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 5 വയസാണ്. എന്നാൽ, പ്രയാർപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം മുതിർന്ന ഒരാൾ ഉണ്ടായിരിക്കണം.
ഭക്ഷണം: അവിടെ നിന്നും ഭക്ഷണപാനീയങ്ങൾ വാങ്ങാവുന്നതാണ്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുന്നതല്ല.
വേദി: എയർകണ്ടീഷൻ ചെയ്ത വേദിയല്ല. കൂടാതെ, ഇതൊരു സ്റ്റാന്റിംഗ് ഇവന്റ് ആണ്. അതായത് സീറ്റുകൾ ഉണ്ടാകില്ല.