Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Amaran OTT Release: പ്രേക്ഷക പ്രീതിയും, നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ഒടുവിൽ നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അമരൻ’. ഒക്ടോബർ 31-ന് ദീപാവലി റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. തുടക്കത്തിൽ 28 ദിവസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, അപ്രതീക്ഷിത വിജയത്തെ തുടർന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. പ്രേക്ഷക പ്രീതിയും, നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ഒടുവിൽ നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
‘അമരൻ’ഒടിടി
ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്ഫ്ലിക്സ് ആണ്. ഡിസംബർ അഞ്ച് മുതൽ ചിത്രം നെറ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.
‘അമരൻ’ ബോക്സ്ഓഫീസ്
‘അമരൻ’ ഇതിനോടകം 300 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം ഇതുവരെ നേടിയത് 136.75 കോടിയാണ്.
‘അമരൻ’ സിനിമയുടെ അണിയറപ്രവർത്തകർ
ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ് വരദരാജൻ്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ‘അമരൻ’. വരദരാജനായി ശിവകാർത്തികേയൻ വേഷമിട്ടപ്പോൾ ഭാര്യ ഇന്ദു റെബേക്ക വര്ഗീസായി എത്തിയത് നടി സായ് പല്ലവിയാണ്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘അമരൻ’. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, ഉമൈർ ലതീഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാർ ആണ്. സിനിമ പോലെ തന്നെ ഇതിലെ ഓരോ പാട്ടുകളും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സി എച്ച് സായി ആണ്. ആർ കലൈവാനൻ എഡിറ്റിംഗ് കൈകാര്യം ചെയ്തു. ചിത്രത്തിന്റെ വിതരണം നിർവഹിച്ചത് റെഡ് ജയ്ൻറ്റ് മൂവീസ് ആണ്.