Actor Umair Ibn Lateef: ‘ചിത്രത്തിൽ കശ്മീരിനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുമോ എന്ന്‌ ആശങ്ക ഉണ്ടായിരുന്നു ’; ഉമൈർ ലതീഫ്

Amaran Actor Umair Ibn Lateef: അമരന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്റെ ചില ഫോട്ടോസ് കാണാൻ ഇടവന്നു. തുടർന്ന്, അവർ എന്നെ കോൺടാക്ട് ചെയ്തു. ഓഡിഷനും ലുക്ക് ടെസ്റ്റും ഉണ്ടായിരുന്നു. അങ്ങനെയാണ് 'വഹീദ്' (അമരനിലെ കഥാപാത്രം) എനിക്ക് കിട്ടുന്നത്.

Actor Umair Ibn Lateef: ‘ചിത്രത്തിൽ കശ്മീരിനെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുമോ എന്ന്‌ ആശങ്ക ഉണ്ടായിരുന്നു ’; ഉമൈർ ലതീഫ്
Updated On: 

12 Nov 2024 15:31 PM

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് ‘അമരൻ’. മുകുന്ദ് വരദരാജനായി ശിവ കാർത്തികേയനും, ഭാര്യ ഇന്ദു റബേക്ക വർഗീസായി സായ് പല്ലവിയും അഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൽ ശിവകർത്തികേയനും സായ് പല്ലവിക്കും പുറമെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ഉമൈർ ലതീഫ് അവതരിപ്പിച്ച ‘വഹീദ്’. തമിഴ് സംസാരിക്കുന്ന ആ കശ്മീരി പയ്യൻ ഇതോടകം വൈറൽ ആയി കഴിഞ്ഞു. തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഉമൈർ ലതീഫ് ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

ആദ്യ ചിത്രം അമരൻ

അമരൻ‘ എന്റെ ആദ്യത്തെ സിനിമയാണ്. ആദ്യ സിനിമയിൽ തന്നെ ഇത്ര നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. സിനിമ കണ്ട് ഒരുപാട് പേർ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെങ്കിലും, അധികമാവാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാരണം, ഇനിയും ഒരുപാട് നല്ല റോളുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അമരൻ കണ്ട പലരും എന്നോട് പറഞ്ഞിരുന്നു ആ കഥാപാത്രത്തോട് ഞാൻ നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന്. പ്രേക്ഷകർ എനിക്ക് നൽകുന്ന സ്നേഹം ഞാനൊരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇനി വരാനിരിക്കുന്ന സിനിമകളിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും.

അമരനിലെ ക്യാറ്റ് ടീം (Image Credits: Instagram)

 

കശ്മീരിൽ നിന്നും ചെന്നൈയിലേക്ക്

ഞാൻ ജനിച്ചതും വളർന്നതും കശ്മീരിലാണ്. പിന്നീട് വീട്ടിലെ ചില സാഹചര്യങ്ങൾ കാരണം 2019-ലാണ് ചെന്നൈയിലേക്ക് വരുന്നത്. അങ്ങനെ അവിടെ തന്നെ ഡിഗ്രിക്ക് കോളേജിൽ ചേർന്നു. ആദ്യത്തെ ആറ്‌ മാസം എല്ലാം കൊണ്ടും പൊരുത്തപ്പെട്ടുപോവാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഭാഷയായിരുന്നു ഏറ്റവും വലിയ പ്രശ്നം. കശ്മീരി അല്ലെങ്കിൽ ഹിന്ദി അറിയാവുന്ന ആളുകൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വന്നത്. പക്ഷെ ചുരുക്കം ചിലർക്ക് മാത്രമേ ഹിന്ദി സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുപാട് പേർ ഉണ്ടായിരുന്നെങ്കിലും എല്ലാവരുമായും ഇടപഴകാൻ തമിഴ് പഠിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി. അങ്ങനെയാണ് ഞാൻ തമിഴ് പഠിച്ചത്.

ചെന്നൈയിലെ ജീവിതം

ഭാഷയ്ക്ക് പുറമെ കാലാവസ്ഥ, ഭക്ഷണം തുടങ്ങിയവയും വലിയൊരു ആശങ്കയായിരുന്നു. ചെന്നൈയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സ്ഥലമാണ് കശ്മീർ. അങ്ങനെ ഒരു സ്ഥലത്ത് നിന്നും വരുന്ന ഒരാൾക്ക് സ്വാഭാവികമായും ഇവിടവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും. കശ്മീരിൽ ആയിരുന്ന സമയത്ത് നമ്മളെ സഹായിക്കാൻ ഒരുപാട് പേരുണ്ട്, അറിയാവുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ, ഇവിടെ വന്നപ്പോൾ ആരെയും അറിയില്ല, ഒന്നും മനസിലാവാത്ത ഒരു അവസ്ഥയായിരുന്നു. പിന്നെ പതിയെ പതിയെ ഇവിടെ ഇഷ്ടപ്പെടാൻ തുടങ്ങി. ഇപ്പോൾ എനിക്കെന്റെ രണ്ടാമത്തെ വീട് പോലെയാണ് ചെന്നൈ.

ALSO READ: അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം

അമരൻ തേടി വന്ന വഴി

കൊറോണ വന്നതോട് കൂടി ചെന്നൈയിൽ നിന്നും കശ്മീരിലേക്ക് മടങ്ങേണ്ടി വന്നു. അവിടെ കുറച്ച് കാലം നിന്ന ശേഷം, ചില ആവശ്യങ്ങൾക്കായി ചെന്നൈയിലേക്ക് തന്നെ തിരിച്ചു വന്നു. അപ്പോഴാണ് ‘അമരൻ’ എന്നെ തേടി വരുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്റെ ചില ഫോട്ടോസ് കാണാൻ ഇടവന്നു. തുടർന്ന്, അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന് ചോദിച്ച് അവർ എന്നെ കോൺടാക്ട് ചെയ്തു. താത്പര്യമറിയിച്ചപ്പോൾ ഓഡിഷൻ നടത്തി, ലുക്ക് ടെസ്റ്റും ഉണ്ടായിരുന്നു. അങ്ങനെയാണ് ‘വഹീദ്’ (അമരനിലെ കഥാപാത്രം) എനിക്ക് കിട്ടുന്നത്.

ഉമൈർ ലതീഫ് (Image Credits: Umair Lateef Instagram)

കശ്മീരിനെ കുറിച്ചുള്ള മുൻധാരണ

കശ്മീരിനെ കുറിച്ച് ജനങ്ങൾക്ക് പൊതുവെ ചില മുൻധാരണകൾ ഉണ്ട്. കശ്മീർ എന്ന് കേൾക്കുമ്പോൾ തന്നെ പലരും അത് തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നു. ‘അമരൻ’ തേടിയെത്തിയപ്പോഴും ഞാൻ അതിൽ നിന്നും ലഭിക്കുന്ന പണമോ പ്രശസ്തിയെയോ കുറിച്ചല്ല ആദ്യം ചിന്തിച്ചത്. കശ്മീരിലെ ജനതയെ താഴ്ത്തികെട്ടുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനാൽ, ആദ്യം തന്നെ ഞാൻ ഡയറക്ടറുമായ സംസാരിച്ചു. എന്റെ റോൾ എത്ര ചെറുതാണെങ്കിലും അതൊരു വിഷയമല്ല, മുഴുവൻ കഥയും അറിയണമെന്നുമില്ല. പക്ഷെ എന്റെ കഥാപാത്രത്തെ കുറിച്ച് അറിയണമെന്ന് ഞാൻ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്. അതുകൊണ്ട് തന്നെ, എന്റെ റോളിനെ കുറിച്ച് എനിക്ക് വിശദമായി തന്നെ പറഞ്ഞു തന്നു. അതുകേട്ടപ്പോൾ, ചിത്രത്തിൽ എന്റേത് പോസിറ്റീവ് റോളാണെന്ന് മനസിലായി. അങ്ങനെയാണ് ഈ സിനിമ ചെയ്യാമെന്ന് ഉറപ്പിക്കുന്നത്. ഒരു നെഗറ്റീവ് റോൾ ആയിരുന്നെങ്കിൽ ഒരിക്കലും ഈ സിനിമ ചെയ്യാൻ തയ്യാറാവില്ലായിരുന്നു.

2011-2016ലെ കശ്മീർ

കശ്മീരിലെ ജനങ്ങളെ സംബന്ധിച്ചടുത്തോളം 2011-2016 കാലഘട്ടം ദുരിതം നിറഞ്ഞതായിരുന്നു. അന്ന് എനിക്കും അത്ര പ്രായമേ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് എന്റെ അനിയത്തി അച്ഛനും അമ്മയോടുമൊപ്പം ചെന്നൈയിലായിരുന്നു. അവൾക്ക് ദിവസവും സ്കൂളിൽ പോവാം. എല്ലാം നോർമൽ ആയിരുന്നു. പക്ഷെ, അതിന് നേരെ വിപരീതമായിരുന്നു കശ്മീരിലെ എന്റെ അവസ്ഥ. സ്കൂളുകൾ മിക്കവാറും അടച്ചിടും, കർഫ്യൂ ഉണ്ടായിരുന്നു, ഇന്റർനെറ്റ് ഉണ്ടാകില്ല. മാസങ്ങളോളം ഇത് തന്നെയാണ് അവസ്ഥ. വളരെ കഷ്ടപ്പെട്ടു, ഒരുപാട് അനുഭവിച്ചു. ആ കാലഘട്ടത്ത് കശ്മീരിൽ ഉണ്ടായ സംഭവവികാസങ്ങൾ അവിടുത്തെ സാധാരണ ഞങ്ങളുടെ ദൈനംദിന ജീവിത ബാധിച്ചു. പുറത്തുള്ള ആളുകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലായിരുന്നു എന്റെ കുടുംബവുമായി ഞാൻ വീഡിയോ കോളിലൂടെയായിരുന്നു സംസാരിച്ചിരുന്നത്. പക്ഷെ ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോടെ അതും നടക്കാതെ വരും. എന്നാൽ, ഇപ്പോൾ അതിൽ നിന്നുമെല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്.

യഥാർത്ഥ കശ്മീർ

കശ്മീർ വളരെ സുന്ദരമായ സ്ഥലമാണ്. അവിടുത്തെ ജനങ്ങളും ഒരുപാട് സ്നേഹമുള്ളവരാണ്. അമരന്റെ ചിത്രീകരണത്തിനായി 300-ഓളം പേർ 30 ദിവസം കശ്മീരിൽ ഉണ്ടായിരുന്നു. അവർക്ക് ഒരു പോറൽ പോലും ഏറ്റില്ലലോ. കശ്മീർ ഒരു പ്രശ്നം നിറഞ്ഞ സ്ഥലമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളും മറ്റും ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ശ്രമിക്കുകയാണ്. സിനിമകളിലും മറ്റും കശ്മീരിനെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ് കശ്മീർ. ഇവിടുത്തെ ജനങ്ങൾ സഹായമനസ്കതയുള്ള നല്ല മനസിന് ഉടമകളാണ്. മുമ്പ്, കശ്മീരിനെ കുറിച്ച് ആളുകൾക്ക് ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്.

ALSO READ: ‘സാരിയുടുത്താൽ പ്രായം തോന്നുമെന്ന് അങ്ങോട്ട് പറഞ്ഞ് വാങ്ങിയെടുത്ത റോളാണ്; നാടകം കരിയറിൽ സഹായിച്ചു’; നവീന വിഎം സംസാരിക്കുന്നു

വഹീദിന് ലഭിച്ച സ്വീകാര്യത

നേരത്തെ പറഞ്ഞത് പോലെ, അഭിനേതാവാകുന്നതിന് മുമ്പ് ഞാൻ വ്ലോഗരായിരുന്നു. 28നും 30നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും എന്റെ വീഡിയോസ് കണ്ടിരുന്നത്. അവർക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് ഞാൻ ചെയ്തിരുന്നതും. എന്നാൽ, ‘അമരൻ’ റിലീസായതോട് കൂടി വ്യത്യസ്ത പ്രായക്കാർ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സിനിമ കണ്ട് നിരവധി പേർ എനിക്ക് മെസേജുകൾ അയക്കുന്നുണ്ട്. ഒരുപാട് ഫാൻ പേജുകൾ കണ്ടു. ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ മില്യൺ വ്യൂസ് ലഭിക്കുന്നു. ‘വഹീദ്’ എന്ന കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

ഉമൈർ ലതീഫ് നടൻ ശിവകർത്തികേയനോടൊപ്പം (Image Credits: Umair Lateef Instagram)

ആരാധകരുടെ ആഗ്രഹം

ഒരു റൊമാന്റിക് ചിത്രത്തിൽ എന്നെ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാനും തയ്യാറാണ്. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ ഉറപ്പായും ചെയ്യും. നമ്മൾ സിനിമ ചെയ്യുന്നത് പ്രേക്ഷർക്ക് വേണ്ടിയാണ്. അതിനാൽ, പ്രേക്ഷർ എത്തരത്തിലുള്ള റോളുകളിലാണോ നമ്മളെ കാണാൻ ആഗ്രഹിക്കുന്നത്, അതാണല്ലോ നമ്മൾ ചെയ്യേണ്ടത്. ഒരവസരം ലഭിച്ചാൽ ഉറപ്പായും അഭിനയിക്കും.

മലയാളം സിനിമകൾ

നിരവധി മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലാണ് ഏറ്റവും ഇഷ്ട നായകൻ. അദ്ദേഹം ഒരു മികച്ച അഭിനേതാവാണ്. മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയ ചിത്രങ്ങളാണ് അവസാനമായി കണ്ടത്. മലയാളത്തിൽ ഇറങ്ങുന്ന സിനിമകളുടെ കഥയായാലും, സംക്ഷിപ്തമായി അവതരിക്കുന്ന രീതിയായാലും എല്ലാം വളരെ നല്ലതാണ്. ഒരവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും മലയാളം സിനിമയിൽ അഭിനയിക്കും.

ഭാവി പരിപാടികൾ

അഭിനയം തന്നെ തുടരാനാണ് ആഗ്രഹം. അതിനായി നിരവധി സംവിധായകരെ കണ്ട് സംസാരിക്കുന്നുണ്ട്. പുതിയ അവസരങ്ങൾക്കായി നന്നായി തന്നെ ശ്രമിക്കുന്നുണ്ട്. നിലവിൽ പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ